രോഗമില്ലാത്ത അഞ്ചു വയസുകാരനെ സ്വകാര്യലാബ് 'എച്ച്.ഐ.വി ബാധിതനാക്കി'
ചാവക്കാട് (തൃശൂര്‍): തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ പേരില്‍ കോട്ടയത്ത് വീട്ടമ്മയായ യുവതിക്ക് കിമോ തെറാപ്പി നടത്തിയതിന് പിന്നാലെ ഇതാ മറ്റൊരു സംഭവം കൂടി. ത്വക്ക് രോഗ ചികിത്സക്ക് രക്ത പരിശോധന നടത്തിയ അഞ്ച് വയസുകാരന് എച്ച്.ഐ.വിയെന്നാണ് ചാവക്കാട്ടെ സ്വകാര്യ ലാബ് റിപ്പോര്‍ട്ട് നല്‍കിയത്. എച്ച്.ഐ.വിയില്ലെന്ന് സര്‍ക്കാര്‍ ആശുപത്രിയിലുള്‍പ്പെടെ മൂന്നിടത്ത് നടത്തിയ രക്ത പരിശോധനയില്‍ വെളിവായതോടെ ലാബിനെതിരേ സംസ്ഥാന ആരോഗ്യ മന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി അയച്ചിരിക്കുന്നത് കുട്ടിയുടെ രക്ഷിതാക്കള്‍.
കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി തെരുവില്‍ സലീം കഴിഞ്ഞ തിങ്കളാഴ്ചയാണ് ത്വക്ക് രോഗത്തെത്തുടര്‍ന്ന് മകനുമായി ചാവക്കാട് കോഴിക്കുളങ്ങരയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ ക്ലിനിക്കിന് സമീപത്തെ മഹാലക്ഷ്മി ക്ലിനിക്കല്‍ ലാബിലെത്തി. കുട്ടിയുടെ ആര്‍.ബി.എസ്, എച്ച്.ഐ.വി. എന്നിവയുടെ പരിശോധനക്ക് രക്തമെടുത്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ലാബ് റിപ്പോര്‍ട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി.
തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തിയപ്പോള്‍ രണ്ടിടത്തും എച്ച്.ഐ.വി. നെഗറ്റീവായിരുന്നു ഫലം. ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ കോഴിക്കുളങ്ങരയിലെ ലാബിലെത്തി ലാബ് ഉടമയോടു മറ്റ് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയെക്കുറിച്ചും റിപ്പോര്‍ട്ടിനെക്കുറിച്ചും പറഞ്ഞു. എന്നാല്‍ കുട്ടിക്ക് എച്ച്.ഐ.വി. പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബില്‍ നടത്തിയ പരിശോധനാ ഫലത്തില്‍ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് ലാബ് ഉടമ സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. മാത്രമല്ല കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും മോശമായാണ് ഇയാള്‍ സംസാരിച്ചെന്നും പരാതിയുണ്ട്.
കുടുംബത്തെ കടുത്ത മനോവിഷമത്തിലാക്കി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി , ആരോഗ്യ മന്ത്രി, ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, തുടങ്ങിയവര്‍ക്കാണ് ബന്ധുകള്‍ പരാതി നല്‍കിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."