ബംഗ്ലാദേശില്‍ നരബലിയാരോപിച്ച് എട്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു
ധാക്ക: പാലം പണിക്ക് വേണ്ടി കുട്ടികളെ നരബലി നല്‍കിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ജനക്കൂട്ടം എട്ടുപേരെ തല്ലിക്കൊന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. തലസ്ഥാനമായ ധാക്കയുടെ തെക്ക് ഭാഗത്തുള്ള പദ്മ നദിക്കു കുറുകെ 300 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മിക്കുന്ന പാലം പണിയാന്‍ മനുഷ്യരുടെ തലകള്‍ വേണമായിരുന്നുവെന്നും അതിനായി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ബലി കൊടുത്തുവെന്നുമായിരുന്നു പ്രചാരണം.
എന്നാല്‍ കൊല്ലപ്പെട്ട ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോയകേസുകളില്‍ പങ്കില്ലായിരുന്നെന്ന് പൊലിസ് മേധാവി ജാവേദ് പട്വാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട എട്ട് പേരില്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ തസ്‌ലീമ ബീഗവും ഉള്‍പ്പെടുന്നു. അഭ്യൂഹങ്ങളെ തുടര്‍ന്ന് മുപ്പതോളം പേരാണ് ആക്രമിക്കപ്പെട്ടത്.
അവസാനത്തെ മൂന്ന് കൊലപാതകങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് നടന്നതെന്ന് പൊലിസ് പറയുന്നു. ശനിയാഴ്ച, ധാക്കയിലെ ഒരു സ്‌കൂളിന് പുറത്ത് നില്‍ക്കുകയായിരുന്ന തസ്‌ലീമ ബീഗത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവളാണെന്ന് സംശയിച്ച ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
എന്നാല്‍ ധാക്കയിലെ സ്‌കൂളില്‍ തന്റെ കുട്ടിയുടെ അഡ്മിഷന്‍ ആവശ്യത്തിനാണ് ബീഗം ചെന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകളെ കാണാനെത്തിയ ബധിരനായ യുവാവും മര്‍ദനമേറ്റു കൊല്ലപ്പെട്ടു.
രണ്ടാഴ്ച മുന്‍പാണ് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനായി കൂടുതലും ഫേസ്ബുക്ക് പോസ്റ്റുകളും യൂട്യൂബ് വിഡിയോകളുമാണ് ഉപയോഗിച്ചിരുന്നത്. നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതാണ് പെട്ടെന്ന് ജനക്കൂട്ടം സംഘടിക്കാന്‍ കാരണം.
വാട്ട്‌സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍ വഴി അഭ്യൂഹം വ്യാപകമായി പ്രചരിക്കപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 60ഓളം ഫേസ്ബുക്ക് പേജുകളും 25 യൂട്യൂബ് ചാനലുകളും 10 വെബ്‌സൈറ്റുകളും സര്‍ക്കാര്‍ പൂട്ടിച്ചു.
സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പൊലിസ് ലൗഡ് സ്പീക്കറുപയോഗിച്ച് നരബലി പ്രചാരണം സത്യമല്ലെന്ന് വിളിച്ചുപറയുന്നുണ്ട്. തസ്‌ലീമ ബീഗത്തെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആള്‍ക്കൂട്ടക്കൊലകള്‍ കൂടിയതോടെ ഭയപ്പാടിലായ ജനം അപരിചിതരല്ലെന്ന് കാണിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുമണിഞ്ഞ് നടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."