അറഫ ഒരുങ്ങുന്നു, താല്‍കാലിക ടെന്റുകള്‍ പൊളിച്ചുനീക്കി, മശാഇര്‍ ട്രെയിന്‍ പരീക്ഷണയോട്ടം തുടങ്ങി
മക്ക: വിശുദ്ധ ഹജ്ജിന്റെ ഒരുക്കങ്ങളുടെ ഭാഗമായി അറഫയില്‍ സ്ഥാപിച്ച അനധികൃത തമ്പുകള്‍ നഗരസഭ പൊളിച്ചുനീക്കി. ഇവിടെ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹജ്ജ് സമയം അടുത്തതോടെ പുണ്യ നഗരികളില്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മിനാ,അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ അനധികൃത തമ്പുകളില്ലെന്ന് ഹജിനു മുമ്പായി നഗരസഭ ഉറപ്പു വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഹജ്ജ് ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും തുര്‍ക്കി, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റ് പുതിയ ആപ് ഏര്‍പ്പെടുത്തി.
അതോടൊപ്പം, ഹാജിമാരെ പുണ്യസ്ഥലങ്ങളിലെ വിവിധയിടങ്ങലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന മശാഇര്‍ ട്രെയിന്‍ സര്‍വിസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. മിന, മുസ്ദലിഫ, അറഫ, മക്ക തുടങ്ങിയ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹജ്ജ് സമയത്ത് മാത്രം സര്‍വിസ് നടത്തുന്ന ട്രെയിന്‍ ലക്ഷകണക്കിന് ആളുകള്‍ക്കാണ് സൗകര്യമാകുക. 1,85,000 ആഭ്യന്തര ഹാജിമാര്‍ക്ക് ഇതിന്റെ സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിലക്ക് സമയനിഷ്ഠ പാലിച്ച് ഭക്ഷണം വിതരണം ക്രമീകരിക്കുന്നതിന് പുതിയ ആപ് ത്വവാഫ എസ്റ്റാബ്ലിഷ്മെന്റിനെ സഹായിക്കും.
തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനാണ് പുതിയ ആപ് പ്രയോജനപ്പെടുത്തുന്നതെന്ന് ത്വവാഫ എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പാര്‍പ്പിട, ഭക്ഷണ കമ്മിറ്റി സൂപ്പര്‍വൈസറുമായ മുഹമ്മദ് ശാകിര്‍ പറഞ്ഞു. കാലതാമസം കൂടാതെ കൃത്യസമയത്ത് തീര്‍ഥാടകര്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പു വരുത്തുന്നതിന് ആപ് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."