എസ്.എം.എഫ് 'തര്‍തീബ് 2021' ഒന്നാംഘട്ടം ഫെബ്രുവരിയില്‍
ചേളാരി: സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ മഹല്ലുകളിലും സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ നടത്തുന്ന 'തര്‍തീബ് 2021' ഒന്നാംഘട്ട പരിശീലന പരിപാടിക്ക് അന്തിമ രൂപം നല്‍കി. മഹല്ലു ജമാഅത്തുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്‌ട്രേഷനുകള്‍, അവ സമയബന്ധിതമായി പുതുക്കല്‍, വഖ്ഫ് വസ്തുക്കളുടെയും മറ്റും പ്രമാണങ്ങളും രേഖകളും രജിസ്റ്ററുകളും ശരിയാക്കി സൂക്ഷിക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വഖ്ഫ് ബോഡിലും സമയാസമയങ്ങളില്‍ അടയ്‌ക്കേണ്ട നികുതികളും വിഹിതങ്ങളും റിട്ടേണുകളും സംബന്ധിച്ചു അവബോധം നല്‍കല്‍ തുടങ്ങിയവ 'തര്‍തീബ്'ലക്ഷ്യങ്ങളാണ്. ഇതിന്നായി മഹല്ല് ഭാരവാഹികള്‍ക്ക് പ്രായോഗിക പരിശീലനങ്ങള്‍ നല്‍കുന്നതിന്ന് 85 മേഖലകളായി തിരിച്ചാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും എസ്.എം.എഫ് പ്രൊജക്ട് വിങ് ആര്‍.പി മാരുടെയും ശില്‍പശാല സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തോടനുബന്ധിച്ച് മഹല്ലുകളില്‍ വിതരണം ചെയ്യുന്ന മഹല്ല് ഗൈഡ് 2021 ന്റെ പ്രകാശന കര്‍മവും ചടങ്ങില്‍ നടന്നു.
ഈയിടെ അന്തരിച്ച എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സംസ്ഥാന കമ്മിറ്റി അംഗം കാളാവ് സൈതലവി മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എ. മരക്കാര്‍ ഫൈസി എന്നിവരുടെ അനുസ്മരണവും പ്രത്യേക പ്രാര്‍ഥനയും നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, എസ്.കെ ഹംസ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, തോന്നക്കല്‍ ജമാല്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു.
ശില്‍പശാലയുടെ വിവിധ സെഷനുകളില്‍ എം.സി മായിന്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ അധ്യക്ഷരായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജുനൈദ് പാറപ്പള്ളി, ബശീര്‍ കല്ലേപാടം, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ വിഷയങ്ങളവതരിപ്പിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."