താനൂര്‍ കൊലപാതകം: മുഖ്യപ്രതി ബഷീര്‍ കീഴടങ്ങി
താനൂര്‍: താനൂരില്‍ മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ബഷീര്‍ പൊലിസില്‍ കീഴടങ്ങി. താനൂര്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദാണ് (40) അതിക്രൂരമായി കൊല്ലപ്പെട്ടത്.
കൃത്യം നടത്തി പ്രതി മംഗലാപുരം വഴി ഷാര്‍യിലേക്കു തിരിച്ചു പോയിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിഞ്ഞാണ് ഇയാള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഷാര്‍ജയില്‍ നിന്ന് ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ബഷീര്‍ ട്രെയിന്‍ മാര്‍ഗം താനൂരിലെത്തി സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.ഇയാളെ പിന്നീട് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. സവാദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മരവടി കണ്ടെത്തി. തെളിവെടുപ്പിന് ശേഷം വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേസില്‍ സവാദിന്റെ ഭാര്യ സൗജത്തിനേയും(31) ബഷീറിന്റെ സുഹൃത്ത് ഓമച്ചപ്പുഴ സ്വദേശി സുഫിയാനെയും(24) പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരമായിരുന്നു കൊലപാതകമെന്ന് സൗജത്ത് പൊലിസിനോട് പറഞ്ഞിരുന്നു. കാമുകനായ ബഷീറിനൊപ്പം ജീവിക്കാനായിരുന്നു ഇത്.
സവാദുമായി സൗഹൃദബന്ധം സ്ഥാപിച്ചിരുന്നയാളാണ് ഭാര്യയുടെ കാമുകനായ ബഷീര്‍. ബഷീറിന്റെ നിര്‍ബന്ധപ്രകാരം തന്നെയാണ് സവാദും കുടുംബവും ഒന്നരവര്‍ഷം മുന്‍പ് ഓമച്ചപ്പുഴ റോഡിലെ വാടകക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയതും. നേരത്തെ സംശയാസ്പദമായി ക്വാര്‍ട്ടേഴ്‌സിന് സമീപത്തുവച്ച് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാട്ടുകാരിടപ്പെട്ടാണ് തീര്‍ത്തത്. തുടര്‍ന്ന് വിദേശത്തുപോയ ബഷീര്‍ സൗജത്തുമായുള്ള ബന്ധം തുടര്‍ന്നു. ബഷീറുമായി ജീവിക്കുന്നതിന് ഭര്‍ത്താവ് തടസമാകുമെന്ന തോന്നലാണ് സവാദിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
ബഷീറിന് വാഹനമൊരുക്കിയത് കാസര്‍ക്കോട് പഠിക്കുന്ന തയ്യാല സ്വദേശിയായ വിദ്യാര്‍ഥി സുഫിയാനായിരുന്നു. കൃത്യനിര്‍വഹണത്തിനായി എത്തിയത് സുഫിയാന്‍ വാടകയ്‌ക്കെടുത്ത കാറിലായിരുന്നു. ചൊവ്വാഴ്ച കൊലപാതകം നടത്താന്‍ എത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ കോഴിക്കോട് മുറിയെടുക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളിയായ സവാദ് സംഭവദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയത് രാത്രി 11ഓടെയായിരുന്നു. ചൂട് കൂടിയതിനാല്‍ ഇളയ മകളുമൊത്ത് വരാന്തയിലാണ് സവാദ് കിടന്നിരുന്നത്. ഈ വിവരം മൊബൈലിലൂടെ സൗജത്ത് കാമുകനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് 12.30ഓടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഇയാള്‍ക്ക്പുറകുവശത്തെ വാതില്‍ തുറന്നുകൊടുത്തതും സൗജത്താണ്.
ആദ്യം ബഷീര്‍ മരത്തടി കൊണ്ട് സവാദിന്റെ തലയടിച്ച് തകര്‍ത്തു. ശബ്ദം കേട്ട് ഉണര്‍ന്ന് നിലവിളിച്ച മകളെ സൗജത്ത് മുറിയിലാക്കി വാതില്‍ പൂട്ടി. പിന്നീട്, തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന് ജീവനുണ്ടെന്ന് കണ്ട് കത്തിയെടുത്ത് കഴുത്തറുത്തു. ഇതിനിടെ, കാമുകനെ രക്ഷപ്പെടാനും സഹായിച്ചു. തുടര്‍ന്ന് പുറത്തിറങ്ങി സൗജത്ത് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
രക്തം ചീറ്റിയപ്പോഴാണ് താന്‍ ഉണര്‍ന്നതെന്ന് സവാദിന്റെ ഇളയമകള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടി പോകുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി പിന്‍തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ സൗജത്ത് ഉറച്ചുനിന്നെങ്കിലും പൊലിസ് തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം ഏറ്റുപറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."