ഗൈനക്കോളജിസ്റ്റ് കൗണ്‍സലിങ് കോഴ്‌സിന് പോയി ബത്തേരി താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കെത്തിയ രോഗികള്‍ വലഞ്ഞു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് കൗണ്‍സലിങ് കോഴ്‌സിന് പോയത് ഒ. പിയില്‍ പരിശോധനക്കെത്തിയ ഗര്‍ഭിണികളെ വലച്ചു. ഇന്നലെ രാവിലെയാണ് ഗൈനക്കോളജിസ്റ്റ് ഇല്ലാത്തത് അറിയാതെ നിരവധിപേര്‍ പരിശോധനക്കെത്തിയത്.
ഒടുവില്‍ 11.30ഓടെ ജില്ലാ ആശുപത്രിയില്‍ നിന്നു ഡോക്ടര്‍മാരെത്തിയാണ് ഗര്‍ഭിണികളെ പരിശോധിച്ചത്.
ഡോക്ടര്‍മാരുടെ കാര്യത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ ശനിദശക്കും ഡോക്ടറെ കാണാനായി ഇവിടെയെത്തുന്ന ഗര്‍ഭിണികളുടെ ദുരിതത്തിനും ഒരറുതിയുമില്ല. ഇന്നലെമാത്രം നൂറ് കണക്കിന് ഗര്‍ഭിണികളും അവരുടെ ബന്ധുക്കളുമാണ് ഡോക്ടറില്ലാത്തതിനാല്‍ ദുരിതത്തിലായത്. അതിരാവിലെ മുതല്‍ ഡോക്ടറെ കാണാനായി ഒ. പി ചീട്ട് എടുക്കാനെത്തിയവര്‍ മണിക്കൂറുകളാണ് ക്യൂ നിന്നത്. എന്നിട്ടും ചീട്ട് നല്‍കാന്‍ തയാറാവാതിരുന്ന ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോഴാണ് ഡോക്ടര്‍മാര്‍ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. ഡോക്ടര്‍മാര്‍ വരുമോ എന്നതിനെ കുറിച്ച് കൃത്യമായി മറുപടിയും ലഭിക്കാതായതോടെ ഗര്‍ഭിണികളുടെ ഒപ്പമെത്തിയ ബന്ധുക്കളും മറ്റും ബഹളംവച്ചു. ഇതോട രാവിലെ ഒന്‍പതിന് അധികൃതര്‍ ചീട്ട് നല്‍കാന്‍ തയാറായി. എന്നിട്ടും ഡോക്ടര്‍ വരുമോ എന്നതിനെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ഡോക്ടറെ കാണാനായി എത്തിയവര്‍ക്ക് ലഭിച്ചത്.
നിലവില്‍ ഇവിടെയുള്ള ഗൈനക്കോളജിസ്റ്റും മറ്റ് രണ്ട് ഡോക്ടര്‍മാരും കൗണ്‍സിലിങ് കോഴ്‌സിനുവേണ്ടി പോയതാണ് ഒ.പിയില്‍ ഡോക്ടര്‍മാരില്ലാതാവാന്‍ കാരണം. ഈ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍ മതിയായിരുന്നുവെന്നും ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കേണ്ടി ഇല്ലായിരുന്നുമെന്നാണ് ഡോക്ടറെ കാണാനെത്തിയവര്‍ പറയുന്നത്. പ്രശന്ം രൂക്ഷമായതോടെ ഡി. എം. ഒ ഇടപെട്ടാണ് 11.30ഓടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് ഡോക്ടര്‍മാരെത്തിയാണ് ഒ.പി പ്രവര്‍ത്തിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."