മെഡിസെപ്: സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു
കോഴിക്കോട്: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപില്‍ പ്രധാന ആശുപത്രികളെ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ചികിത്സക്ക് ലഭിക്കുന്ന റീ ഇമ്പേഴ്‌സ്‌മെന്റ് പൂര്‍ണമായും എടുത്തുകളഞ്ഞാണ് ഇത് നടപ്പാക്കുന്നത്. മൂന്ന് പൊതുമേഖലാ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടും അനില്‍ അംബാനിയുടെ റിലയന്‍സിനാണ് പദ്ധതിയുടെ നടത്തിപ്പ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ ചെയര്‍മാനായ പത്താം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പദ്ധതിയാണിത്. റിലയന്‍സിന് നല്‍കിയ കരാര്‍ റദ്ദ് ചെയ്ത് പൊതുമേഖലാ കമ്പനികളെ ഏല്‍പ്പിക്കണം. സംസ്ഥാനത്തെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.യു സംസ്ഥാന വ്യാപകമായി മൂന്നിന് ജില്ലാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മലപ്പുറം കലക്ടറേറ്റ് ധര്‍ണ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ട് മുസ്‌ലിംലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദും കാസര്‍കോട്ട് എ.സി അത്താവുല്ലയും കണ്ണൂരിലും വി.കെ മൂസയും വയനാട്ടില്‍ പി.പി മുഹമ്മദും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദീന്‍, ജനറല്‍ സെക്രട്ടറി വി.കെ മൂസ, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, സെക്രട്ടറി പി.കെ അസീസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."