അവിശ്വാസപ്രമേയം: കുറ്റിക്കോലിലും ബി.ജെ.പി പടിക്ക് പുറത്ത്
മൊയ്തീന്‍ ചാപ്പ
കുറ്റിക്കോല്‍: കാറഡുക്കയിലും എന്‍മകജെയിലും പയറ്റിയ തന്ത്രം വിജയം കണ്ടതോടെ കുറ്റിക്കോല്‍ പഞ്ചായത്തിലും ബി.ജെ.പി ഭരണത്തില്‍നിന്നു പടിക്കുപുറത്തായി. ഏറെ അനിശ്ചിതത്വത്തിനും നിരവധി ചര്‍ച്ചകള്‍ക്കും ഇതോടെ വിരാമമായി. കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബി.ജെ.പിക്കുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. ഇതോടെ ഭരണത്തിലെ താക്കോല്‍ സ്ഥാനം ബി.ജെ.പിയ്ക്കു നഷ്ടമായി.
സി.പി.എം അംഗം പി. ഗോപിനാഥനാണ് വൈസ് പ്രസിഡന്റായ ബി.ജെ.പിയിലെ വി. ദാമോദരനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സി.പി.എമ്മിലെ ആറംഗങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടിസില്‍ ഒപ്പുവച്ചിരുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒന്‍പത് അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസം പാസാക്കിയെടുക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ചില പ്രദേശിക വിഷയങ്ങളുടെ പേരില്‍ സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സി.പി.ഐ അംഗം നോട്ടിസില്‍ ഒപ്പുവച്ചിട്ടില്ലങ്കിലും ബി.ജെ.പിയെ പുറത്താക്കാനുള്ള അവിശ്വാസപ്രമേയത്തെ അവസാന നിമിഷം പിന്തുണക്കുകയായിരുന്നു.
ചില കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ ഫലിച്ചതോടെയാണ് ബി.ജെ.പി വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം വിജയിച്ചത്. കോണ്‍ഗ്രസ് വിമത അംഗമായ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സമീറ ഖാദറും സ്വതന്ത്രനായ സുനീഷ് ജോസഫും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 16 അംഗ ഭരണസമിതിയില്‍ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ നാലുപേരും ഒരു സ്വതന്ത്രനും ആര്‍.എസ്.പിയുടെ ഒരംഗവും ചേര്‍ന്നാണ് ഭരണം നടത്തിയിരുന്നത്.
എന്നാല്‍ ഭരണപക്ഷത്തുള്ള രണ്ട് അംഗങ്ങള്‍ ബി.ജെ.പിക്കെതിരേ വോട്ടുചെയ്യുകയും നാല് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ ഭരണപക്ഷത്തുനിന്നു ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് വിമത വിഭാഗം നീക്കം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. അതിനുപുറമെ ബി.ജെ.പിയെ ഭരണത്തില്‍ നിന്നൊഴിവാക്കി കോണ്‍ഗ്രസ് വിമതവിഭാഗവുമായി നീക്കുപോക്കുണ്ടാക്കി മുന്നോട്ടുപോകാമെന്ന തന്ത്രവും സി.പി.എം സ്വീകരിക്കാനിടയുണ്ട്. അങ്ങിനെയെങ്കില്‍ സി.പി.എമ്മിനു വൈസ് പ്രസിഡന്റ് സ്ഥാനം കൊടുക്കുന്നതില്‍ വിമത വിഭാഗത്തിന് എതിര്‍പ്പില്ലെന്നാണ് സൂചന.
ബി.ജെ.പിക്കെതിരേ കാറഡുക്ക എന്‍മകജെ പഞ്ചായത്തുകളില്‍ പരീക്ഷിച്ച തന്ത്രം കുറ്റിക്കോലിലും വിജയിച്ചിരിക്കയാണ്. വരും കാലങ്ങളില്‍ സഹകരണ സ്ഥാപനങ്ങളിലും ബി.ജെ.പിക്കെതിരേ ഈ തന്ത്രം പരീക്ഷിക്കാനാണ് സാധ്യത. ഇതിന്റെ തുടക്കമെന്നോണം വോര്‍ക്കാടി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ഇടതുവലതു മുന്നണികള്‍ സംയുക്തമായി മത്സരത്തിനിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."