കാലിത്തൊഴുത്ത് പോലെ നിലമ്പൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ്
നഗരസഭയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കെട്ടാനുള്ള തീരുമാനം ചവറ്റുകൊട്ടയില്‍
ബസുകള്‍ കയറേണ്ട ട്രാക്കുകള്‍ ചാണകവും ഗോമൂത്രവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്
നിലമ്പൂര്‍: നിലമ്പൂരില്‍ ബസ് സ്റ്റാന്‍ഡിലെ യാത്രകാര്‍ക്കും വ്യാപാരികള്‍ക്കും കന്നുകാലികളുടെ ശല്യം അതി രൂക്ഷം. നിലമ്പൂര്‍ നഗരസഭയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാന്‍ നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ് ഇവയുടെ ശല്യം വര്‍ധിക്കാനിടയാക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ കാലികള്‍ കൂട്ടത്തോടെ നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് എത്തുന്നതോടെ പുതിയ ബസ് സ്റ്റാന്‍ഡ് തൊഴുത്തായി മാറി. നേരം പുലരുന്നതോടെയാണ് കാലികള്‍ പിന്നെ സ്റ്റാന്‍ഡ് വിടുന്നത്. ബസുകള്‍ കയറേണ്ട ട്രാക്കുകള്‍ ചാണകവും ഗോമൂത്രവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ അടക്കം മൂക്കുപൊത്തിയാണ് ബസ് കാത്തുനില്‍ക്കുന്നത്. സ്റ്റാന്‍ഡിലെ ശൗചാലയത്തിന് മുന്നില്‍ ചാണകം കെട്ടിക്കിടക്കുകയാണ്. നഗരസഭാ അധികൃതരെ അറിയിച്ചിട്ടും ഒരു പരിഹാരവും ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു.
നഗരസഭാ പരിധിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കാലികളെ പിടിച്ചുകെട്ടാനും ഉടമകളില്‍നിന്ന് പിഴ ഈടാക്കാനും മാസങ്ങള്‍ക്കു മുന്‍പ് നഗരസഭാ ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. യാത്രക്കാര്‍ക്ക് ഏറെ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്ന രീതിയില്‍ സ്റ്റാന്‍ഡ് മലിനമായി കഴിഞ്ഞു. സ്റ്റാന്‍ഡിനെ ആശ്രയിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളും ദുരിതത്തിലാണ്. ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന ആശ്രയിക്കുന്ന സ്റ്റാന്‍ഡിലാണ് ചാണകത്തില്‍ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."