ജമാല്‍ കഷോഗിയുടെ തിരോധാനം: അന്വേഷണത്തിന് സഹായവുമായി യു.എസ്
വാഷിങ്ടണ്‍: പ്രമുഖ സഊദി മാധ്യമപ്രവര്ത്തകന് ജമാല്‍ കഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹായവുമായി യു.എസ്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന തുര്‍ക്കിയെ സഹായിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തങ്ങള്‍ സഊദിക്കുമൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് അദ്ദേഹം പറഞ്ഞു.
സഊദിക്ക് ആയുധ വില്പന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് യു.എസിലെ കെന്റിക്കിയില്‍ നിന്നുള്ള സെനറ്റര്‍ റാണ്ട് പോള്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്ത്തകന് ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യത്തില്‍ മറുപടി പറയുന്നതുവരെ അവര്‍ക്ക് നല്കുന്ന മുഴുവന്‍ സഹായങ്ങളും പരിശീലനങ്ങളും സഹകരണങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സഊദിക്കെതിരേ കൂടുതല്‍ സമ്മര്‍ദവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇന്നലെ രംഗത്തെത്തി. കഷോഗിയുടെ തിരോധാനത്തില്‍ മിണ്ടാതിരിക്കാനാവില്ലെന്നും ഒരു കോണ്‍സുലേറ്റില്‍ സുരക്ഷാ കാമറ സ്ഥാപിക്കാതിരിക്കുക എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു. ഹങ്കറി സന്ദര്‍ശനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഉര്ദുഗാന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഒരു പക്ഷിയോ, കൊതുകോ പറന്നാല്പോലും പകര്‍ത്താന്‍ സംവിധാനമുണ്ടായിരിക്കെ എങ്ങനെയാണ് കോണ്‍സുലേറ്റില്‍ കാമറ സ്ഥാപിക്കാതിരിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. അതിനിടെ ജമാല്‍ കഷോഗിയുടെ തിരോധാനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മിഡില്‍ ഈസ്റ്റ് ഐ രംഗത്തെത്തി. ജമാല്‍ കഷോഗിയെ കോണ്‍സുലേറ്റിനുള്ളില്‍വച്ച് ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. കൊലപ്പെടുത്തുന്നതിനു മുമ്പ് കോണ്‍സുല്‍ ജനറലിന്റെ ഓഫിസിനുള്ളില്‍ രണ്ടുപേര്‍ അദ്ദേഹത്തെ വലിച്ചിഴച്ചെന്നും അവര്‍ പിന്നീട് മൃതദേഹം വെട്ടിനുറുക്കിയെന്നുമാണ് അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."