അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഉപാധിയുമായി ഇറാന്
ടെഹ്റാന്: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഉപാധികള്‍ വച്ച് ഇറാന് രംഗത്ത്. സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ അമേരിക്കയ്ക്കു താല്പര്യമുണ്ടെങ്കില് ആദ്യം ഇറാനെതിരായ ഉപരോധം പിന്‍വലിക്കണമെന്നു പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ഇറാന് സന്നദ്ധമാണെന്നറിയിച്ച അദ്ദേഹം, അമേരിക്കയ്ക്ക് അതിനു താല്പര്യമുണ്ടെങ്കില് ആദ്യം ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടി.
ഇറാനുമായുള്ള സമാധാനമാണ് തങ്ങളുടെ എല്ലാ സമാധാനങ്ങളുടെയും അടിസ്ഥാനമെന്നു റൂഹാനി പറഞ്ഞു. ഇറാനുമായുള്ള യുദ്ധമാണ് തങ്ങളുടെ യുദ്ധങ്ങളുടെ അടിസ്ഥാനം. അതിനാല്‍ ചര്‍ച്ചകള്‍ക്കു മുന്‍പ് ഉപരോധങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടത്. അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇറാനിലേക്കു ഭക്ഷണവും മരുന്നുകളും അടക്കം ഇറക്കുമതി ചെയ്യുന്നതു വിലക്കുന്ന അമേരിക്ക നടത്തുന്നത് സാമ്പത്തിക തീവ്രവാദമാണെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ക്കു സുരക്ഷയാണ് ആവശ്യമെങ്കില്‍ അതു ഞങ്ങള്‍ക്കും നല്കാന് തയാറാകുക. ഇറാന്റെ സുരക്ഷ തകര്‍ത്തിട്ട് നിങ്ങള്‍ സുരക്ഷിതരായിരിക്കാമെന്നു കരുതരുതെന്നും റൂഹാനി അമേരിക്കയോട് പറഞ്ഞു. സുരക്ഷയ്ക്കു സുരക്ഷ, പെട്രോളിയം ഉല്പന്നങ്ങള്ക്ക് പെട്രോളിയം ഉല്പന്നം, സമാധാനത്തിനു പകരം സമാധാനം എന്നതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവകരാറില്‍നിന്നു 2018 മെയ് മാസത്തില്‍ അമേരിക്ക പിന്മാറുകയും ഇറാനെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ നിലവിലെ രീതിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."