സുരക്ഷാ ജീവനക്കാരനെ മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാതെ സെന്‍കുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും സുരക്ഷാ ജീവനക്കാരനെ മാറ്റില്ലെന്ന നിലപാടിലുറച്ച് സെന്‍കുമാര്‍. ഗ്രേഡ് എ.എസ്.ഐ അനില്‍കുമാറിനെ മാതൃയൂനിറ്റിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തരവ് നടപ്പാക്കി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തരവ് പുറപ്പെടുവിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ തയാറാകാതെ വ്യക്തതതേടി ആഭ്യന്തര വകുപ്പിന് കത്തുനല്‍കുകയാണ് സെന്‍കുമാര്‍ ചെയ്തത്. ഇതിനേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇന്നലെ വീണ്ടും കത്തുനല്‍കി.
അതിനിടെ, അനില്‍ കുമാര്‍ രഹസ്യവിഭാഗത്തില്‍ നിന്നുള്‍പ്പെടെ 20ഓളം ഫയലുകളുടെ പകര്പ്പെടുത്തുവെന്ന് പൊലിസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
അനില്‍ കുമാര്‍ ഉത്തരവൊന്നുമില്ലാതെയാണ് സെന്‍കുമാറിനൊപ്പം ജോലിചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി പൊലിസ് അസോസിയേഷന് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. സിറ്റി എ.ആര് ക്യാംപിലെ ഉദ്യോഗസ്ഥനായ ഇയാള്‍ 15 വര്‍ഷമായി അനധികൃതമായാണ് സെന്‍കുമാറിനൊപ്പം ജോലി ചെയ്യുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ആര് ക്യാംപിലേക്ക് മാറ്റി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് സെന്‍കുമാറിന് കത്തുനല്‍കിയത്.
പൊലിസ് ആസ്ഥാനത്തെ നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ നേരത്തേ മരവിപ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അതിലും വ്യക്തതതേടി ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുകയാണ് സെന്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."