കൈക്കൂലി; രാമന്തളി പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാര്‍ശ
പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തില്‍ അനധികൃത കെട്ടിടനിര്‍മാണത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ.
തീരദേശനിയമം മറികടന്ന് പാലക്കോട് വലിയ കടപ്പുറത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്കാന് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുകയും ബന്ധപ്പെട്ട സെക്ഷന്‍ ക്ലര്‍ക്കിന് വിഹിതം നല്കാന് ശ്രമിച്ചുവെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി സെക്രട്ടറിയോട് മൂന്നുമാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാന്‍ നിര്‍ദേശം നല്കി.
കെട്ടിട നിര്‍മാണം സന്ദര്‍ശിച്ചുവന്ന സെക്രട്ടറി ഉടന്‍ കെട്ടിടത്തിന് താല്‍ക്കാലിക അനുമതി നല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് തയാറാക്കണമെന്നാവശ്യപ്പെട്ട് സെക്ഷന്‍ ക്ലര്‍ക്കിന് അപേക്ഷ കൈമാറുകയായിരുന്നു.
എന്നാല്‍ ഈ അപേക്ഷയോടൊപ്പം പണംവച്ച് ക്ലര്‍ക്കിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് സംഭവം പുറത്തറിയാന്‍ കാരണം. തുടര്‍ന്ന് ഇതേച്ചൊല്ലി ക്ലര്‍ക്കും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമായതോടെ സംഭവം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സര്‍വിസില്‍ നിന്ന് വിരമിക്കുവാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സെക്രട്ടറി കൈക്കൂലി വിവാദത്തില്‍പ്പെട്ടത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് ചുമതല കൈമാറിയ ശേഷം കഴിഞ്ഞദിവസം മുതല്‍ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചു. സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി തദ്ദേശസ്വയംഭരണ വകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സെക്രട്ടറി മുന്‍പ് നല്കിയ കെട്ടിടനിര്‍മാണ അനുമതികള്‍ അന്വേഷിക്കാന്‍ ഭരണസമിതി നീക്കം തുടങ്ങി. അഴിമതിരഹിത പഞ്ചായത്ത് പ്രഖ്യാപനം അടുത്തിടെയായിരുന്നു രാമന്തളിയില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."