കുംബ്ലെയുമായി അകല്‍ച്ചയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി വിരാട് കോഹ്‌ലി
ലണ്ടന്‍: പരിശീലകന്‍ അനില്‍ കുംബ്ലെയുമായി അകല്‍ച്ചയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പാകിസ്താനെതിരായ പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി നിലപാട് വ്യക്തമാക്കിയത്. ഡ്രസിങ് റൂമിലടക്കം ടീമംഗങ്ങള്‍ക്കിടയില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാതെ ജനങ്ങള്‍ ഊഹാപോഹങ്ങള്‍ നടത്തുകയാണ്. ടീമില്‍ യാതൊരുവിധ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ല. എന്നിട്ടും ടീമിനുള്ളില്‍ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് പരത്തുകയാണ്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അത് മനസിലാക്കണമെന്ന താത്പര്യവുമില്ല. ചാംപ്യന്‍സ് ട്രോഫി പോലുള്ള വലിയൊരു ടൂര്‍ണമെന്റിന് മുന്‍പ് ഇത്തരത്തിലുള്ള പല അപവാദ പ്രചാരണങ്ങളും നടക്കാറുണ്ട്. അത്തരം ആളുകള്‍ക്ക് നുണപ്രചാരണം ഒരു വിനോദോപാധിയാണ്. ടീമിന്റെ മുഴുവന്‍ ശ്രദ്ധയും ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷ വിളിച്ചത് സംബന്ധിച്ച് അറിയില്ലെന്ന് കോഹ്‌ലി പറഞ്ഞു. കോച്ചിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് ഇത്രയധികം അനുമാനങ്ങള്‍ ആവശ്യമില്ല. ചില ആളുകള്‍ക്ക് അതിലാണ് താത്പര്യം. അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് അവരുടെ ഉപജീവന മാര്‍ഗം. അവര്‍ അത്തരം പ്രചാരണങ്ങള്‍ നടത്തി ജീവിത മാര്‍ഗം കണ്ടെത്തട്ടെ. തങ്ങള്‍ കളിയില്‍ ശ്രദ്ധിച്ച് ജീവിത മാര്‍ഗം കണ്ടെത്തുകയാണെന്നും കോഹ്‌ലി വ്യക്തമാക്കി. പരസ്പരം അഭിപ്രായ സമന്വയവും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭവികമാണ്. അത് ഏതൊരു ടീമിലുമുണ്ടാകും. അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. പാകിസ്താനെന്നല്ല എല്ലാ ടീമുകള്‍ക്കെതിരായ മത്സരങ്ങളും ഒരു പോലെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
പരിശീലകന്‍ അനില്‍ കുംബ്ലയും കോഹ്‌ലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായും അദ്ദേഹത്തെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന താരങ്ങള്‍ ബി.സി.സി.ഐയോട് പരാതി പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. കുംബ്ലെ നെറ്റ്‌സില്‍ വന്നപ്പോള്‍ കോഹ്‌ലി പരിശീലനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയെന്ന തരത്തിലും ടീമിലെ വിഷയങ്ങള്‍ സംബന്ധിച്ച വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."