കോടോം-ബേളൂരിലെ സാര്‍ക്ക് കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ
രാജപുരം: രണ്ടുപതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ കോടോം-ബേളൂര്‍ പഞ്ചായത്തിലെ സാര്‍ക്ക് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കോടികള്‍ ചെലവഴിച്ചിട്ടും ഇഴഞ്ഞുനീങ്ങിയ പദ്ധതിയെന്ന പേരുദോഷം കിട്ടിയ കുടിവെള്ള പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ മൂന്നിലൊന്ന് ഭാഗത്തേക്ക് ആദ്യഘട്ടത്തിലും 2030ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുകയെന്നതാണ് പദ്ധതി.
ചെങ്കല്‍പാറ നിറഞ്ഞതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതുമായ പഞ്ചായത്തുകളില്‍ ഒന്നാണ് കോടോം-ബേളൂര്‍. 105 പട്ടിക വര്‍ഗ കോളനികളിലടക്കം ജീവിക്കുന്ന 30000 ത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എല്‍.ഐ.സിയുടെ സഹായത്തോടെ ജല അതോറിറ്റി കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ എല്‍.ഐ.സിയുടെ ഫണ്ട് നിലച്ചതോടെ പദ്ധതി നിര്‍ത്തേണ്ടി വന്നു. പിന്നീട് 2009ല്‍ സര്‍ക്കാര്‍ വീണ്ടും കനിഞ്ഞതോടെയാണ് പദ്ധതിക്ക് ജീവന്‍വച്ചത്. തുടര്‍ന്ന് നിര്‍മാണാനുമതി ലഭ്യമാക്കി പ്രവൃത്തി തുടങ്ങാന്‍ പിന്നെയും രണ്ടുവര്‍ഷമെടുത്തു. അതും കഴിഞ്ഞ് ആറുവര്‍ഷം പിന്നിടുമ്പോഴാണ് പദ്ധതി കമ്മിഷന്‍ ചെയ്യുന്നത്.
പദ്ധതി നടപ്പാക്കാന്‍ 8.68 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തുടര്‍ന്ന് അയറോട്ട് പാലപ്പുഴ രാമങ്കയം പുഴയോരത്ത് കിണറും പമ്പുഹൗസും കോടോത്ത് മയില്‍പ്പാറയില്‍ ആറുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള സംഭരണി, പോര്‍ക്കളത്ത് രണ്ടുലക്ഷം ലിറ്റര്‍ ശേഷിയുള്ള പമ്പ് ഹൗസ് അടക്കമുള്ള സംഭരണി എന്നിവ 44.28 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള പദ്ധതിക്കായി എല്‍.ഐ.സി ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തിയതോടെ പദ്ധതി ഇവിടം കൊണ്ടുനിന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2009ല്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ സാര്‍ക്ക് കുടിവെള്ള പദ്ധതിയില്‍ പെടുത്തി സര്‍ക്കാര്‍ 17 കോടി രൂപ അനുവദിച്ചതോടെയാണ് വീണ്ടും ജീവന്‍വച്ചത്. തുടര്‍ന്ന് 2011ല്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി പുനരാരംഭിച്ചു. എന്നാല്‍ പദ്ധതിക്കാവശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അളന്നു തിട്ടപ്പെടുത്താനുണ്ടായ കാലതാമസം നിര്‍മാണ ജോലികളെയടക്കം ബാധിച്ചു. ഇതോടെ പദ്ധതി വീണ്ടും നീണ്ടു.
കുടിവെള്ളപദ്ധതിക്ക് ആകെ ചെലവ് 176,278,000 രൂപയാണ്. ഇതില്‍ പദ്ധതിക്കായി എല്‍.ഐ.സി വഴി ചെലവഴിച്ച 44,28,000 രൂപയും മാന്ദ്യവിരുദ്ധ പാക്കേജില്‍പെടുത്തി സാര്‍ക്ക് കുടിവെള്ള പദ്ധതി വഴി അനുവദിച്ച 17 കോടി രൂപയുമടക്കം 174,428,000 രൂപയാണ് ജല അതോറിറ്റി പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി നടപ്പാക്കാനാവശ്യമായ സ്ഥലം ഏറ്റെടുത്തുനല്‍കണമെന്നായിരുന്നു പഞ്ചായത്തുമായുള്ള ജല അതോറിറ്റിയുടെ കരാര്‍. ഇതിന്റെ ഭാഗമായി തടയണ പ്രദേശത്തടക്കം എട്ടു സോണുകളിലായി സംഭരണികള്‍, ശുദ്ധീകരണ പ്ലാന്റ്, പമ്പ് ഹൗസുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള 1.07 ഏക്കര്‍ സ്ഥലം സ്വകാര്യവ്യക്തികളില്‍നിന്നു പഞ്ചായത്ത് ഏറ്റെടുത്ത് ജല അതോറിറ്റിക്കുകൈമാറി. ഇതില്‍ പോര്‍ക്കളം, അയ്യങ്കാവ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിച്ചു. എണ്ണപ്പാറയില്‍ റവന്യു ഭൂമിയും വിട്ടുകിട്ടി. ബാക്കിയുള്ള സ്ഥലത്തിനായി 1,85,0000 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇതു കൂടാതെ നിലവില്‍ 31 ലക്ഷം രൂപ കോളനികളിലടക്കം കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനായും നീക്കിവച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സംഭരിക്കാന്‍ ചന്ദ്രഗിരിപ്പുഴയില്‍ അയറോട്ട് പാലപ്പുഴ രാമങ്കയത്താണ് തടയണ നിര്‍മിച്ചിരിക്കുന്നത്. മൂന്നുഷട്ടറുകളോടു കൂടി ആധുനിക സംവിധാനങ്ങളോടെയുള്ള തടയണയ്ക്ക് 3.02 മീറ്റര്‍ ഉയരവും 80 മീറ്റര്‍ നീളവുമാണുള്ളത്. ഉയര്‍ത്തി വയ്ക്കാനും താഴ്ത്താനും കഴിയുന്ന തരത്തിലുള്ളവയാണ് ഷട്ടറുകള്‍. നിലവില്‍ തടയണ പ്രദേശത്ത് കിണറും പമ്പ് ഹൗസും വെള്ളം പമ്പ് ചെയ്യാനുള്ള 125 കുതിര ശക്തിയുള്ള കൂറ്റന്‍ മോട്ടോറാണുള്ളത്. തടയണ പ്രദേശത്ത് നിന്നു ഒരുകിലോമീറ്റര്‍ അകലത്തിലാണ് കൂറ്റന്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം മൂന്നുദശലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശുദ്ധജല പരിശോധന നടത്താന്‍ കഴിയുന്ന ലാബ് സൗകര്യത്തോടെയായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ 30 ശതമാനം വരെ മാത്രമെ വിതരണം ചെയ്യേണ്ടി വരികയുള്ളു.
പ്ലാന്റില്‍നിന്നു ശുദ്ധീകരിക്കുന്ന കുടിവെള്ളം കോടോത്ത് മയില്‍പ്പാറയിലുള്ള സംഭരണിയിലെത്തിക്കും. ഇവിടെ നിന്നു പ്രദേശത്തേക്കുള്ള പൊതുകണക്ഷന്‍ നല്‍കുന്നതിനൊപ്പം കിലോമീറ്ററുകള്‍ അകലെയുള്ള പോര്‍ക്കളം സംഭരണിയിലെത്തിക്കും. ഇവിടെ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസില്‍ നിന്നു മുക്കുഴിയില്‍ സ്ഥാപിച്ച രണ്ടു സംഭരണികളിലേക്ക് വെള്ളം പമ്പ് ചെയ്യും. തുടര്‍ന്ന് പൈപ്പ് ലൈനിലൂടെ എണ്ണപ്പാറ, അയ്യങ്കാവ് എന്നിവിടങ്ങളിലെ സംഭരണികളിലേക്ക് വെള്ളമെത്തിച്ചായിരിക്കും വിതരണം.
പദ്ധതിക്കായി 80 കിലോമീറ്റര്‍ ദൂരമാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ആദ്യഘട്ടത്തില്‍ പൊതു ഇടങ്ങളില്‍ 204 ടാപ്പുകളിലൂടെ വെള്ളമെത്തിക്കും. പൊതുസ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ടൗണുകള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ കോളനികള്‍ തുടങ്ങിയവയ്ക്കാണ് പ്രഥമ പരിഗണന. പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നാളെ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."