യു.എസ് ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റത്തിന്: റൂഹാനി
തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റത്തിനാണ് യു.എസ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഹസാന്‍ റൂഹാനി. സാമ്പത്തികമായും മന:ശാസ്ത്രമായുമുള്ള യുദ്ധമാണ് യു.എസ് നടത്തുന്നത്. ഇറാനിലെ അധികാര മാറ്റത്തിനാണ് ഇസ്‌ലാമിക റിപബ്ലിക്കിന്റെ നിയമസാധുതയെ യു.എസ് ചോദ്യം ചെയ്യുന്നതെന്ന് റൂഹാനി പറഞ്ഞു. തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇറാനോട് ഏറ്റവും ശത്രുതാ സമീപം പുലര്‍ത്തുന്ന സര്‍ക്കാരാണ് യു.എസിലുള്ളത്. ഇറാന്‍ സര്‍ക്കാരിന്റെ നിയമസാധുത കുറയ്ക്കുകയെന്നുള്ളതാണ് അവരുടെ അവസാന ലക്ഷ്യം. നിലവില്‍ അധികാരത്തിലുള്ളവര്‍ മാറണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ എങ്ങനെയാണ് അത് സംഭവിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് യു.എസ് ഇറാന്‍ ബന്ധം പ്രതിസന്ധിയിലായത്. ഇറാനെതിരേ നിലവിലുള്ള ഉപരോധത്തെക്കാള്‍ രൂക്ഷമായത് അടുത്ത മാസമുണ്ടാവാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ ഉപരോധം ഉള്‍പ്പെടെയുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി.
എന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയാനുള്ള യു.എസ് ശ്രമങ്ങള്‍ പ്രായോഗികമല്ലെന്ന് വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാംഗീര്‍ പറഞ്ഞു. തങ്ങള്‍ക്ക് പകരം എണ്ണ കയറ്റുമതിയില്‍ സഊദിയെ പകരംവയ്ക്കാനാണ് യു.എസ് ശ്രമം. അത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."