മുക്കോലയ്ക്കല്‍ ജങ്ഷന്‍ ഇപ്പോഴും അപകടക്കെണി; ഭയപ്പാടോടെ രക്ഷിതാക്കള്‍
പേരൂര്‍ക്കട: മുക്കോലയ്ക്കല്‍ ജങ്ഷന്‍ ഇപ്പോഴും അപകടക്കെണി. ആഴ്ചകള്‍ക്കുമുന്‍പ് ഇവിടെ സ്‌കൂള്‍ വിദ്യാര്‍ഥി കാറിടിച്ചു മരിച്ച സംഭവമുണ്ടായിട്ടും ഗതാഗത നിയന്ത്രണത്തിന് ഒരു ട്രാഫിക് പോലീസുകാരനെപ്പോലും ഏര്‍പ്പെടുത്താന്‍
അധികൃതര്‍ തയ്യാറായിട്ടില്ല. ഭയപ്പാടോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്.
ആഴ്ചകള്‍ക്കു മുന്‍പ് മുക്കോലയ്ക്കല്‍ സെന്റ്‌തോമസ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി വിശാല്‍ (15) ആണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് മരിച്ചത്. അന്നു തന്നെ ജങ്ഷനിലെ അപകട സാധ്യതകളെ കുറിച്ച് വ്യാപക പരാതിയുയര്‍ന്നിരുന്നു. സുരക്ഷിത സ്ഥാനങ്ങളില്‍ സീബ്രാലൈനുകള്‍ വരക്കണമെന്നും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.
തലസ്ഥാന നഗരത്തില്‍ ഏറെ തിരക്കുള്ള ജങ്ഷനുകളിലൊന്നാണ് മുക്കോലയ്ക്കല്‍. നാലു റോഡുകളുടെ സംഗമ സ്ഥാനമാണിത്. ഒരുറോഡ് മരുതൂരിലേക്കും മറ്റൊന്ന് മഠത്തുനടയിലേക്കും തിരിയുമ്പോള്‍ നേര്‍രേഖയില്‍ വരുന്ന റോഡുകള്‍ മണ്ണന്തലയെയും മുക്കോലയെയും ബന്ധിപ്പിക്കുന്നു. മുക്കോലക്കല്‍ സ്‌കൂള്‍ ഇതിനു സമീപത്താണ്. മണ്ണന്തല-കിഴക്കേമുക്കോല പ്രധാന റോഡില്‍ സീബ്രാലൈന്‍ വരയ്ക്കാത്തതിനാല്‍ കുട്ടികള്‍ വിവിധ സ്ഥലങ്ങളില്‍നിന്നാണ് റോഡ് മുറിച്ചുകടക്കുന്നത്. രാവിലെയും വൈകിട്ടും അത്യന്തം അപകടകരമായ സാഹചര്യമാണ് ഇവിടെയുളളത്. സ്‌കൂളിനു മുന്‍വശത്തുകൂടി അലക്ഷ്യമായി ചീറിപ്പാഞ്ഞ കാറിടിച്ചാണ് ആഴ്ചകള്‍ക്കു മുന്‍പ് വിശാലിന്റെ ജീവന്‍ പൊലിഞ്ഞത്.
ഏതു സമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന ഇവിടെ രാവിലെയും വൈകിട്ടുമെങ്കിലും പൊലിസുകാരുടെ സേവനം ഏര്‍പ്പെടുത്തേണ്ടത് അടിയന്തിര ആവശ്യമാണ്. ജങ്ഷനില്‍ കൃത്യമായി ഹമ്പുകള്‍ സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്. പക്ഷേ അധികൃതരുടെ കണ്ണുകള്‍ തുറക്കാന്‍ ഇനിയെത്ര പേര്‍ ജീവന്‍ കൊടുക്കേണ്ടി വരുമെന്ന് കണ്ടു തന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."