പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപയും അനുവദിക്കും
തിരുവനന്തപുരം: പ്രളയ ദുരന്തങ്ങളില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. എത്രയും പെട്ടെന്ന് പട്ടിക തയാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്, ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയാറാക്കുന്നു എന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ സംവിധാനം ഉണ്ടായിരിക്കും. അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ അനുവദിക്കും. സ്ഥലം വാങ്ങുന്നതിനായി ആറുലക്ഷം രൂപയും വീടുവെക്കാന്‍ നാലു ലക്ഷം രൂപയുമാണ് അനുവദിക്കുക. അടിയന്തര സഹായമായി പതിനായിരം രൂപയും നല്‍കും. ദുരിതത്തിന്റെ കാഠിന്യവും വ്യാപ്തിയും കണക്കിലെടുത്ത് പ്രദേശങ്ങളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ഇതിനായി ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."