കാത്തിരിപ്പിനൊടുവില്‍ പാലരുവി ജലപാതം തുറന്നു
പുനലൂര്‍: മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാലരുവി ജലപാത വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. എന്നാല്‍ ഇവിടേക്ക് വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ടിക്കറ്റ് കൗണ്ടറിന് മുന്നിലെ റോഡിന്റെ വലതു ഭാഗത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. പാലരുവിയിലേക്ക് വന സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് മിനിബസുകളിലെ സഞ്ചാരികള്‍ക്ക് മാത്രമേ ഇനി മുതല്‍ പോകാനാകൂ. ഇതിനായി തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഉപയോഗിക്കാതെ ഇട്ടിരുന്ന രണ്ട് മിനിബസുകള്‍ പലരുവി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിട്ടുണ്ട്.
ഒരു മിനിബസിന്് സീസണ്‍ സമയത്ത് 25000 രൂപയും സീസണല്ലാത്ത 6 മാസം 12500 രൂപയുമാണ് ഇക്കോ ടൂറിസത്തിന് നല്‍കുന്ന വാടക. ഈ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ 15 രൂപയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കുന്നത്. ഇതുള്‍പ്പടെ ഇന്ന് മുതല്‍ പാലരുവിയിലേക്കുള്ള പ്രവേശന നിരക്ക് വര്‍ധിപ്പിച്ചു.
25 രൂപയായിരുന്നത് 40 രൂപയായാണ് കൂട്ടിയിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാലരുവി വെള്ളച്ചാട്ടത്തിനടുത്ത് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത്. മാസങ്ങളോളം അടച്ചിട്ടിരുന്ന പാലരുവി വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണെന്ന പരാതിയുമുണ്ട്. സ്‌നാനഘട്ടത്തിലെ അപകടക്കുഴികള്‍ നികത്തിയിട്ടില്ല.
തകര്‍ച്ചയിലായ കൈവരികളും പടവുകളും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. കിലോമീറ്ററുകള്‍ ദൂരെ പാലരുവി ടിക്കറ്റ് കൗണ്ടറിനടുത്ത് ഒരു കഫ്റ്റീരിയയും ചെറിയൊരു ഹാളും മാത്രമാണ് പുതുതായി ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."