സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി: സ്കൂള്‍ ബസടക്കം സര്‍വതും നശിപ്പിച്ചു
കിളിമാനൂര്‍: രാത്രിയുടെ മറവില്‍ കിളിമാനൂര്‍ ഗവ ടൗണ്‍ യു.പി സ്കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി .സ്കൂള്‍ ബസ് തകര്‍ത്തതിന് പുറമെ സ്കൂളില്‍ സര്‍വ നാശം വരുത്തി. കുട്ടികളും രക്ഷിതാക്കളും ഭയപ്പാടിലാണ്. കിളിമാനൂര്‍ പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന സംഭവത്തില്‍ നാട്ടുകാര്‍ രോക്ഷാകുലരാണ്.
തിങ്കളാഴ്ച രാവിലെ കുട്ടികള്‍ സ്കൂളിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയതും നാട്ടുകാര്‍ക്ക് മുഴുവന്‍ അപമാനമുണ്ടാക്കിയതുമായ സംഭവം പുറത്തു വന്നത്. സ്കൂള്‍ ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും പൈപ്പ് ലൈനുകളും ടാപ്പുകളും അടിച്ചുതകര്‍ക്കുകയും ചെയ്തു. പൂച്ചയെയും എലികളെയും അടിച്ചു കൊന്ന് അലമാരിക്കുള്ളില്‍ കൊണ്ടു വെച്ചു.
കംപൂട്ടറുകള്‍, ബെഞ്ചുകള്‍, ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു. ക്ലാസുകളില്‍ മലമൂത്ര വിസര്‍ജനം നടത്തിവെക്കുകയും അറപ്പുളവാക്കുന്ന അസഭ്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കിളിമാനൂരില്‍ പ്രകടനം നടന്നു. അഡ്വ. ബി. സത്യന് എം.എല്‍.എ സ്കൂള്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ കുറെ നാളായി സാമൂഹ്യ വിരുദ്ധര്‍ കിളിമാനൂരില്‍ അതിക്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിളിമാനൂരില്‍ സാമൂഹ്യ വിരുദ്ധര്‍ ഏറ്റു മുട്ടിയിരുന്നു. രണ്ട് ട്രാന്‍സ്ഫോര്‍മറുകളിലെ ഫീസ് ഊരി മാറ്റിയ ശേഷംസാമൂഹ്യ വിരുദ്ധ സംഘം ചില ആസൂത്രങ്ങള്‍ നടത്തിയെങ്കിലും പദ്ധതി വിജയിച്ചില്ലെന്ന് പറയപ്പെടുന്നു.
ഇത് പൊലിസ് നിസാരവല്‍ക്കരിക്കുകയാണ് ചെയ്തത്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ തകര്‍ക്കുക എന്ന ലക്ഷ്യം സംഭവത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. കിളിമാനൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."