പുത്തുമല: ഇന്നലെയും തിരച്ചില്‍ വിഫലം
മേപ്പാടി (വയനാട്): പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള എട്ടാം ദിവസത്തെ തിരച്ചിലും വിഫലം. എന്നാല്‍ മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തുക എന്ന ഉറച്ച തീരുമാനത്തോടെയാണ് സര്‍വസന്നാഹങ്ങളുമായി ജില്ലാ ഭരണകൂടം തിരച്ചില്‍ ഒന്‍പതാം ദിവസത്തിലും തുടരാനിരിക്കുന്നത്.
ദുരന്തത്തില്‍പ്പെട്ട ഏഴ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എന്‍.ഡി.ആര്.എഫ്, പൊലിസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ സംഘം രൂപീകരിച്ചിട്ടുള്ളത്. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 15 ഹിറ്റാച്ചി, നാല് ജെ.സി.ബി, മൂന്ന് ട്രാക്ടറുകള്‍ തുടങ്ങിയ യന്ത്ര സാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍ തുടരുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴ തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും അവയെ പ്രതിരോധിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഘാംഗങ്ങള്‍ കഠിനാധ്വാനം ചെയ്തത്.
വ്യാഴാഴച ഡോഗ് സ്ക്വാഡിനെ കൊണ്ടുവന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെളി പുതഞ്ഞ് നില്ക്കുന്ന ചതുപ്പില്‍ നായ്ക്കള്‍ക്ക് ഇറങ്ങുന്നത് പ്രയാസമായിരുന്നു. കോഴിക്കോട് നിന്നെത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവര്‍ത്തകര്‍ മാപ്പ് തയാറാക്കി തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
മണ്ണിനടിയില്‍പ്പെട്ടവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഒട്ടുമിക്ക പ്രദേശവും ഇതിനകം മണ്ണ് നീക്കി പരിശോധിച്ചു കഴിഞ്ഞു. കാണാതായവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലാണ് ഇന്നലെ തിരച്ചില്‍ നടന്നത്. റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടന്നുവരികയാണ്.
ഇന്ന് ഹൈദരാബാദില്‍ നിന്ന് കവളപ്പാറയിലെത്തിക്കുന്ന റഡാര്‍ അടുത്ത ദിവസം പുത്തുമലയിലെത്തിക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."