അച്ഛനും അമ്മയും യാത്രയായത് നെഹ്‌റുവിനെ തനിച്ചാക്കി
മേപ്പാടി: പുത്തുമല ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പനീര്‍ശെല്‍വത്തിനും ഭാര്യ റാണിക്കും ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.
മൂന്ന് പെണ്‍മക്കള്‍ക്ക് ശേഷം നാലമനായി ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ എന്ത് പേരിടുമെന്ന് ഈ ദമ്പതികള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. അങ്ങിനെ ചാച്ചാജിയുടെ ജന്മദിനത്തില്‍ പിറന്ന അവരുടെ കണ്‍മണിക്ക് അവര്‍ നെഹ്‌റുവെന്ന് പേര് വിളിച്ചു. ആ നെഹ്‌റുവിനെയും തനിച്ചാക്കിയാണ് ഇരുവരും ദുരന്തത്തിന്റെ രക്തസാക്ഷികളായി മാറിയത്. മാതാപിതാക്കളുടെ വേര്‍പാടില്‍ ഹൃദയം വിങ്ങി കഴിയുന്ന നെഹ്‌റുവിനെ കൂടുതല്‍ വേദനിപ്പിക്കുന്നത് തങ്ങളുടെ അയല്‍വാസികളായ ഏഴ് പേരെ ഇനിയും കണ്ടെത്താനായില്ലെന്ന യാഥാര്‍ഥ്യമാണ്.
അപകടത്തിന്റെ അഞ്ച് മിനിട്ട് മുന്‍പാണ് നെഹ്‌റു തങ്ങള്‍ പാര്‍ക്കുന്ന പാടിയില്‍ നിന്ന് പെങ്ങള്‍ താമസിക്കുന്ന കശ്മിരിലെ പാടിയിലേക്ക് പോയത്. അവിടെയെത്തും മുന്‍പ് ഭീകര ശബ്ദം കേട്ട് തിരികെ പുത്തുമലയിലേക്ക് ഓടിയെത്തിയപ്പോള്‍ കാണുന്നത് മലയോളം പൊക്കത്തില്‍ വെള്ളവും മണ്ണും മരങ്ങളും പാറക്കൂട്ടങ്ങളും ഒലിച്ച് വരുന്നതാണ്. സുരക്ഷിത സ്ഥാനത്തേക്ക് മാറിനില്‍ക്കുമ്പോള്‍ മനസില്‍ അച്ഛനും അമ്മയും അയല്‍വാസികളും സുരക്ഷിതരായിരിക്കണേ എന്ന പ്രാര്‍ഥനയായിരുന്നു. എന്നാല്‍ ഇതെല്ലാം വിഫലമാക്കുന്നതായിരുന്നു പ്രകൃതിയുടെ രൗദ്രത ഒന്നടങ്ങിയപ്പോള്‍ കണ്ടത്. തങ്ങള്‍ താമസിച്ചിരുന്ന പാടി പൂര്‍ണമായി ഒലിച്ചുപോയി. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളും തങ്ങളുടെ അയല്‍ക്കാരുടെ ഭവനങ്ങളുമെല്ലാം നാമാവശേഷമായിപ്പോയി. ദുരന്തമുണ്ടായ സമയം മുതല്‍ നെഹ്‌റു ഉറ്റവരെ തിരഞ്ഞ് ദുരന്തഭൂമിയിലുണ്ടായിരുന്നു. അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു.
എന്നാല്‍ രണ്ടാംദിനത്തില്‍ ആദ്യം പാടിയുണ്ടായിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് അച്ഛന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതോടെ തളര്‍ന്നുപോയി. പിറ്റേന്ന് രാവിലെ അമ്മയുടെ മൃതദേഹവും ഈ പരിസരത്ത് നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു. ഇതോടെ നെഹ്‌റുവിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
മേപ്പാടിയിലെ ഹിന്ദു ശ്മശാനത്തില്‍ ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ക്യാംപിലെത്തിയ നെഹ്‌റുവിനെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ണീര്‍ പൊഴിക്കുകയായിരുന്നു അയല്‍വാസികള്‍. തമിഴ്‌നാട്ടില്‍ നിന്ന് അന്‍പത്തിയഞ്ച് വര്‍ഷം മുന്‍പ് വയനാട്ടിലേക്ക് കുടിയേറിയവരാണ് നെഹ്‌റുവിന്റെ പൂര്‍വികര്‍. അമ്മയും അച്ഛനും ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴില്‍ മേപ്പാടി സെന്റിനല്‍ റോക്ക് എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. അച്ഛനും അമ്മയും പോയി, ഇതുവരെ സമ്പാദിച്ചതത്രയും പോയി. ഉടുതുണിയല്ലാതെ ഇനിയൊന്നും തനിക്കില്ലെന്ന് പറയുമ്പോള്‍ നെഹ്‌റു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."