മറക്കില്ലൊരിക്കലും ഖാദറിനെയും വഞ്ചിയെയും
ശ്രീകണ്ഠപുരം (കണ്ണൂര്‍): പ്രളയജലമൊഴുകിവന്ന് സ്വന്തം വീട് മുങ്ങുന്നതിനിടയിലും ഖാദറിന്റെ രക്ഷാവഞ്ചിക്ക് വിശ്രമമില്ലായിരുന്നു. മധ്യവയസിലും ചുറുചുറുക്കോടെ യുവാക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട അടിച്ചേരിയിലെ ടി.വി ഖാദറാണ് (50) ഇപ്പോള്‍ നാട്ടിലെ താരം.
മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ സ്വന്തം വീട് മുങ്ങിയിട്ടും അതവഗണിച്ച് തോണിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി പേരെ ആശ്വാസതീരത്തെത്തിച്ച ഖാദറിന്റെ രക്ഷാപ്രവര്‍ത്തനത്തെ പ്രളയജലമൊഴിയുമ്പോള്‍ നാട് ഓര്‍ത്തെടുക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് ബാഹ്യലോകവുമായി ബന്ധമില്ലാതിരുന്ന ശ്രീകണ്ഠപുരത്ത് വെള്ളമിറങ്ങിയപ്പോഴാണ് ഖാദറിന്റെ രക്ഷാപ്രവര്‍ത്തനം ചര്‍ച്ചയാവുന്നത്.
മഴവെള്ളം ഇരച്ചെത്തി ആദ്യം കവര്‍ന്നത് പുഴയോരത്തെ ഖാദറിന്റെ വീടായിരുന്നു. ഭാര്യയും മക്കളുമായി ഉടന്‍ തോണിയില്‍ ബന്ധുവീട്ടിലേക്ക് മാറിയെങ്കിലും സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെടുന്നതും കണ്ടു നില്‍ക്കാന്‍ ഖാദറിനായില്ല. അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി വിശ്രമിക്കുന്ന ഇദ്ദേഹം ഇടവേളകളില്‍ പുഴയില്‍ ചൂണ്ടലിടാനാണ് തോണി വാങ്ങിയത്.
ഈ തോണിയുമായാണ് അസുഖം പോലും വകവയ്ക്കാതെ ഖാദര്‍ യുവാക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനിടെ തോണി മറിഞ്ഞു. പലപ്പോഴും തുഴ നഷ്ടപ്പെട്ടു. എന്നിട്ടും മുഴുവന്‍ പേരെയും ആശ്വാസതീരത്തെത്തിച്ചാണ് ഖാദര്‍ ബന്ധുവീട്ടിലേക്ക് മടങ്ങിയത്. മരത്തിലിടിച്ച തോണിയുടെ കാര്യം പോക്കാണല്ലോയെന്ന് സൂചിപ്പിച്ച നാട്ടുകാരോട് അതൊക്കെമ പോയിക്കോട്ടേ അതിനെക്കാള്‍ വലുത് നമ്മുടെ നാട്ടുകാരല്ലേയെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."