പുളിക്കല്‍ ആന്തിയൂര്‍കുന്ന് പകര്‍ച്ചവ്യാധി ഭീഷണിയില്‍
കൊണ്ടോട്ടി: ജലനിധി പദ്ധതിക്കായി നിര്‍മ്മിച്ച കിണര്‍ പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂലബസാറില്‍ രോഗ ഭീതിയുണ്ടാക്കുന്നു. 14 വര്‍ഷം മുമ്പു കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച കിണര്‍ പാതിവഴിയില്‍ നിലച്ചതോടെയാണു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. മഴക്കാലമായതോടെ കിണര്‍ നിറഞ്ഞു മാലിന്യങ്ങള്‍ പൊതുവഴിയിലേക്കും പരിസരത്തെ പുരയിടങ്ങളിലേക്കും പരന്നൊഴുകുകയാണെന്നു പ്രദേശവാസികള്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഈ മലിന വെളളത്തിലൂടെയാണ് വര്‍ഷങ്ങളായി നടക്കുന്നത്.
കുടിവെള്ള പദ്ധതി ഇനി പുനരുജ്ജീവിപ്പിക്കാനാവില്ലെന്നറിഞ്ഞ നാട്ടുകാര്‍ ഇതു നികത്തി പരിസരവാസികളുടെ ദുരിതമകറ്റണം എന്നാവശ്യപ്പെട്ടു ജലനിധി, പഞ്ചായത്ത് ഓഫീസുകളില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. പല തവണ ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് എത്തിച്ച് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. നാട്ടുകാര്‍ക്ക് ഗുണമില്ലാത്ത ഒരു കിണര്‍ അധികാരികള്‍ എന്തിനാണ് സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിനുമാത്രം മറുപടിയില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നേരത്തെ ഇത് സംബന്ധിച്ചു പ്രദേശത്തെ ക്ലബ്ബ് ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കിണറിനു തൊട്ടടുത്ത വീട്ടില്‍ നേരത്തെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ ഉപയോഗ ശൂന്യമായ കിണറുമൂലമുളള ഭീഷണി അകറ്റണമെന്ന് ആന്തിയൂര്‍കുന്ന് ചുറ്റുവട്ടം റസിഡന്‍സ് അസോസിയേഷന്‍ പഞ്ചായത്ത്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."