മന്ത്രി കെ.ടി ജലീലിന് വലതുപക്ഷ മനോഭാവമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
മന്ത്രിമാരുടെ പ്രകടനങ്ങള്‍ ശരാശരിക്കും താഴെ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ സംബന്ധിച്ചുള്ള ജനഹിതമറിയാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാര്‍ട്ടി മന്ത്രിമാരുടെ പ്രകടനവും ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നേതാക്കള്‍.
പല മന്ത്രിമാരുടെയും പ്രകടനം ശരാശരിക്കും താഴെയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുകയും സംഘടനാപരമായി പരിശോധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇങ്ങനെയൊരു പരിശോധന ഇപ്പോള്‍ നടക്കുന്നില്ല. മന്ത്രി കെ.ടി ജലീലിന് വലതുപക്ഷ സമീപനമാണെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിമര്‍ശനമുണ്ടായത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും നേതാക്കളും നടത്തിവരുന്ന ഗൃഹസന്ദര്‍ശനം ഗുണകരമാണ്. എന്നാല്‍, സംസ്ഥാനതലം മുതല്‍ ബ്രാഞ്ചുവരെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളില്‍ കടന്നുവന്നിട്ടുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റിയിട്ടുണ്ട്.
നേതാക്കളുടെ ഈ മനോഭാവം മാറ്റാതെ സാധാരണ പാര്‍ട്ടി അംഗങ്ങളെ പഴിക്കുന്നതുകൊണ്ടു കാര്യമായ ഒരു ഗുണവും ലഭിക്കില്ലെന്നും സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം നേതാക്കളും നിലപാടെടുത്തു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന വലിയൊരുഭാഗം വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ടുചെയ്തുവെന്ന കാര്യത്തില്‍ സംശയമില്ല. ആക്റ്റിവിസ്റ്റുകളെന്ന് പറയുന്ന രണ്ടു സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിച്ചത് ആരുടെ തലയില്‍ ഉദിച്ച ബുദ്ധിയാണെങ്കിലും അതിനു വലിയ വില നല്‍കേണ്ടിവന്നത് പാര്‍ട്ടിയാണ്. ചില മന്ത്രിമാര്‍ വിവാദങ്ങള്‍ സ്വയം വരുത്തിവയ്ക്കുകയാണ്. ബന്ധുനിയമന കേസിന്റെ പേരില്‍ ഉണ്ടായ പ്രതിസന്ധി തീരുന്നതിനിടെ മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ടുയര്‍ന്ന നിയമന വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ ക്ഷീണമുണ്ടാക്കി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെതിരേയും വിമര്‍ശനമുയര്‍ന്നു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി കെ.കെ ശൈലജയുടെ പ്രവര്‍ത്തനത്തിന് വലിയ പ്രശംസയാണ് സെക്രട്ടേറിയറ്റില്‍ ലഭിച്ചത്. ഇന്നും സെക്രട്ടേറിയറ്റ് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."