മെഡിക്കല്‍ കോഴ: സി.എസ്.ഐ ബിഷപ്പ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍കോളജില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സി.എസ്.ഐ ബിഷപ്പ് അടക്കം മൂന്നു പേര്‍ക്കെതിരേ നടപടി വേണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജം റസാലം, കോളജ് മുന്‍ഡയരക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.തങ്കരാജ് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ തുക തിരിച്ചുപിടിക്കാനും നടപടി വേണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നേരത്തേ തലവരിപ്പണത്തെ ചൊല്ലി സി.എസ്.ഐ നേതൃത്വത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കോടികളുടെ കോഴയിടപാട് പുറത്തറിഞ്ഞത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കൈപ്പറ്റിയ തലവരിപ്പണം ബിഷപ്പ് ധര്‍മരാജം റസാലത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്നായിരുന്നു പുതിയ ഭരണ സമിതിയുടെ ആരോപണം. തലവരിപ്പണമായി ലഭിച്ച കോടികള്‍ അക്കൗണ്ടില്‍ കാണുന്നില്ലെന്നും ബിഷപ്പിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സഭാ സിനഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടെന്നും ഈ പണം വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കാമെന്നും രണ്ടുമാസം മുന്‍പ് ബിഷപ്പ് ധര്‍മരാജം റസാലം ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന് സത്യവാങ്മൂലം നല്‍കിയിരുന്നു. കോളജില്‍ സീറ്റുകള്‍ കിട്ടാതിരുന്ന വിദ്യാഥികള്‍ മുന്‍കൂര്‍ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ട് കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മിഷന്‍ കോളജ് മാനേജ്‌മെന്റില്‍ നിന്ന് വിശദീകരണം തേടിയത്. പണം തങ്ങളുടെ സമാന്തര അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും 12 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്നുമായിരുന്നു ബിഷപ്പിന്റെ സത്യവാങ്മൂലം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിശോധിച്ച ശേഷമാണ് ബിഷപ്പ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ നടപടി വേണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."