നമുക്ക് പ്രതീക്ഷിക്കാം ആ രാവിനെ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമൊ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരും. പ്രഭാതോദയം വരെ അത് സമാധാനമെത്രെ(വി:ഖു.97). ലൈലത്തുല്‍ഖദ്ര്‍ എന്നത് ആ പ്രത്യേക രാത്രിയുടെ നാമമല്ല. മറിച്ച് അതൊരു വിശേഷമാണ്. ഖുര്‍ആന്‍ അവതീര്‍ണമായ രാവായതു കൊണ്ടാണ് ഖദ്‌റിന്റെ രാത്രിയെന്ന് വിശേഷണം ചെയ്യാന്‍ കാരണം. ആയിരം മാസത്തേക്കാള്‍ പവിത്രത നല്‍കപ്പെടുന്ന നിര്‍ണായകരാവ്. റമദാനിലെ ഏത് രാത്രിയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ റമദാന്‍ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിച്ച് കൊള്ളട്ടെ എന്നാണ് പ്രവാചകന്‍(സ) പറഞ്ഞത്.
അബൂസഈദില്‍ ഖുദ്‌റി (റ) നിവേദനംചെയ്യുന്നു, റമദാനിലെ ആദ്യത്തെ പത്തില്‍ നബി(സ) ഇഅ്തികാഫ് ഇരുന്നിരുന്നു. പിന്നീട് നടുവിലെ പത്തില്‍ ഒരു തുര്‍ക്കീ മോഡല്‍ തമ്പില്‍ വീണ്ടും ഇഅ്തികാഫിരുന്നു. പിന്നീട് തമ്പില്‍നിന്ന് തല പുറത്തിട്ടുകൊണ്ട് പറഞ്ഞു. ആ രാത്രിയെ പ്രതീക്ഷിച്ച്‌കൊണ്ട് ആദ്യമായി ഒന്നാമത്തെ പത്തില്‍ ഞാന്‍ ഭജനമിരുന്നു. പിന്നെ നടുവിലെ പത്തിലും ഭജനമിരുന്നു. അപ്പോള്‍ എന്റെയടുത്ത് വരുന്നവന്‍ (ജിബ്‌രീല്‍) അത് അവസാനത്തെ പത്തിലാണെന്ന് പറഞ്ഞു. അത് കൊണ്ട് എന്നൊടൊപ്പം ഭജനമിരുന്നവര്‍ അവസാനത്തെ പത്തില്‍ കൂടി ഭജനമിരിക്കുക. എനിക്ക് ഈ നിര്‍ണായകരാത്രിയെ കാണിക്കപ്പെട്ടിരുന്നു. പിന്നീട് എന്നില്‍നിന്ന് അള്ളാഹു അത് മറപ്പിച്ചു കളഞ്ഞു(മുസ്‌ലീം).
മുന്‍ഗാമികളായ പ്രവാചകന്മാരുടെ സമുദായത്തിന് മുഹമ്മദ് നബിയുടെ ഉമ്മത്തിനേക്കാള്‍ കൂടുതല്‍ ആയുസ് അള്ളാഹു നല്‍കിയിരുന്നു. അതിനാല്‍ ദീര്‍ഘകാലം അള്ളാഹുവിനെ ആരാധിക്കുവാനും ആ സമുദായത്തിന് കഴിഞ്ഞു. എന്നാല്‍ പ്രവാചകന്റെഉമ്മത്തിന് ചുരുങ്ങിയ ആയുസില്‍ മുന്‍ഗാമികളുടെ ആരാധനയുടെ പതിന്മടങ്ങ് പ്രതിഫലമാണ് അള്ളാഹു നല്‍കിയിരിക്കുന്നത്. ഇത് കരസ്ഥമാക്കുന്നവനത്രെ സുകൃതം ചെയ്തവന്‍. നിര്‍ണായകരാത്രിയെ പ്രവാചകനില്‍നിന്ന് അള്ളാഹു തആല മറപ്പിച്ചില്ലായിരുന്നുവെങ്കില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് കൊണ്ടുള്ള ആരാധന നിശ്ചിത രാവില്‍ മാത്രമായി ഒതുങ്ങുമായിരുന്നു.
പ്രവാചകനില്‍നിന്ന് മറപ്പിച്ചതിനാല്‍ വലിയ അനുഗ്രഹം തന്നെയാണ് ഈ ഉമ്മത്തിന് ലഭിച്ചിരിക്കുന്നത്. ചില സവിശേഷ താല്‍പര്യങ്ങളും ഗുണങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് അള്ളാഹു ഇങ്ങനെ ചെയ്തത.്
ഉബാനത്തുബ്‌നു സ്വാമിത്വ് (റ) നിവേദനം ചെയ്യുന്നു. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് വിവരം നല്‍കാന്‍ നബി (സ) പുറപ്പെട്ടു. ആസമയത്ത് മുസ്‌ലീംകളില്‍പെട്ട രണ്ടുപേര്‍ കലഹിക്കുന്നതായി പ്രവാചാകന്‍ കണ്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് വിവരം തരാനാണ് ഞാന്‍ പുറപ്പെട്ടിരുന്നത്. അപ്പോഴാണ് ഇവര്‍ രണ്ടുപേര്‍ കലഹിക്കാന്‍ തുടങ്ങിയത്. അതിനാല്‍ ആ രാത്രി ഏതാണെന്ന വിവരം എന്നെ മറവിപ്പിച്ചുകളഞ്ഞു. ഒരു പക്ഷെ അത് നിങ്ങള്‍ക്ക് ഗുണകരമായി തീര്‍ന്നേക്കാം. അത് കൊണ്ട് ഇരുപത്തിയൊമ്പത്, ഇരുപത്തിയേഴ്, ഇരുപത്തിയഞ്ച്, എന്നീ ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചു കൊള്ളുക(ബുഖാരി)
നിര്‍ണായക രാത്രിയെ സംബന്ധിച്ച് വ്യത്യസ്ഥങ്ങളായ ഹദീസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലൈലത്തുല്‍ ഖദ്ര്‍ അവസാന പത്തിലാണെന്ന് മാത്രമേ പണ്ഡിതന്‍മാര്‍ ഖണ്ഡിതമായി പറയുന്നുള്ളു. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് കൊണ്ട് രാതിയുടെ യാമങ്ങളില്‍ ആരാധനാകര്‍മങ്ങളില്‍ മുഴുകുകയും, പാപമോചനത്തിന് പ്രാര്‍ഥിക്കുകയും ചെയ്യണം. തസ്ബീഹുകളും, ദിക്‌റുകളും, സ്വലാത്തുകളും, തസ്ബീഹ് നിസ്‌കാരങ്ങളും കൊണ്ട് ദിനരാത്രങ്ങളെ ധന്യമാക്കുകയാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നവര്‍ ചെയ്യേണ്ടത്. അനസ് (റ) റിപ്പോര്‍ട്ട്‌ചെയ്യുന്ന ഹദീസില്‍ കാണാം നബി (സ) പറഞ്ഞു. ലൈലത്തുല്‍ ഖദ്‌റായാല്‍ ജിബ്‌രീല്‍ (അ) ഒരുസംഘം മലക്കുകള്‍ക്കിടയിലേക്ക് ഇറങ്ങി വരികയും നിന്നും, ഇരുന്നും, ഇലാഹി സ്മരണയിലേര്‍പ്പെടുന്ന എല്ലാ അടിമകള്‍ക്കും വേണ്ടി പ്രാര്‍ഥന നടത്തുകയും, പിന്നീട് പെരുന്നാള്‍ ദിവസമയാല്‍ അള്ളഹു തന്റെ ദാസരെക്കുറിച്ച് മലക്കുകളോട് അഭിമാനം പ്രകടിപ്പിക്കും. അള്ളഹു അവരൊട് പറയും.
മലക്കുകളെ. തന്റെ ജോലി പൂര്‍ത്തിയാക്കിയ തൊഴിലാളിക്കുള്ള പ്രതിഫലമെന്താണ്? അപ്പോള്‍ മലക്കുകള്‍ പറയും. ഞങ്ങളുടെ രക്ഷിതാവേ അവന്റെ പ്രതിഫലം ജോലിക്കുള്ള കൂലി നല്‍കുക എന്നതാണ്. അപ്പോള്‍ അള്ളാഹു പറയും . മലക്കുകളെ എന്റെ ഈ ദാസന്മാരും ദാസികളും ഞാനവരിലേക്ക് ഏല്‍പിച്ചിരുന്ന ബാധൃത നിര്‍വഹിച്ചു. അപ്പോളവര്‍ എന്നോട് പ്രാര്‍ഥിക്കാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെട്ടിരിക്കുകയാണ്. എന്റെ പ്രതാപമാണെ, എന്റെ ശ്രേഷ്ട്തയാണെ, എന്റെ ഔദാര്യമാണെ, എന്റെ ഔന്നത്യമാണെ, എന്റെ ഉയര്‍ന്ന അധികാരമാണെ സത്യം അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുക തന്നെ ചെയ്യും. പിന്നീട് അള്ളാഹു തന്റെ ദാസന്മാരോട് പറയും. നിങ്ങള്‍ക്ക് പൊറുത്ത് തന്നിരിക്കുന്നു. നിങ്ങളുടെ തിന്മകളെ നന്മകളാക്കി ഞാന്‍ മാറ്റിയിരിക്കുന്നു. അങ്ങനെ അവര്‍ പാപ മുക്തരായി മടങ്ങിപോകും.(ബൈഹക്കി).
എല്ലാവര്‍ഷവും അള്ളാഹു ഇത് ആവര്‍ത്തിക്കുന്നു. പ്രതിഫലം ആഗ്രഹിച്ചവനായി നോമ്പ് അനുഷ്ടിക്കുകയും തറാവീഹ് നിസ്‌ക്കരിക്കുകയും, ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് കൊണ്ട് ഭജനമിരിക്കുകയും പാപമോചനത്തിന് വേണ്ടി പ്രാര്‍ഥനയില്‍ വ്യാപൃതനാകുകയും ആത്മ നിര്‍വൃതിയോടെ പെരുന്നാള്‍ നമസ്‌ക്കരിക്കുകയും ചെയ്തതിനാണത്രെ ഇത്.
ഈ വരും ദിനരാത്രങ്ങളില്‍ നമുക്ക് പ്രതീക്ഷിക്കാം ആരാവിനെ. അതിന്റെ പുണ്യത്തേയും.
(എസ്.വൈ.എസ് പാലക്കാട് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."