പ്രളയക്കെടുതി: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതിക്ക് നിര്‍ദേശം
കൊണ്ടോട്ടി: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ തകര്‍ന്ന ആസ്തികള്‍ പുനഃസൃഷ്ടിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമായി തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതി വരുത്താന്‍ അനുമതി.
പ്രളയത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനും ജില്ലാ ആസൂത്രണസമിതി തള്ളിയവയും സബ്‌സിഡി പാലിക്കാത്തതുമായ പദ്ധതികളില്‍ ഭേദഗതി വരുത്താനുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കിയത്.
ജില്ലാതലത്തില്‍നിന്ന് വെറ്റിംങ് ഓഫിസര്‍മാര്‍ അനുമതി നല്‍കാത്ത പദ്ധതികള്‍, കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്കുള്ള വിഹിതം വകയിരുത്തല്‍, ആശ്രയ പദ്ധതികള്‍ക്കുള്ള വിഹിതം,അങ്കണവാടി അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കുമുള്ള വേതനം, ലൈഫ് മിഷന്‍ പദ്ധതി പരിഷ്‌കരണം തുടങ്ങിയവയ്‌ക്കെല്ലാം നിലവിലെ പദ്ധതികള്‍ ഭേദഗതി ചെയ്ത് നടപ്പിലാക്കാം.
സെപ്റ്റംബര്‍ അഞ്ചിനുള്ളില്‍ വാര്‍ഷിക ഭേദഗതി നടത്തി ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറണം.
തദ്ദേശ സ്ഥാപനങ്ങള്‍ ഭേദഗതി ചെയ്ത പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പ്രത്യേകം പരിശോധിച്ചാണ് തീരുമാനം കൈകൊളളുക. ഭേദഗതി ചെയ്യുന്ന പദ്ധതികളുടെ ഫണ്ട് മുന്‍വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താനും, ശേഷിക്കുന്ന ഫണ്ട് പുതിയ പദ്ധതികള്‍ക്ക് ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."