ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആര്‍.എസ്.എസ്
നാഗ്പൂര്‍: ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞു. സുപ്രിംകോടതി വിധി അഭിപ്രായസമന്വയം ഇല്ലാതെയും ആചാരങ്ങള്‍ പരിഗണിക്കാതെയുമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ സ്ത്രീക്കും പുരുഷനും വിവേചനമരുതെന്ന ആദ്യനിലാപാടായിരുന്നു ആദ്യം ആര്‍.എസ്.എസ് സ്വീകരിച്ചിരുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസസമൂഹത്തിന്റെ വികാരം പരിഗണിച്ചല്ല ശബരിമലയില്‍ സുപ്രിംകോടതി വിധി. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പരാതിയില്‍ പുറപ്പെടുവിച്ച വിധി, സമൂഹത്തില്‍ അശാന്തിയും ഭിന്നതയും മാത്രമാണ് ഉണ്ടാക്കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റുമ്പോള്‍ ആവശ്യമായ ആലോചനകള്‍ നടന്നില്ല. മതപുരോഹിതര്‍, സന്യാസിശ്രേഷ്ഠര്‍ തുടങ്ങി വിവിധതലങ്ങളില്‍ ചര്‍ച്ച ആവശ്യമായിരുന്നു ഭഗവത് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണവിഷയത്തില്‍ മോദി സര്‍ക്കാരിനെ ഭഗവത് വിമര്‍ശിച്ചു. തങ്ങളുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്നവര്‍ അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടു രാമക്ഷേത്ര നിര്‍മാണം നടക്കുന്നില്ലെന്നു ജനങ്ങള്‍ ചോദിക്കുന്നു. ക്ഷേത്രനിര്‍മാണത്തിനായി കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."