കാസര്‍കോട്ടുകാരുടെ പ്രിയ റദ്ദുച്ച, 89 വോട്ടിന് സുരേന്ദ്രനെ കുരുക്കിയ കരുത്തന്‍
ശനിയാഴ്ച വിടപറഞ്ഞ പി.ബി അബ്ദുറസാഖ് എം.എല്‍.എയെ നാട്ടുകാര്‍ പ്രിയത്തോടെ വിളിച്ചിരുന്നത് റദ്ദുച്ചയെന്നാണ്. അത്ര മനോഹരമായി തന്നെയാണ് ആ വിളിയെ അദ്ദേഹം സ്വീകരിച്ചിരുന്നതും. തുളുനാടിന്റെ അവകാശത്തോടൊപ്പം എന്നും നില്‍ക്കുകയും അതിനുവേണ്ടി സംസാരിക്കുകയും ചെയ്തു. നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ പോലും ഇത് പ്രകടമായിരുന്നു. എല്ലാവരും മലയാളത്തില്‍ മാത്രം സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ റദ്ദുച്ച അത് കന്നഡയിലാക്കി. ഭാഷാ ന്യൂനപക്ഷത്തിനൊപ്പമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ആ നിമിഷം.
[caption id="attachment_640384" align="aligncenter" width="660"] വിജയനിമിഷത്തില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനോടൊപ്പം പി.ബി അബ്ദുറസാഖ് എം.എല്‍.എ[/caption]
2011 ല്‍ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവിനെ തോല്‍പ്പിച്ചാണ് റദ്ദുച്ച നിയമസഭയിലെത്തുന്നത്. അന്ന് 5828 വോട്ടുകള്‍ക്ക് വിജയിച്ച റദ്ദുച്ചയ്ക്ക് പിന്നീടുള്ള തെരഞ്ഞെടുപ്പ് കഠിനമായിരുന്നു. കടുത്ത വര്‍ഗീയത ഇളക്കിവിട്ട് ബി.ജെ.പി കെ. സുരേന്ദ്രനെ എതിരാളിയായി നിര്‍ത്തി ആവും വിധത്തിലെല്ലാം കളിച്ചു. പക്ഷെ, അവസാനം വോട്ടെണ്ണുമ്പോള്‍ 89 വോട്ടുകള്‍ക്കു മാത്രം റദ്ദുച്ച മുന്നിട്ടുനിന്നു. സുരേന്ദ്രന്‍ വീണ്ടും വോട്ടെണ്ണമെന്ന ആവശ്യമുന്നയിച്ചു. വീണ്ടും വീണ്ടുമെണ്ണിയപ്പോഴും 89 വോട്ടുകള്‍ക്ക് മുന്നിലുണ്ട്. വോട്ടെണ്ണല്‍ നടന്നിരുന്ന കാസര്‍കോട് ഗവ. കോളജിനു പുറത്തുവന്ന് അദ്ദേഹം അണപൊട്ടി കരയുകയായിരുന്നു. കര്‍ണാടകയോട് ചേര്‍ന്നുനില്‍ക്കുന്ന തുളുനാടിനെ വര്‍ഗീയ ശക്തികളില്‍ നിന്ന് മോചിപ്പിക്കാനായെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അവിടംകൊണ്ട് തീര്‍ന്നില്ല. 89 വോട്ടുകളുടെ പേരില്‍ സുരേന്ദ്രനും ബി.ജെ.പിയും കോടതി കയറി. റദ്ദുച്ചയ്‌ക്കെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ത്തി. അതിനിടയില്‍ തന്റെ അല്‍ഭുതാവഹമായ വിജയത്തിന്റെ അടയാളമായി റദ്ദുച്ച തന്റെ കാറിന്റെ നമ്പര്‍ 89 എന്നാക്കി. അത് പിന്നീട് വര്‍ഗീയവിരുദ്ധ പോരാട്ടത്തിന്റെ അടയാളമായി മാറി. കാസര്‍കോടന്‍ അതിര്‍ത്തിയില്‍ ഒരു കാവലായും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."