എഴുത്തു വഴിയിലെ പാലക്കാടന്‍ പെരുമ
ബോബന്‍ മാട്ടുമന്ത
എഴുത്തു വഴിയിലെ പാലക്കാടന്‍ പെരുമക്ക് കരിമ്പനയോളം ഉയരവും നിളാനദിയോളം ആഴവും പരപ്പുമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാരംഭിച്ച ആ ഒഴുക്ക് ഇന്നും അനുസൃതം തുടരുന്നു. 1889 ലാണ് പാലക്കാടന്‍ എഴുത്ത് പാരമ്പര്യത്തിന്റെ തുടക്കമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അക്ഷരങ്ങളും വാക്കുകളും കോര്‍ത്തിണക്കി അച്ചടിമഷി പുരട്ടി പുറത്തിറക്കിയ 'ആര്യസിദ്ധാന്തചന്ദ്രിക'യാണ് പാലക്കാട്ടിന്റെ പത്ര-മാസികാ തുടക്കം. ആര്യസിദ്ധാന്തചന്ദ്രികയില്‍ നിന്നാരംഭിച്ച വായനാ സംസ്‌കാരം ഒരു നൂറ്റാണ്ട് പിന്നിട്ടിരുക്കുന്നു.
19-ാം നൂറ്റാണ്ട് എഴുത്തിന്റെയും വായനയുടെയും സുവര്‍ണകാലഘട്ടമായിരുന്നു. മത്സരബുദ്ധിയോടെ പുറത്തിറങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളാണ് കാലഘട്ടത്തെ സര്‍ഗാത്മകമാക്കിയതും ഇരുത്തംവന്ന വായനക്കാരനെയും എഴുത്തുകാരനെയും പാലക്കാടന്‍ മണ്ണില്‍ പ്രതിഷ്ഠിച്ചതും. മലയാളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന മികച്ച സൃഷ്ടികള്‍ പിറവികൊണ്ടത് കഴിഞ്ഞ നൂറ്റിണ്ടിലാണ്. പ്രൗഢമായ ഈ എഴുത്തുപരമ്പര്യത്തിന്റെ പിന്‍പറ്റിയാണ് പാലക്കാടിന്റെ സര്‍ഗസാഹിത്യമണ്ഡലം പടര്‍ന്നു പന്തലിച്ചത്. ആ ധാരയിലേക്ക് ഒ.വി വിജയനും എം.ടിയും, വെളിച്ചവും തെളിച്ചവുമേകി.
ആധൂനിക സാങ്കേതികവിദ്യയുടെ വരവോടെ പ്രസാധനവും അനുബന്ധ ജോലിയും എളുപ്പവും ലളിതവുമായതോടെ പ്രസിദ്ധീകരണങ്ങളുടെ കുത്തൊഴുക്കിനാണ് 20-ാം നൂറ്റാണ്ട് സാക്ഷിയായത്. എഴുത്തും വായനയും ഈ തലത്തിലേക്കുയര്‍ന്നതോടെ എഴുത്തുകാരന്‍ ഒരേ സമയം പ്രസാധകനുമായി. അച്ചും അച്ചുകൂടവും അപ്രത്യക്ഷമായ ഒരു കാലഘട്ടത്തിന്റെ സ്പന്ദനവും തിരിച്ചറിഞ്ഞ മാസികകളും പത്രങ്ങളും.
ആര്യസിദ്ധാന്ത ചന്ദ്രിക (1888)
ഹിന്ദുമതോദ്ധാരണം ലക്ഷ്യമാക്കി പാലക്കാട് രാമനാഥപുരം ആഗ്രഹാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരതീ ഹിന്ദുമതോദ്ധാരണ സംഘത്തിന്റ പ്രസിദ്ധികരണമായിരുന്നു ആര്യസിദ്ധാന്ത ചന്ദ്രിക. ബ്രഹ്മശ്രീ മഹാഗണപതിശര്‍മയുടെ കല്‍പന അനുസരിച്ച് ശിഷ്യന്‍ ജി. കൃഷ്ണ ശാസ്ത്രിയാണ് ഭാരതീ സംഘം 1888ല്‍ സ്ഥാപിച്ചത്. ജി. കൃഷ്ണ ശാസ്ത്രിതന്നെയായിരുന്നു ചന്ദ്രികയുടെ പത്രാധിപരും.
1889 ഫെബ്രുവരിയിലാണ് മാസികയുടെ അദ്യ ലക്കം പുറത്തിറങ്ങിയത്. മതാധിഷ്ഠിത ഉള്ളടക്കത്തോടെയായിരുന്നു ആദ്യ രണ്ടു ഭാഗങ്ങള്‍. ആര്യന്മാരുടെ പരിഷ്‌കാരങ്ങള്‍ നാട്ടില്‍ വരധിച്ചുവരാനും ഹിന്ദു മതവും സനാതനധര്‍മവും അഭിവൃദ്ധിയാവാനും നാട്ടില്‍ കൈത്തൊഴിലും കച്ചവടവും പ്രബലപ്പെട്ടു വരാനും കാരണമായിതീരുന്ന സാരമായ ഓരോ ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതാനറിയുന്നവര്‍ ഇനിയും മിണ്ടാതിരിക്കരുതെന്ന പരസ്യത്തിലൂടെ നമുക്ക് മാസികയുടെ സ്വഭാവം ഗ്രഹിക്കാം. മൂന്നാം ഭാഗത്തോടെ മാസികയുടെ ഘടനയില്‍ മാറ്റം വന്നു. മാസികയുടെ അസ്ഥിത്വം നിലനിര്‍ത്തിക്കൊണ്ടും വര്‍ത്തമാന പത്രത്തിന്റെ സ്വഭാവം കൈകൊണ്ടുമായിരുന്നു പിന്നീട് പുറത്തിറങ്ങിയത്.
പൂര്‍വഖണ്ഡം വര്‍ത്തമാനപത്രത്തിനും ഉത്തരഖണ്ഡം മാസികക്കുവേണ്ടിയും വിനിയോഗിച്ചു. നഗരസഭാ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചിരുന്നു. രണ്ടുഖണ്ഡവും കൂടി 96 ഭാഗമാണുണ്ടായിരുന്നത്. മാസംതോറും പ്രസിദ്ധികരിച്ചിരുന്ന ചന്ദ്രികയുടെ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ നിരക്ക് നാല് രൂപ എട്ട് അണയായിരുന്നു. കുടിശ്ശിക വരുത്തിയാല്‍ ആറ് രൂപ അടക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ഭാരതീ മഠത്തോടനുബന്ധിച്ച് അച്ചുകൂടവും ഗ്രന്ഥശാലയും വായനശാലയും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കൃതത്തിലെയും ദേശീയഭാഷയിലെയും മതസംബന്ധമായും വിജ്ഞാനപ്രദവുമായ 700ല്‍ പരം പുസ്തകങ്ങളുടെ ശേഖരത്താല്‍ സമ്പന്നമായിരുന്നു ഗ്രന്ഥശാല. വായനശാലയിലാവട്ടെ ഇംഗ്ലിഷിലും മലയാളത്തിലുമുള്ള പത്രങ്ങളും മാസികളും ലഭ്യമായിരുന്നു. ആര്യധര്‍മ പരിപോഷണത്തിനായി അര്യധര്‍മ സഞ്ജീവനി സമാജവും ഇതിനനുബന്ധമായി പ്രവര്‍ത്തിച്ചിരുന്നു. പാലക്കാട്ടെ ഹെഡ് ഓഫിസ് കൂടാതെ തൃശ്ശൂരില്‍ ഒരു സബ് ഓഫിസും പ്രവര്‍ത്തിച്ചിരുന്നു.
ചക്രവര്‍ത്തി (1902)
രാഷ്ട്ര വീക്ഷണം മുഖമുദ്രയാക്കിയ പ്രസിദ്ധീകരണമായിരുന്നു ചക്രവര്‍ത്തി. ഒന്നാം ലക്കത്തിലെ ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, ഇന്ത്യ- ഭൂതവും വര്‍ത്തമാനവും തുടങ്ങിയ ലേഖനങ്ങളും മാസികയുടെ പേരും മുഖചിത്രവും രാഷ്ട്ര ബോധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എ. രാമന്‍ മൂസതിന്റെ പത്രാധിപത്യത്തില്‍ 1902 ജനുവരിയിലാണ് മാസികയുടെ പിറവി. പട്ടാമ്പിയിലെ വിഞ്ഞാനചിന്താമണി അച്ചുകൂടത്തിലായിരുന്നു മുദ്രണം. ഒറ്റ പ്രതിവില 4 അണയും അറു മാസത്തെ വരിസംഖ്യ 1 രൂപയുമായിരുന്നു. ചക്രവര്‍ത്തിയുടെ ലക്ഷ്യത്തെ കുറിച്ച് മാസികയില്‍ പറയുന്നത് 'മലയാള ഭാഷയില്‍ പല വിഷയങ്ങളെ പറ്റിയും ഗ്രന്ഥമല്ലാത്ത ന്യൂനതയെ പരിഹരിപ്പാനും കാലാനുസരണം രാജ്യപരിപാലനത്തില്‍ വന്നുപോവുന്ന വീഴ്ചകളെ ചൂണ്ടി കാണിക്കാനും സ്ത്രീകള്‍ക്ക് അറിവുണ്ടാകത്തക്ക സംഗതികളെ പറ്റി പ്രതിപാദിക്കാനും പുരാതനവും നൂതനവുമായ ഇന്ത്യയുടെ സ്ഥിതിവ്യത്യാസത്തെ കാണിക്കാനും ചക്രവര്‍ത്തി സദാ സന്നദ്ധനായി തീരുന്നതിനു പുറമെ ഏതെങ്കിലും ഒരു പുതിയ കഥയെ നവീന സമ്പ്രദായത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതാകുന്നു'.
സുജനമിത്രം (1905)
മതം സാഹിത്യം തത്വചിന്ത തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായി 1905ല്‍ പുറത്തിറത്തിയ മാസികയാണ് സുജനമിത്രം. വണ്ടാഴി നെല്ലിക്കലിടം കോമ്പി അച്ഛറെയും കോണിക്കലിടം മാധവ വര്‍മയുടെയും ഉടമസ്ഥതയിലായിരുന്നു മാസിക നടത്തിയിരുന്നത്. ടി.പി രാമന്‍ നായരാണ് ആലത്തൂര്‍ മൂകാംമ്പിക പ്രസ്സില്‍നിന്ന് മാസിക അച്ചടിച്ചിരുന്നത്. എ.എന്‍ കൃഷ്ണനെഴുത്തശ്ചന്‍, എം.എന്‍ മേനോന്‍, മരുതൂര്‍ കരുണാകരന്‍കുട്ടി മേനോന്‍, തുടങ്ങിയവരായിരുന്നു ലേഖന കര്‍ത്താക്കള്‍.
സാരബോധിനി (1905)
കണ്ണമ്പ്ര കുഞ്ഞുണ്ണി നായരുടെയും പി.ജി രാമയ്യരുടെയും പത്രാധിപത്യത്തില്‍ 1905ല്‍ പാലക്കാടുനിന്ന് പുറത്തിറങ്ങിയ മാസികയാണ് സാരബോധിനി. കാമ്പ്രം ബ്രദേഴ്‌സ് അച്ചുകൂടത്തിലായിരുന്നു മാസികയുടെ മുദ്രണം.
സാഹിത്യ ചിന്താമണി (1905)
തേലപ്പുറത്ത് നാരായണന്‍ നമ്പിയുടെ പത്രാധിപത്യത്തില്‍ പട്ടാമ്പിയില്‍നിന്നാണ് സാഹിത്യ ചിന്താമണി പുറത്തിറങ്ങിയത്. 1905ല്‍ വിഞ്ഞാന ചിന്താമണി അച്ചുകൂടത്തില്‍ മുദ്രണം ചെയ്ത മാസികയുടെ ഉപപത്രാധിപര്‍ കയ്പ്പള്ളി വാസുദേവന്‍ മൂസതും മാനേജര്‍ ഏരാമന്‍ മൂസതുമായിരുന്നു. കഥ, കവിത, പ0നം, ജീവചരിത്രം എന്നിവയ്‌ക്കൊപ്പം മാസികയെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായമറിയാന്‍ പത്രാധിപര്‍ക്കുള്ള കത്തുകള്‍, പത്രാധിപ കുറിപ്പുകള്‍ക്കും ഇടം നല്‍കിയിരുന്നു.
സുദര്‍ശനം (1909)
മലയാള സാഹിത്യചരിത്രത്തില്‍ ദ്വിതീയാക്ഷര പ്രാസവാദവുമായി ബന്ധപ്പെട്ട് വിസ്മരിക്കാനാവാത്ത സാഹിത്യ സഞ്ചികയാണ് 1909ല്‍ ഒലവക്കോടുനിന്ന് പുറത്തിറങ്ങിയ സുധര്‍ശനം. കുന്നത്ത് കണ്ണന്‍ ജനാര്‍ദ്ധന മേനോനായിരുന്നു പത്രാധിപര്‍. പ്രാസയുദ്ധത്തെ സാഹിത്യലോകത്തിന്റെ ചിന്താധാരയില്‍ പ്രതിഷ്ഠിക്കുന്നതില്‍ സുദര്‍ശനം വഹിച്ച പങ്ക് പ്രശംസനീയമാണ്. ഉള്ളൂരിന്റെ പ്രാസവാദത്തെ ഖണ്ഡിച്ച് കെ.സി കേശവപിള്ള എഴുതിയ ലേഖനം സുദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മാസിക സാഹിത്യ ലോകത്ത് ചര്‍ച്ചയാവുന്നത്.
കേരളവര്‍മ വലിയകോയിത്തമ്പുരാനുവേണ്ടി ഉള്ളൂരും എ.ആറിനു വേണ്ടി കെ.സി കേശവപിള്ളയും പ്രാസ അനുകൂല-പ്രതികൂല വാദങ്ങളുയര്‍ത്തി കൊമ്പുകോര്‍ത്ത കാലത്താണ് കെ.സിയുടെ ലേഖനം സുധര്‍ശനത്തിലൂടെ വായനക്കാരിലെത്തിയത്. കേരളവര്‍മയുടെ അപ്രീതിഭയന്ന് മറ്റുപ്രസാധകര്‍ പിന്മാറിയഘട്ടത്തിലാണ് ജനാര്‍ദ്ധനമേനോന്‍ ഈ ദൗത്യം ഏറ്റെടുത്തത്.
ബി. കല്യാണി അമ്മയുടെ മഹതികള്‍, വള്ളത്തോളിന്റ ഉന്മത്തരാഘവം, അപ്പന്‍തമ്പുരാന്റെ ഭാസ്‌കരമേനോന്‍, ടി.സി കല്യാണി അമ്മയുടെ കാദംബരീ കഥാസാരം ഉള്‍പ്പടെ നിരവധി കൃതികള്‍ 'ഞങ്ങളുടെ വായനാമുറി' എന്ന പംക്തിയിലൂടെയാണ് വായനക്കാരിലെത്തിയത്. ജനാര്‍ദ്ദനമേനോന്‍ തന്നെയാണ് ഈ പംക്തി കൈകാര്യം ചെയ്തിരുന്നത്. തൃശ്ശൂര്‍ കേരള ചിന്താമണി, ഭാരത വിലാസം എന്നീ പ്രസ്സുകളിലായിരുന്നു മുദ്രണം. 'ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവനരാന്നി ബോധത' എന്ന ഉപനിഷ്മന്ത്രമാണ് സുദര്‍ശനത്തിന്റെ മുഖമുദ്ര.
ഗോപാലകൃഷ്ണന്‍ (1916)
ഗോപാലകൃഷ്ണ ഗോഖലയുടെ സ്മരണാര്‍ഥം പാലക്കാടുനിന്ന് പുറത്തിറങ്ങിയ മാസികയാണ് ഗോപാലകൃഷ്ണന്‍. പി. ചിപ്പുകുട്ടി നായരുടെ പത്രാധിപത്യത്തില്‍ 1916ലാണ് മാസികയുടെ പിറവി. പാലക്കാട് എം.വി പ്രസ്സിലായിരുന്നു മുദ്രണം. പി.എസ്. കൃഷ്ണസ്വാമി പിള്ളയാണ് പ്രസാധകന്‍. ജീവചരിത്രം, മതം, സമുദായം, സദാചാരം, സാഹിത്യം, ഗ്രന്ഥ നിരൂപണം തടങ്ങിയ വിഷങ്ങള്‍ക്കാണ് മാസിക പ്രാധാന്യം കല്‍പിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷമായിരുന്നു മാസികയുടെ ആയുസ്.
സാഹിതി (1923)
'ഒരു പദ്യവിശിഷ്ട മലയാളമാസിക ' എന്ന മുഖവുരയോടെയാണ് സാഹിതി മാസിക ആരംഭിക്കുന്നത്. പ്രശസ്തരായ കവികളുടെ ശ്ലോകവും ചേര്‍ത്തിരുന്നു. സാഹിത്യ സിദ്ധാന്തങ്ങള്‍ ,സംസ്‌കൃത വൃത്തങ്ങള്‍, ദ്രാവിഡ വൃത്തങ്ങള്‍, പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങള്‍ എന്നിവയെ കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ക്കുള്ള വേദിയായിരുന്നു സാഹിതി. സംസ്‌കൃത പണ്ഡിതന്മാരുടെ സാനിധ്യം ഈ ചര്‍ച്ചകളുടെ ആഴം കൂട്ടി. ഗ്രന്ഥ നിരൂപണ പംക്തിയായ 'കാവ്യലോകവും' സാഹിത്യ-സാംസ്‌കാരിക-വിദ്യഭ്യാസ വിഷയങ്ങള്‍ പ്രതിപാദിച്ചിരുന്ന പലവകയും മാസികയുടെ പ്രത്യേകതയായിരുന്നു. ഒറ്റപ്പാലം വെള്ളിനേഴിയില്‍നിന്ന് 1923ല്‍ പ്രസിദ്ധീകരണം ആരംഭിച്ച സാഹിതിയുടെ പത്രാധിപര്‍ ഒ.എം പരമേശ്വരന്‍ നമ്പൂതിരിപ്പാടായിരുന്നു.
പൈങ്കിളി (1923)
1923 കാലഘട്ടത്തില്‍ തന്നെയാണ് പൈങ്കിളിയുടെ വരവും. കെ. കുഞ്ചു എഴുത്തശ്ചന്റെ ഉടമസ്ഥതയില്‍ ഒറ്റപ്പാലം കമലാലയ അച്ചുകൂടത്തില്‍നിന്നാണ് മാസികയുടെ മുദ്രണം. കരുവാന്‍തൊടി ശങ്കരനെഴുത്തശ്ചനാണ് പത്രാധിപര്‍. പൈങ്കിളിയുടെ പിറവിയെ സംബന്ധിച്ച് മാസിക പറയുന്നു: നല്ല നിലയിലും നിലവാരത്തിലും നടത്തുന്ന മാസികകള്‍ കേരളത്തില്‍ നന്നേവിരളമായിരിക്കുന്നതില്‍ പരിതപിക്കുന്നു. വര്‍ത്തമാന പത്രങ്ങളുടെ നിലയും വിലയും മലയാളികളുടെ താല്‍ക്കാലിക സ്ഥിതിക്ക് പര്യപ്തമാണെങ്കില്‍ കൂടി സാഹിത്യ പ്രധാനങ്ങളായ പ്രസിദ്ധീകരണങ്ങളുടെ വൈരള്യം സഹിക്കത്തക്കതല്ല. മലബാറില്‍നിന്ന് പുറപ്പെടുന്ന മാസികകളുടെ എണ്ണം മുന്നോ നാലോ മാത്രമാണെന്നന്നും, അവയില്‍ തന്നെ ചിലതു ചില പ്രത്യേക വിഷയങ്ങളെ ലാക്കാക്കി നടത്തുന്നതാണെന്നും പറഞ്ഞാല്‍ സര്‍വതോന്മുഖങ്ങളായ സാഹിത്യ പ്രസ്ഥാനങ്ങളെ വിഷയീകരിച്ചു നടത്തുന്ന പ്രസിദ്ധീകരണങ്ങളുടെ ദൗര്‍ലഭ്യം തുലോം വെളിപ്പെട്ടു കഴിയും.
സമഭാവിനി (1923)
സമഭാവിനിയുടെ സമാരംഭത്തെ കുറിച്ച് മാസിക പ്രസ്താവിക്കുന്നത്, തെക്കന്‍ കേരളത്തില്‍നിന്ന് പുറത്തിറങ്ങുന്ന മാസികകളുടെ ലഭ്യത കുറവു പരിഹരിക്കാനും മലബാറിന്റെ ചിന്താധാരകള്‍ പ്രകടിപ്പിക്കാനുള്ള വേദിയുമാണ് സമഭാവിനി. 1923ല്‍ കടമ്പഴിപ്പുറത്തുനിന്നും പിന്നീട് പട്ടാമ്പിയില്‍നിന്നും പുറത്തിറങ്ങിയ സമഭാവിനിയുടെ മുദ്രണം നിര്‍വഹിച്ചത് ഒറ്റപ്പാലം കമലാലയ പ്രസ്സില്‍ പി. വേലായുധന്‍ നായരാണ്. കെ.വി.എം.വി ദ്വാന്‍ സി.എസ് നായര്‍, കെ.സി മാധവമേനോന്‍ എന്നിവരായിരുന്നു പത്രാധിപര്‍. പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ, വള്ളത്തോള്‍, കല്ലന്മാര്‍ തൊടി രാവുണ്ണി മേനോന്‍, ചെറുളി യില്‍ കുഞ്ഞുണ്ണി നമ്പീശന്‍, കെ.കെ രാജാ, കുട്ടിക്കൃഷ്ണമാരാര്‍, കുണ്ടൂര്‍ നാരായണ മേനോന്‍, കെ.എം പണിക്കര്‍, കെ.പി ശര്‍മ, പുത്തേഴത്തുരാമന്‍ മേനോന്‍, എം.ആര്‍.കെ.സി, ജി. ശങ്കരക്കുറിപ്പ് തുടങ്ങിയ സാഹിത്യനായകരുടെ സാന്നിധ്യമായിരുന്നു മാസികക്കു മുതല്‍കൂട്ട്.
ആരോഗ്യവിലാസം (1926)
ആരോഗ്യ വിഷയങ്ങളിലെ അവബോധം ലക്ഷ്യമിട്ട് സി.എസ്.നായരുടെ പത്രാധിപത്യത്തില്‍ 1926 ല്‍ പുറത്തിറങ്ങിയ മാസികയാണ് ആരോഗ്യവിലാസം. ചികിത്സാ ക്രമങ്ങളെ കുറിച്ചും ആരോഗ്യ പരിപാലന മാര്‍ഗ്ഗങ്ങളെകുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു മാസികയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.ബാല പരിചരണം, സൂതി കര്‍മ്മം, വ്യായമം, ആരോഗ്യ പരിചരണം, തുടങ്ങിയ ലേഖനങ്ങള്‍ പല ലക്കങ്ങളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. ഡോ: കെ.വി.വെങ്കിട്ടരാമന്‍, ഡോ: സതിബൂഷന്‍ മിത്ര, കുളപ്പറമ്പില്‍ രാമന്‍ വൈദ്യര്‍, ഇ.കെ.നായര്‍, ടി.വി.രയര കുറിപ്പ്, കെ.കുഞ്ഞിക്കണ്ണന്‍ നായര്‍, എന്നിവരായിരുന്നു എഴുത്തുകാര്‍.
അരുണോദയം (1927)
വിചാരവീചി, വിമര്‍ശനവീഥി, വിജ്ഞാനസൗധം, വൃത്താന്തവീഥി എന്നീ സ്ഥിരം പക്തികളാണ് അരുണോദയത്തെ വായനക്കാരോടുപ്പിച്ചു നിര്‍ത്തിയത്. ജ്ഞാനാധിഷ്ഠിത വിഷയങ്ങളാണ് വിചാര വീചിയില്‍ പ്രതിപാദിച്ചിരുന്നതെങ്കില്‍, ഗ്രന്ഥനിരൂപണ പക്തിയാണ് വിമര്‍ശനവീഥി. വിജ്ഞാന സൗധം വിവിധ പത്ര മാസികകളിലെ ഉദ്ധരണികള്‍ പ്രകാശിപ്പിച്ചിരുന്നൊരിടമായിരുന്നു. ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളുടെ സംക്ഷിപ്ത രൂപം വായനക്കാരിലെത്തിയതാവട്ടെ വൃത്താന്തവീഥിയിലൂടെയും ചിത്രങ്ങ ളും കവിതകളും പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിരുന്നു.
വിവേകാനന്ദ സ്വാമികള്‍, മഹാകവി വള്ളത്തോള്‍, അപ്പന്‍ തമ്പുരാന്‍, ഗാന്ധിജി, ടാഗോര്‍, ദയാനന്ദസരസ്വതി, ഏ.ആര്‍ രാജരാജവര്‍മ, ഉള്ളൂര്‍, കുമാരനാശാന്‍, വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാര്‍, കേശവപിള്ള, പി.കെ നാരായണപിള്ള എന്നിങ്ങനെ മഹാരഥന്‍മാരുടെ ഛായാചിത്രങ്ങളും ചേതോഹരങ്ങളായ സ്ഥലങ്ങളുടെ ചിത്രങ്ങളും മുഴുപേജില്‍ ഓരോ ലക്കങ്ങളിലൂടെ പുറത്തുവന്നിരുന്നു. പി. കുഞ്ഞിരാമന്‍ നായര്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറിപ്പ്, കല്ലന്മാര്‍ തോടിയില്‍ രാമുണ്ണി മേനോന്‍, നാലപ്പാട്ടു നാരായണ മേനോന്‍, ഉള്ളൂര്‍, കെ.കെ രാജാ, പള്ളത്തു രാമന്‍, കെ.എസ് എഴുത്തശ്ചന്‍, വെണ്ണിക്കുളം, ചെറുളിയില്‍ കുഞ്ഞുണ്ണി നമ്പീശന്‍, കണ്ണമ്പുഴകൃഷ്ണവാര്യര്‍, കുട്ടമത്ത് കുനിയൂര് കുഞ്ഞികൃഷ്ണ കുറുപ്പ് തുടങ്ങി പ്രമുഖ കവികളുടെ കാവ്യങ്ങളാല്‍ സമൃദ്ധമായിരുന്നു അരുണോദയത്തിന്റെ താളുകള്‍. 1927 ജൂണില്‍ ആദ്യ ലക്കം പുറത്തിറങ്ങിയ അരുണോദയത്തിന്റെ പത്രാധിപര്‍ ചേലനാട്ട് അച്യുതമേനോനും വിദ്വാന്‍ സി.എസ് നായരുമായിരുന്നു. വേലൂര്‍ ശങ്കരന്‍ നായരുടെ ഷഷ്ടിപൂര്‍ത്തി സ്മാരകമായി അദ്ധേഹത്തിന്റെ മകന്‍ പി. നാരായണന്‍ നായരുടെ ഉടമസ്ഥതയില്‍ ഒറ്റപ്പാലത്തുനിന്നായിരുന്നു പ്രസിദ്ധികരിച്ചിരുന്നത്.
ഗുരുപ്രസാദമാലിക (1935)
ആത്മീയ- സന്മാര്‍ഗിക- സാഹിത്യജ്ഞാനത്തെ കേരളീയരുടെ ഇടയില്‍ വര്‍ധിപ്പിക്കുന്ന ഉത്തമ മാസികയെന്ന അവകാശവാദത്തോടെയാണ് ഗുരുപ്രസാദമാലികയുടെ വരവ്. 1935ല്‍ ചിറ്റൂരില്‍നിന്ന് പുറത്തിറങ്ങിയ മാസികയുടെ പ്രസാധകന്‍ അമ്പാട്ട് ശങ്കരമേനോനാണ്. ചിറ്റൂര്‍ കമാക്ഷിയമ്മന്‍ അച്ചുകൂടത്തിലായിരുന്നു മുദ്രണം.
വിവേകവാണി (1936)
മതം, സാഹിത്യം, സമുദായം, ചരിത്രം, ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് വിവേകവാണി ഇടം നല്‍കിയിരുന്നു. 1936ല്‍ ഒലവക്കോടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പത്രാധിപര്‍ പി. ഗോവിന്ദമേനോന്‍ ബി.എ ആയിരുന്നു. മുദ്രണം നിര്‍വഹിച്ചത് ഒലവക്കോടുള്ള ശ്രീരാമകൃഷ്‌ണോദയം പ്രസിലായിരുന്നു. കനകത്ത് പത്മനാഭ മേനോന്‍, ആഗമാനന്ദ സ്വാമികള്‍, വടക്കേപ്പാട്ട് നാരായണന്‍ നായര്‍, കണ്ണമ്പ്ര കുഞ്ഞുണ്ണി നായര്‍, എന്‍. കുഞ്ഞിരാമപ്പതിയാര്‍, പി. ശങ്കുണ്ണി നായര്‍, പുത്തേഴത്തുരാമന്‍ മേനോന്‍, എ.ജി മേനോന്‍, ഗോവിന്ദപ്പിഷാരടി (ചെറുകാട്), കെ.എന്‍ എഴുത്തച്ഛന്‍, കെ. ശങ്കരനെഴുത്തച്ഛന്‍, എന്നിവരാണ് വിവേകാണിയുടെ താളുകള്‍ക്ക് ജീവന്‍ പകര്‍ന്നത്.
തുഞ്ചത്തെഴുത്തച്ഛന്‍ (1950)
തുഞ്ചത്ത് സ്മാരകാര്‍ഥം വിദ്യാ വിഷയങ്ങളില്‍ മാത്രം ആദായം വിനിയോഗിക്കുന്നതും കേരളീയരുടെ പൊതുസ്വത്തുമായ ഏക മാസിക എന്ന മുഖവുരയോടെ 1950ല്‍ പുറത്തിറങ്ങിയ മാസികയാണ് തുഞ്ചത്തെഴുത്തച്ഛന്‍. തുഞ്ചത്തെഴുത്തച്ഛന്‍ നിര്‍വാഹക സംഘത്തിനു വേണ്ടി കാര്യദര്‍ശി പി.ആര്‍ മേനോനാണ് ചിറ്റൂരില്‍നിന്ന് മാസിക പ്രസിദ്ധീകരിച്ചിരുന്നത്. തൃശ്ശൂര്‍ വിദ്യാവിനോദിനി അച്ചുകൂടത്തിലായിരുന്നു മുദ്രണം. പുത്തേത്തുരാമന്‍ മേനോനായിരുന്നു പത്രാധിപര്‍. തുഞ്ചത്തെഴുത്തച്ഛന്‍ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു മാസിക നടത്തിപ്പ്. മാനവിക്രമ സാമൂതിരിപ്പാടായിരുന്നു രക്ഷാധികാരി. ഭരണസമിതി അധ്യക്ഷന്‍ ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ അമ്പാട്ട് ഈച്ചര മേനോനും ഉപാധ്യക്ഷന്‍ ഡോ. വി.ഐ മന്നാടിയാര്‍ കഞ്ചിക്കോടും. സാഹിത്യ സമിതി അധ്യക്ഷനായി ആറ്റൂരും വള്ളത്തോളും, ഉപാധ്യക്ഷനായിരുന്നത് വടക്കുംകൂറും ചേലനാട്ടം സെക്രട്ടറി പി.ആര്‍ മേനോനുമായിരുന്നു. വരനാട്ടു കെ.പി ശാസ്ത്രികള്‍, വടക്കുംകൂറ് രാജരാജവര്‍മരാജ, കെ. അച്യുതപൊതുവാള്‍, കുറ്റിപ്പുറത്ത് കേശവന്‍നായര്‍, കെ.എന്‍ നാരായണപിള്ള, കൊല്ലങ്കോട് പി. ഗോപാലന്‍ നായര്‍, കോങ്ങാട്ടുരാമന്‍ കുട്ടിനായര്‍, സൂര്യനാരായണസ്വാമി, എസ്. പുരുഷോത്തമന്‍ നായര്‍, മരുതൂര്‍ കരുണാകരമേനോന്‍ തുടങ്ങിയവരാണ് എഴുത്തുകാര്‍. പദ പ്രശ്‌നവും മാസികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."