എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ തൊഴില്‍ നേടിയത് 44,823 പേര്‍
കണ്ണൂര്‍: കേരളത്തില്‍ എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ ഇതുവരെ ജോലി നേടിയതു 44,823 പേര്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്നതിലൂടെയാണ് സംസ്ഥാനത്ത് ഇത്രയും പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ക്കു സാധിച്ചത്.
നിലവില്‍ പത്തു സെന്ററുകളിലായി 1,47,530 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1,02,658 പേരെ അഭിമുഖം ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെ പരിശീലനത്തിനായി തെരഞ്ഞെടുക്കുകയും 96,049 പേര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഭിരുചിയുള്ള തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കി അനുയോജ്യ തൊഴില്‍ ലഭിക്കുന്നതിനു സഹായിക്കുകയാണ് എംപ്ലോയബിലിറ്റി സെന്ററുകളുടെ ലക്ഷ്യം.
ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി സംസ്ഥാനത്തു പത്ത് എംപ്ലോയബിലിറ്റി സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും നാല് ഇന്റര്‍വ്യൂ ഡ്രൈവ്, വര്‍ഷത്തില്‍ അന്‍പതിലധികം കമ്പനികളെ ഉള്‍പ്പെടുത്തി മെഗാ ജോബ് ഫെസ്റ്റ് എന്നിവ ഓരോ എംപ്ലോയബിലിറ്റി സെന്ററുകളിലും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, നിയുക്തി എന്ന പേരില്‍ മെഗാ ജോബ് ഡ്രൈവും നടത്തുന്നുണ്ട്.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഭാഗമായി ഗ്രാമീണതലത്തില്‍ കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ സ്ഥാപിച്ചു സിവില്‍ സര്‍വിസ് പരീക്ഷാ തയാറെടുപ്പുകള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ മേഖലയിലെ അവസരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും തൊഴില്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. 40 വയസുവരെയുള്ളവര്‍ക്കു രജിസ്റ്റര്‍ ചെയ്യാമെന്നതും പരിശീലനത്തില്‍ മികവു തെളിയിക്കുന്നവര്‍ക്കു മള്‍ട്ടിനാഷനല്‍ കമ്പനികളുടെ അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാകുമെന്നതുമാണ് എംപ്ലോയബിലിറ്റി സെന്ററുകളുടെ മറ്റൊരു പ്രധാന ആകര്‍ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."