ഭീതി പരത്തിയ അജ്ഞാത ബോട്ട് പിടികൂടി
ചാവക്കാട് (തൃശൂര്‍): കോസ്റ്റല്‍ പൊലിസിനെ കണ്ട് നിര്‍ത്താതെ പോയ ബോട്ട് പിന്തുടര്‍ന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ചു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഇന്നലെയാണ് കൂരിക്കുഴി കമ്പനിക്കടവില്‍ സംശയകരമായ നിലയില്‍ ബോട്ട് കണ്ടത്.
കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സി.ഐ നസീറിന്റെ നേതൃത്വത്തില്‍ അഴീക്കോട് കോസ്റ്റല്‍ പൊലിസ് തിരച്ചിലിനിറങ്ങി. പൊലിസിനെ കണ്ടതോടെ ലൈറ്റ് ഓഫ് ചെയ്ത് ബോട്ട് വടക്കോട്ട് അതിവേഗം ഓടിച്ചു പോയി. ഈ വിവരം ഉടന്‍ തന്നെ മുനക്കകടവ് കോസ്റ്റല്‍ പൊലിസിനെ അറിയിച്ചു.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ മൂന്നോടെ മുനക്കകടവ് കോസ്റ്റല്‍ പൊലിസ് ബോട്ട് കണ്ടെത്തി. പൊലിസിനെ കണ്ടതോടെ വീണ്ടും ബോട്ടിലുണ്ടായിരുന്നവര്‍ ലൈറ്റ് ഓഫ് ചെയ്തു. ബോട്ട് നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഒടുവില്‍ പൊലിസ് വെടിയുതിര്‍ക്കുമെന്ന് പറഞ്ഞതോടെ ബോട്ട് നിര്‍ത്തുകയായിരുന്നു. ലൈസന്‍സ് അടക്കമുള്ളവ ഇല്ലാതിരുന്നതിനാലാണ് നിര്‍ത്താതെ പോയതെന്നായിരുന്നു ഇവരുടെ മറുപടി. പിന്നീട് പരിശോധനയ്ക്ക് ശേഷം പൊലിസ് സംഘം ബോട്ട് കരയിലേക്ക് കൊണ്ടുവന്നു. ബോട്ട് ഫിഷറീസ് അധികൃതര്‍ക്ക് കൈമാറും. ബോട്ട് ഉടമയെക്കുറിച്ചും കസ്റ്റഡിയിലുള്ളവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും സി.ഐ എ റബീയത്ത് പറഞ്ഞു.രണ്ടു ബംഗാള്‍ സ്വദേശികളും രണ്ടു കോഴിക്കോട് സ്വദേശികളും ഒരു പൊന്നാനി സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്. മുനക്കകടവ് കോസ്റ്റല്‍ പൊലിസ് സി.ഐ എ റബീയത്ത്, എസ്.ഐ എ.ജെ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ സജീവന്‍, സി.പി.ഒ ജയദേവ്, സ്രാങ്ക് വിനോദ്, കോസ്റ്റല്‍ വാര്‍ഡന്‍ ലാല്‍കൃഷ്ണ എന്നിവരാണ് അതിസാഹസികമായി ബോട്ട് പിടികൂടിയത്.
പിടികൂടിയ ബോട്ട് പൊലിസ് കരക്കെത്തിച്ചപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."