മാവൂരില്‍ വീണ്ടും മാലിന്യവേട്ട; 20,000രൂപ പിഴചുമത്തി
മാവൂര്‍: മാവൂര്‍ അങ്ങാിടിക്കുസമീപം മാലിന്യം തള്ളിയവരെ വീണ്ടും കയ്യോടെ പിടികൂടി. കൂളിമാട് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി ഗ്രാസിം ഫാക്ടറിക്ക് സമീപവും, മത്സ്യമാര്‍ക്കറ്റിന് സപീമവും വാഹനത്തില്‍ നിന്നും മാലിന്യം തള്ളുന്നത് കണ്ട പ്രദേശത്തുകാരനാണ് തെളിവ് സഹിതം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചത്.
മാവൂരിലെ ഇലക്ട്രിക്കല്‍ കടയിലെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും, മാവൂര്‍ പാറമ്മലിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങളുമാണ് റോഡരികില്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി തള്ളിയത്. പ്രദേശത്തുകാരന്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയ വാഹന നമ്പര്‍ മാവൂര്‍ പോലിസിന് കൈമാറുകയും, വാഹന ഉടമയെ കണ്ടെത്തുകയുമായിരുന്നു. മാലിന്യം തള്ളിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തു.
പാറമ്മലിലെ മാര്‍ക്കറ്റ് ഉടമയില്‍നിന്ന് 10,000രൂപ ഈടാക്കി. മാവൂരിലെ ഇലക്ട്രിക്കല്‍ കടഉടമക്കും 10,000രൂപ പിഴചുമത്തിയിട്ടുണ്ട്. നേരത്തെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി മാലിന്യം തള്ളുന്നത് പിടി കൂടുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് പാരിതോഷികം വിവരം നല്‍കിയ വ്യക്തിക്ക് നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് അറീയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."