ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ ഭാര്യ പറയുന്നു മക്കളുടെ സുരക്ഷ ഉറപ്പാക്കണം
ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിന്റെ കൊലപാതകത്തിലേക്കു നയിച്ച കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യ. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുബോദ്കുമാറിന്റെ വിധവ രജനി റാത്തോഡ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിച്ചു. എന്റെ മക്കള്‍ അരക്ഷിതരാണ്. ഞങ്ങളാകെ ഭീതിയിലാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അവരില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കൂ- രജനി റാത്തോഡ് അഭ്യര്‍ഥിച്ചു.
ഇപ്പോള്‍ അവരെല്ലാം പുറത്തുകടന്നിരിക്കുന്നു. ഞാന്‍ കൊല്ലപ്പെടുമെന്നും അല്ലെങ്കില്‍ എന്റെ മക്കള്‍ കൊല്ലപ്പെട്ടേക്കാമെന്നും ഞാന്‍ ഭയക്കുന്നു. കോടതി ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉടന്‍ ഞാന്‍ പരാതി നല്‍കും. രാജ്യത്തെ സേവിക്കുന്നതിനിടയിലാണ് എന്റെ ഭര്‍ത്താവിന്റെ ജീവന്‍ പൊലിഞ്ഞത്. പക്ഷേ ഭര്‍ത്താവിന്റെ കൊലയാളികളെ പൂമാലയിട്ടാണ് സ്വീകരിച്ചത്- രജനി പറഞ്ഞു.
വിഷയത്തില്‍ മകന്‍ ശ്രേയ് പ്രതാപ് സിങ്ങും രൂക്ഷമായാണ് പ്രതികരിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയുള്ള കോടതിവിധി ഞങ്ങളെ ഞെട്ടിച്ചു. എന്തടിസ്ഥാനത്തിലാണ് ഇതുപോലൊരു വിധി കോടതി പുറപ്പെടുവിച്ചത്. അവരുടെ ജാമ്യം എത്രും വേഗം റദ്ദാക്കണമെന്ന് ഞാന്‍ കോടതിയോട് ആവശ്യപ്പെടുകയാണ്. ജാമ്യം നല്‍കാന്‍ മാത്രം ജയിലില്‍ കഴിഞ്ഞ ആറുമാസകാലയളവില്‍ എന്തു നല്ല പ്രവൃത്തിയാണ് ഇവര്‍ ചെയ്തത്? ഇത്തരം ആളുകളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിച്ചുകൂടാ. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇത്തരം ആളുകളെ തടവില്‍ പാര്‍പ്പിക്കുക തന്നെ വേണം. ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുമെന്നും ശ്രേയ് പ്രതാപ് അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ പ്രതിപക്ഷകക്ഷികളും വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് ജയിലിന് പുറത്തുവച്ച് സ്വീകരണം ഒരുക്കിയതില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് അവര്‍ക്ക് കോടതി ജാമ്യം നല്‍കിയതെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സോണല്‍ പൊലിസ് മേധാവി പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയോടെയാണ് പ്രതികളായ യുവമോര്‍ച്ച ജില്ലാ നേതാവ് ശിഖര്‍ അഗര്‍വാള്‍, ഉപേന്ദ്ര രാഘവ്, വെടിവച്ച സൈനികന്‍ ജീത്തു തുടങ്ങിയ ഏഴുപേര്‍ ബുലന്ദ്ഷഹര്‍ ജില്ലാ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഇവരെ സ്വീകരിക്കാനായി നിരവധി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാവിലെ തന്നെ ജയില്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പുറത്തുകടന്ന പ്രതികളുടെ കഴുത്തില്‍ പൂമാലയിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ് ' എന്നീ മുദ്രാവാക്യങ്ങളും ഉച്ചത്തില്‍ വിളിച്ചാണ് സ്വാഗതംചെയ്തത്. പ്രതികള്‍ക്കൊപ്പം സെല്‍ഫിയും വിഡിയോയും ചിത്രീകരിച്ച് ഇവരെ വാഹനത്തിലേക്ക് ആനയിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഡിസംബര്‍ രണ്ടിനാണ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ കൊല്ലപ്പെട്ടത്. ബുലന്ദ്ഷഹര്‍ പൊലിസ് സ്റ്റേഷനു കീഴിലുള്ള മെഹാ ഗ്രാമത്തില്‍ പശുക്കളുടെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ കലാപം അഴിച്ചുവിടുകയും ഇതു തടയാനെത്തിയ സുബോദിനെ വെടിവച്ചും ആക്രമിച്ചും കൊല്ലുകയുമായിരുന്നു.
ബുലന്ദ്ഷഹറില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടക്കുന്ന സമയത്ത് ഗ്രാമത്തിലെ വയലില്‍ പശുവിന്റെ അവശിഷ്ടം കൊണ്ടിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചന ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാകിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് സുബോദ്കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."