അബ്ദുല്ല യമീന്റെ പരാതി മാലദ്വീപ് കോടതി തള്ളി
മാലെ: സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ പരാതി മാലദ്വീപ് സുപ്രിംകോടതി തള്ളി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃത ഇടപെടലുണ്ടായെന്നും അതില്‍ പൊലിസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുല്ല യമീന്‍ കോടതിയെ സമീപിച്ചത്.
പ്രസിഡന്റിന്റെ ആരോപണത്തിന് യാതൊരു തെളിവും കൊണ്ടുവരാനായിട്ടില്ലെന്ന് പ്രതിപക്ഷ അഭിഭാഷകനായ ഹിസാന്‍ ഹുസൈന്‍ പറഞ്ഞു. ജനവിധിയോടൊപ്പം നിന്ന മുഴുവനാളുകള്‍ക്കും നന്ദി പറയുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ അഹമ്മദ് ശരീഫ് പറഞ്ഞു. പ്രസിഡന്റിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇവരില്‍ നാലു പേര്‍ രാജ്യത്ത് നിന്ന് പലായനം ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെത്തി.
സെപ്റ്റംബര്‍ 23ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഇബ്രാഹീം സ്വാലിഹ് അബ്ദുല്ല യമീനെക്കാള്‍ 16 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം ആദ്യഘട്ടത്തില്‍ അബ്ദുല്ല യമിന്‍ അംഗീകരിച്ചെങ്കിലും പിന്നീട് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ചു, മഷി അപ്രത്യക്ഷമായി തുടുങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
മാലദ്വീപില്‍ ജനതക്ക് ഒടുവില്‍ വ്യക്തതയോടെ സന്തോഷിക്കാമെന്ന് കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇബ്രാഹീം സ്വാലിഹ് പറഞ്ഞു. യമീന്റെ ആരോപണങ്ങള്‍ ആദ്യം മുതുല്‍ ബാലിശമായിരുന്നു. ജനങ്ങളുടെ തീരുമാനം അംഗീകരിച്ച് അധികാര കൈമാറ്റത്തിന് പ്രസിഡന്റ് തയാറാവണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഗൂഢാലോചനയോടെ നിര്‍മിച്ച ആരോപണമാണിതെന്നും കോടതി വിധിയെ പുകഴ്ത്തുകയാണെന്നും ഇബ്രാഹീം സ്വലിഹിന്റെ വക്താവ് മറിയ അഹമ്മദ് ദീദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് അവര്‍ പറഞ്ഞു. കോടതി ഉത്തരവ് പുറത്തുവന്നതോടെ ആഘോഷവുമായി സ്വാലിഹിന്റെ അനുയായികള്‍ തെരുവിലിറങ്ങി. യമീനെ അറസ്റ്റ് ചെയ്യണമെന്നും അനുയായികള്‍ ആവശ്യപ്പെട്ടു. കോടതി വിധി അംഗീകരിക്കുകയാണെന്ന് ഭരണകക്ഷി അംഗമായ അബ്ദുല്ല ഖലീല്‍ പറഞ്ഞു. യാഥാര്‍ഥ്യം അംഗീകരിച്ച് മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധിയെ സ്വാഗതം ചെയ്ത് യു.എസ് രംഗത്തെത്തി. സ്വാലിഹിന്റെ ഭരണവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണെന്നും മാലദ്വീപിലെ യു.എസ് നയതന്ത്രജ്ഞന്‍ റോബര്‍ട്ട് ഹില്‍ട്ടണ്‍ പറഞ്ഞു. മാലദ്വീപിലെ കരുത്തുറ്റ പുതിയ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ കാലാവധി നവംബര്‍ വരെയുള്ളതിനാല്‍ അധികാരത്തില്‍ തുടരാനാണ് അബ്ദുല്ല യമീനിന്റെ തീരുമാനം. പുതിയ പ്രസിഡന്റ് നവംബര്‍ 11ന് അധികാരമേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."