പുത്തുമല ഉരുള്‍പൊട്ടല്‍: മൃതദേഹം സംസ്‌കരിക്കാനൊരുങ്ങവേ ഡി.എന്‍.എ ഫലമെത്തി: കലക്ടര്‍ ഇടപെട്ട് ചടങ്ങ് നിര്‍ത്തിവെപ്പിച്ചു
മേപ്പാടി (വയനാട്): പുത്തുമല ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ18ന് കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. ചൊവ്വാഴ്ച രാവിലെയാണ് പരിശോധന ഫലം ലഭ്യമായത്. മൃതദേഹം പ്രദേശത്ത് കാണാതായ അണ്ണയ്യയുടേതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അവകാശമുന്നയിക്കുകയും മൃതദേഹം സംസ്‌കരിക്കുന്നതിനായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെ മൃതദേഹം ദുരന്തത്തില്‍ കാണാതായ ഗൗരീശങ്കറിന്റേതാണെന്ന് ബന്ധുക്കള്‍ സംശയമുന്നയിച്ച് രംഗത്തെത്തി. സംസ്‌കരിക്കുന്നതിന് മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു ഇത്. ഇതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെപ്പിക്കുകയും മൃതദേഹം അരപ്പറ്റ ഡി.എംവിംസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
ഡി.എന്‍.എ ഫലം വന്നതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.18ന് രാവിലെ ഉരുള്‍പൊട്ടിയിടത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ ഏലവയലില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പ്രദേശത്തെ യുവാക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി നടത്തിവന്ന 18 ദിവസം നീണ്ട തിരച്ചില്‍ ഇതോടെ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതുവരെ 12 പേരുടെ മൃതദേഹമാണ് വിവിധ ദിവസങ്ങളില്‍ നിന്നായി കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."