രാജ്യത്തെ അര്‍ധസൈനിക വിഭാഗങ്ങളില്‍ 61,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ആറ് അര്‍ധസൈനിക വിഭാഗങ്ങളില്‍ 61,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയം.
രാജ്യത്തെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫില്‍ മാത്രം 18,460 ഒഴിവുകളാണ് ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനുള്ള കണക്കാണിത്. ബി.എസ്.എഫില്‍ 10,738 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ശാസ്ത്ര സീമാബെലില്‍(എസ്.എസ്.ബി)യില്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് 18,942 ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അസം റൈഫിള്‍സില്‍ 3,840, സി.ഐ.എസ്.എഫില്‍ 3,812, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്(ഐ.ടി.ബി.പി) സേനയില്‍ 5,786 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ജീവനക്കാരുടെ വിരമിക്കല്‍, രാജിവയ്ക്കല്‍, മരണം തുടങ്ങിയവ കാരണം വരുന്ന ഒഴിവിലേക്ക് നിയമനം നടക്കുന്നില്ല. എന്നാല്‍, ഈ ഒഴിവുകളിലേക്ക് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ നികത്താനാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരിട്ടുള്ള നിയമനം, പ്രമോഷന്‍, ഡെപ്യൂട്ടേഷന്‍ വഴി ഒഴിവുകള്‍ നികത്താനാണ് ആലോചിക്കുന്നത്.
സി.ആര്‍.പി.എഫിനെ മുഖ്യമായും വിന്യസിച്ചിരിക്കുന്നത് ജമ്മു കശ്മിരില്‍ പൊലിസിനെ സഹായിക്കാനും ആഭ്യന്തര സുരക്ഷയ്ക്കുമായാണ്. കൂടാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ, മാവോവാദി സംഘടനക്കെതിരായുള്ള നീക്കം എന്നിവയും സി.ആര്‍.പി.എഫിന്റെ ചുമതലയിലാണ്. ഇന്‍ഡോ-പാക്, ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തികളിലേക്കാണ് ബി.എസ്.എഫിനെ നിയോഗിച്ചിട്ടുള്ളത്. ഇന്‍ഡോ-നേപ്പാള്‍, ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തികളിലാണ് എസ്.എസ്.ബിയെ നിയോഗിച്ചിട്ടുള്ളത്. ഇന്ത്യ-ചൈന അതിര്‍ത്തിയുടെ സുരക്ഷയാണ് ഇന്‍ഡോ-ടിബറ്റന്‍ പൊലിസ് സേനയുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."