ഛത്തിസ്ഗഡില്‍ മന്ത്രി ഉള്‍പ്പെടെ 14 പേര്‍ക്ക് സീറ്റ് നിഷേധിച്ചു; ബി.ജെ.പിയില്‍ കലാപം
റായ്പൂര്‍: ഛത്തിസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വീണ്ടും രമണ്‍സിങിനെ ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയില്‍ രൂപം കൊണ്ട കലാപം നേതൃത്വത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. നിലവില്‍ നിയമസഭാംഗങ്ങളായ 14 പേര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതാണ് കലാപത്തിന് കാരണം. ഇവരില്‍ ഒരാളായ രാംശിലാ സാഹു മന്ത്രിയുമാണ്. നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 77 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ ബി.ജെ.പി പുറത്തുവിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരടങ്ങുന്ന പാര്‍ട്ടിയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഛത്തിസ്ഗഡിന് പുറമെ തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
ഛത്തിസ്ഗഡില്‍ 90 അംഗ നിയമസഭയില്‍ 77 അംഗങ്ങളെയാണ് പ്രാഥമിക പട്ടികയില്‍ പ്രഖ്യാപിച്ചത്. ഇവരില്‍ 14 പേര്‍ സ്ത്രീകളാണ്. നിലവിലെ അംഗങ്ങളായ 14 പേരെ മാറ്റി പകരം പുതിയ സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുകയെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ പറഞ്ഞു.
നിലവിലെ എം.പി വിക്രം ഉസെന്തിയെ ബസ്തര്‍ ജില്ലയിലെ അനന്തഗഡിലും റായ്പൂര്‍ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ഒ.പി ചൗധരി ഖര്‍സെയ്യ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
മന്ത്രി രാംശിലാ സാഹു, യുദ്ധ് വീര്‍ സിങ്, സുനിതാ രാത്തിയ, വിദ്യാരതന്‍ ബാസിന്‍, രാജു ഖാത്രിയ, ബോജ്്‌റാം നാഗ്, നവീന്‍ മാര്‍ക്കണ്ഡേയ എന്നിവരാണ് ടിക്കറ്റ് നിഷേധിക്കപ്പെട്ട പ്രമുഖര്‍.
തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ബി.ജെ.പി പരാജയപ്പെട്ടുവെന്നതിന് തെളിവാണ് പുറത്തിറക്കിയ പട്ടികയിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആര്‍.പി സിങ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 25 സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പോലും ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 12ന് നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മാവോവാദി സ്വാധീന മേഖലയായ ബസ്തറിലെ 18 സീറ്റുകളിലേക്കാണ് മത്സരം നടക്കുക. ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ 17 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തു വിട്ടത്. ഈ മേഖലയില്‍ കോണ്‍ഗ്രസ് 12 സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.
നവംബര്‍ 20നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ഈ മത്സരത്തിനുള്ള 60 സ്ഥാനാര്‍ഥികളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസാകട്ടെ രണ്ടാം ഘട്ട പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 49 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 39 സീറ്റുകളിലും ബി.എസ്.പിയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ വീതം നേടി.
തെലങ്കാനയില്‍ 119 നിയമ സഭാ സീറ്റുകളില്‍ 38 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കി. ഇവരില്‍ അഞ്ചുപേര്‍ നിലവിലെ എം.എല്‍.എമാരാണ്. പട്ടികയില്‍ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പട്ടികജാതി വിഭാഗത്തിലും ആറുപേര്‍ ഗോത്രവര്‍ഗക്കാരുമാണ്. ടി.ആര്‍.എസില്‍ നിന്ന് അടുത്തിടെ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബാബു മോഹന്, അദ്ദേഹം നേരത്തെ മത്സരിച്ച് ജയിച്ച ആന്ദോള്‍ മണ്ഡലം തന്നെയാണ് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന സന്യായി സ്വാമി പരിപൂര്‍ണാനന്ദക്ക് സീറ്റ് നല്‍കിയിട്ടില്ല. മിസോറം നിയമസഭയിലെ 40 അംഗ സീറ്റുകളില്‍ 13 പേരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."