പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാണിക്കില്ല: ചിദംബരം
ചെന്നൈ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനകാര്യമന്ത്രിയുമായ പി. ചിദംബരം.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു നേതാവിനേയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ തയാറല്ല. ആദ്യം മഹാസഖ്യം രൂപീകരിക്കുക, അതിനുശേഷം പ്രധാനമന്ത്രിയെ നിശ്ചയിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബി.ജെ.പിക്കെതിരേ മഹാസഖ്യം രൂപീകരിക്കുകയെന്ന മഹത്തായ ദൗത്യമാണ് കോണ്‍ഗ്രസിന് മുന്‍പിലുള്ളത്. ഇതിനായി സമീപിച്ച സമാന മനസ്‌കരായ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാണിക്കില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ പറയുന്നുണ്ടെങ്കിലും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇടപെടുകയും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റുകയെന്നതാണ് മുന്‍പിലുള്ള പ്രധാന അജണ്ട. പകരം പുരോഗമനപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതും നികുതി ഭീകരതയില്ലാത്തതും സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്നതും കര്‍ഷകരെ സാമൂഹികമായി ഉയര്‍ത്തുന്നതുമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് ലക്ഷ്യം.
കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താല്‍പര്യമുള്ള പ്രാദേശിക പാര്‍ട്ടികളെ മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദേശീയ പാര്‍ട്ടികളുടെ വോട്ടിങ് ശതമാനത്തേക്കാള്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."