ലാലിഗ ഫുട്ബോള്‍ സ്കൂളുകള്‍ക്ക് തുടക്കമായി
തൃശൂര്‍: സ്പെയിനിലെ മുന്‍നിര ഫുട്ബോള്‍ ലീഗായ ലാലിഗയുടെ ഫുട്ബോള്‍ സ്കൂളുകള്‍ ഇനി കേരളത്തിലും. ലുലു കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന് ലാലിഗ ഫുട്ബോള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോക ഫുട്ബോളിലേക്ക് താരങ്ങളെ സംഭാവന ചെയ്യാന്‍ ലാലിഗ സ്കൂളിലെ പരിശീലനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കായികക്ഷമത വളര്‍ത്താനുള്ള സംവിധാനങ്ങളൊരുക്കാന്‍ കേരളത്തില്‍ 700 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ മേയര്‍ അജിത ജയരാജന്, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ലാലിഗ ടെക്നിക്കല്‍ ഡയറക്ടര്‍ ഹാവിയര്‍ കബ്രേറ പങ്കെടുത്തു.
ഇന്ത്യാ ഓണ്‍ ട്രാക്കുമായി സഹകരിച്ച് അടിസ്ഥാന തലത്തില്‍ സമഗ്രമായ ഫുട്ബോള്‍ വികസനത്തിനായി ഇന്ത്യയിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ലാലിഗ ഫുട്ബോള്‍ സ്കൂള്‍. കേരളത്തില്‍ പ്രാദേശിക പങ്കാളിയായ ക്രിയോര്ട്സ് ഫെസിലിറ്റീസ് ആന്‍ഡ് സെന്റേഴ്സ് ആയിരിക്കും ഇതിന് ആതിഥേയത്വം വഹിക്കുക. കേരളത്തിലെ പരിപാടിയുടെ തുടക്കമെന്ന നിലയില്‍ ഈ മാസം 27, 28 തിയതികളില്‍ തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ സൗജന്യ ശില്പശാല നടത്തുമെന്ന് ക്രിയോര്ട്സ് ഡയരക്ടര്‍ സാബിര്‍ അലിക്കുട്ടി പറഞ്ഞു. ലാലിഗ തെരഞ്ഞെടുക്കുന്ന സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി അവരില്‍നിന്ന് മികവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് ലാലിഗ സ്കൂളിലൂടെ പ്രത്യേക പരിശീലനം നല്‍കുകയാണ് ചെയ്യുക. കേരളത്തില്‍ കോഴിക്കോട് മുക്കത്തുള്ള വാദി റഹ്മ സ്കൂളുമായാണ് ഇപ്പോള്‍ ലാലിഗ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. തൃശൂരിലെ പല സ്കൂളുകളുമായി അടുത്ത ദിവസം പരിശീലനത്തിനായി കരാര്‍ ഒപ്പിടും. കേരളത്തിലെ മറ്റു ജില്ലകളിലേക്കും ലാലിഗ ഫുട്ബോള്‍ സ്കൂള്‍ വ്യാപിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ രാജ്യ വ്യാപകമായി 30 സ്കൂളുകളിലും 3,000 വിദ്യാര്‍ഥികളിലും ഈ പരിപാടി എത്തിക്കാനാവുമെന്നാണ് ലാലിഗ പ്രതീക്ഷിക്കുന്നത്.
ലാലിഗയുടെ സാങ്കേതിക പാഠ്യപദ്ധതിയും വിശദമായ പദ്ധതിയും അനുസരിച്ചായിരിക്കും ലാലിഗ ഫുട്ബോള്‍ സ്കൂളുകളിലെ പരിശീലന പരിപാടി.
ഇന്ത്യയ്ക്കു വേണ്ടി ലാലിഗ നിയമിച്ച ടെക്നിക്കല്‍ ഡയരക്ടര്‍ ഹാവിയര്‍ കബ്രേറ പരിപാടിക്കു മേല്‍നോട്ടം വഹിക്കും. ഫുട്ബോളിനോടുള്ള സ്നേഹം കണക്കിലെടുക്കുമ്പോള്‍ കേരളം രാജ്യത്തില്‍ മുന്‍നിരയിലാണെന്ന് ലാലിഗ ഇന്ത്യയുടെ മാനേജിങ് ഡയരക്ടര്‍ ഹോസെ കച്ചാസ പറഞ്ഞു.
തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ലാലിഗാ രീതിയില്‍ ഫുട്ബോള്‍ കളിക്കുവാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി തങ്ങള്‍ തൃശൂരില്‍ ലാലിഗ ഫുട്ബോള്‍ സ്കൂളുകള്‍ അവതരിപ്പിക്കുന്നത് അതീവ ആഹ്ലാദത്തോടെയാണെന്നും അദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."