പുതുക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പിളര്‍ന്നു
പുതുക്കാട്: മണ്ഡലത്തിലെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പിളര്‍ന്നു. ഡി.സി.സി സെക്രട്ടറി ഉള്‍പ്പെടെ 50 പേര്‍ എ ഗ്രൂപ്പില്‍ ചേര്‍ന്നു.
മുന്‍മന്ത്രി പി.പി ജോര്‍ജിന്റെ മരുമകനും ഡി.സി.സി സെക്രട്ടറിയുമായ സെബി കൊടിയന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ഗ്രൂപ്പുമാറ്റം പ്രഖ്യാപിച്ചത്. തൃശൂര്‍ റബര്‍ മാര്‍ക്കറ്റിങ് സംഘം പ്രസിഡന്റ് ജോര്‍ജ് ഇടപ്പിള്ളി, ഡിഫ്രന്റ് ഏബിള്‍ പീപ്പിള്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് പി.പി ചന്ദ്രന്‍, പുതുക്കാട് പഞ്ചായത്തംഗങ്ങളായ ജോളി ചുക്കിരി, സിജു പയ്യപ്പിള്ളി, വല്ലച്ചിറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം യോഹന്നാന്‍ തുടങ്ങിയവര്‍ ഐ ഗ്രൂപ്പ് വിട്ടവരില്‍പെടും. ആമ്പല്ലൂര്‍ ഐ.എന്‍.ടി.യു.സി ഓഫിസിന്റെ പേര്, പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഉടമസ്ഥാവകാശം, എവിഭാഗത്തിന്റെ കൈവശമുള്ള രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എന്നിവയുടെ കാര്യത്തിലാണ് മണ്ഡലത്തില്‍ എ, ഐ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. മണ്ഡലത്തിലെ ഐ വിഭാഗത്തിന്റെ നേതൃത്വം മുതിര്‍ന്ന നേതാവ് എം.പി ഭാസ്‌കരന്‍ നായരാണെങ്കിലും ഡി.സി.സി സെക്രട്ടറി കെ. ഗോപാലകൃഷ്ണന്റെ ഏകാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചാണ് സെബിയും സംഘവും ഗ്രൂപ്പ് വിട്ടത്. സി.എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരോടുള്ള വിയോജിപ്പും പ്രശ്‌നത്തിനു കാരണമായതായറിയുന്നു. ഉമ്മന്‍ ചാണ്ടി, ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എ ഗ്രൂപ്പ് പ്രവേശമെന്ന് സെബി കൊടിയന്‍ അറിയിച്ചു. നിലവില്‍ പുതുക്കാട് മണ്ഡലത്തില്‍ നിന്നുള്ള നാല് ഡി.സി.സി സെക്രട്ടറിമാരില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് രണ്ടു സ്ഥാനങ്ങള്‍ വീതമാണുള്ളത്. ഇപ്പോഴത്തെ ഗ്രൂപ്പ് മാറ്റത്തോടെ എ വിഭാഗത്തില്‍ മൂന്നും ഐ ഗ്രൂപ്പിന് ഒന്നുമായി. ആമ്പല്ലൂരിലെ സൊസൈറ്റി ഡയരക്ടര്‍ ബോര്‍ഡിലേക്കു നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഐ ഗ്രൂപ്പിലെ ആഭ്യന്തര തര്‍ക്കം പുറത്തറിയുന്നത്. പുതുക്കാട് പഞ്ചായത്തില്‍ സ്വാധീനമുള്ള സെബി കൊടിയനും സംഘവും ഗ്രൂപ്പ് മാറിയതോടെ ഫലത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഐ ഗ്രൂപ്പ് പ്രാതിനിധ്യമില്ലാതായി. എന്നാല്‍ താല്‍ക്കാലിക സ്ഥാനമാനങ്ങള്‍ ലാക്കാക്കിയുള്ള ഗ്രൂപ്പ് മാറ്റം ആത്മഹത്യാപരമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. എസ്.എന്‍.ഡി.പി നേതാവും മുന്‍ എം.എല്‍.എ സി.ജി ജനാര്‍ദനന്റെ മകനുമായ സി.ജെ ജനാര്‍ദനനെ കൂടെക്കൂട്ടി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റില്‍ നിന്ന് ജനാര്‍ദനന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."