ക്ഷമയാണു വിശ്വാസം
സത്യത്തിന്റെ പാത എന്നും പ്രയാസരഹിതമല്ല, സഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തില്‍ എല്ലാം സഹിക്കാനും ക്ഷമിക്കാനും കരുത്തില്ലാത്തവര്‍ ജീവിത യാഥാര്‍ഥ്യത്തിന് മുന്നില്‍ കാലിടറി വീഴുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സ്വന്തം ഇഷ്ടത്തിന് അനുകൂല അവസരം വരുമ്പോള്‍ സന്തോഷം കൊണ്ട് മതിമറക്കുകയും ജീവിതത്തില്‍ വല്ല പരീക്ഷണങ്ങളും നേരിടുമ്പോള്‍ പൊറുതികേട് കാണിക്കുകയും ചെയ്യുന്ന രീതിയാണ് ആധുനിക സമൂഹത്തിന്റെത്. എല്ലാം ക്ഷമിച്ചും സഹിച്ചും മുന്നോട്ടുപോവുന്നവര്‍ക്കേ യഥാര്‍ഥ സത്യവിശ്വാസിയാവാന്‍ കഴിയൂ. ജന്മനാടായ മക്ക വിട്ട് പാലായനം ചെയ്തതു സാമ്രാജ്യ, സാമ്പത്തിക, ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിച്ചായിരുന്നില്ല. അതെല്ലാം സ്വന്തം നാട്ടില്‍ അനായാസം നേടിയെടുക്കാന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കു കഴിയുമായിരുന്നു. ജന്മാവകാശവും ജീവിത ലക്ഷ്യവുമായ ഏക ദൈവത്തില്‍ വിശ്വസിച്ച് ആരാധന നിര്‍വഹിക്കാനാണു സകല പരീക്ഷണങ്ങള്‍ക്കു മുന്നിലും അദ്ദേഹം താഴ്ന്നുകൊടുത്തത്.
മാതാവും പിതാവും കണ്‍മുന്നില്‍ പിടഞ്ഞുവീണ് മരണപ്പെടുന്ന രംഗം നേരില്‍ കണ്ടപ്പോഴും വിശ്വാസത്തിനു വേണ്ടി ക്ഷമയോടെ എല്ലാം നോക്കിക്കണ്ടവര്‍ പിന്നീട് അവരെ കൊലപ്പെടുത്തിയ ഘാതകര്‍ ഇസ്‌ലാമിക തീരത്തെത്തിയപ്പോള്‍ കൂടപ്പിറപ്പുകളെ പോലെ ഒന്നിച്ചുനിര്‍ത്തിയത് സഹനമാണ് ഇസ്‌ലാം എന്ന തിരിച്ചറിവ് അവര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ്. ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രചാരണ വീഥിയില്‍ പ്രവാചകന്‍ സഹിക്കേണ്ടി വന്നത് ചെറുതായി കാണാനാവില്ല. എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ നാളെയുടെ സജ്ജനങ്ങളുടെ വാസസ്ഥലമായിരുന്നു സ്വപ്‌നമായി കൂടെ നിര്‍ത്തിയത്. വിജയികളുടെ അടയാളമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് പരസ്പരം ക്ഷമ കൊണ്ടും സത്യം കൊണ്ടും ഉപദേശിക്കുന്നവരെന്നാണ്. പ്രയാസം, രോഗം, മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ വരുമ്പോള്‍ ക്ഷമയോടെ നേരിടല്‍ വിശ്വാസത്തിന്റെ നേര്‍പകുതിയാണെന്ന പ്രവാചക വചനം സ്മരണീയമാണ്. ആദര്‍ശവീഥിയില്‍ മറ്റുള്ളവരുടെ മുന്നില്‍ ഘോരമായി പ്രസംഗിക്കുന്നവര്‍ അല്‍പം താഴ്ന്ന് കൊടുക്കാന്‍ സന്മനസ് കാണിക്കാറില്ല. ചുറ്റുപാടും അഗ്‌നി പരീക്ഷണങ്ങളെ അതിജയിച്ച് ജീവന്‍ പോലും അര്‍പ്പിച്ച് ഇസ്‌ലാമിക പ്രബോധന വീഥികള്‍ നന്മ നിറഞ്ഞതാക്കാന്‍ ക്ഷമയും സഹനവും കൈമുതലാക്കിയ പ്രവാചകാനുചരന്‍മാര്‍ നമുക്ക് പ്രചോദനമാവട്ടെ. പടച്ചവന്റെ അടിമയായി ഉത്തമ വിശ്വാസിയായി മരണപ്പെടാന്‍ ക്ഷമയില്ലെങ്കില്‍ കഴിയില്ല. ദൈവത്തിനു വഴിപ്പെടാനും നിഷിദ്ധമാക്കിയവയെ വെടിയാനും പരീക്ഷണങ്ങളില്‍ കാലിടറാതിരിക്കാനും ക്ഷമ അത്യാവശ്യമാണ്. സുഖലോലുപതയുടെ മടിത്തട്ടില്‍ ഊളിയിട്ടുറങ്ങുന്നവനു സുബ്ഹി ബാങ്കും സമ്പത്തിനെ പൂജിക്കുന്നവനു സക്കാത്തും സന്തോഷം നല്‍കുന്നതല്ല.
ക്ഷമയും വിശ്വാസവും ആര്‍ജിച്ച് മുന്നോട്ടുപോവുന്നവര്‍ക്കു മാത്രമേ ഇത്തരം വഴിപ്പെടലുകളെ പൂമാലയായി സ്വീകരിക്കാന്‍ കഴിയൂ. ലോകം തിന്മയെ മാടിവിളിക്കുകയും സകല തിന്മകളെയും തേന്‍ പുരട്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ തിന്മ വെടിയാന്‍ ചെറിയ ക്ഷമയൊന്നും പോര. ദൈവത്തെ ധിക്കരിക്കന്നവര്‍ക്ക് അളവറ്റ ദുനിയാവ് വാരിക്കൂട്ടുമ്പോള്‍ എല്ലാ സമയത്തും ദൈവത്തോട് അടുത്തു കഴിയുന്നവനു നേരിയ പരീക്ഷണം വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വലിയ ക്ഷമതന്നെ വേണം.
(എസ്.വൈ.എസ് ജില്ലാ ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."