ആനുകൂല്യം ലഭിച്ചില്ല; ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക്
അമ്പലപ്പുഴ: പ്രളയബാധയെ തുടര്‍ന്ന് മത്സ്യസമ്പത്ത് നഷ്ടപെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്.
രണ്ട് മാസക്കാലമായിട്ടും സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ദാരിദ്ര്യം അനുഭവിക്കുന്നത്. പ്രളയം ബാധിച്ചതിനെ തുര്‍ന്ന് കൃഷിയിറക്കിയ മത്സ്യങ്ങള്‍ മുഴുവന്‍ ഒലിച്ച് പോകുകയായിരുന്നു. ആയിരങ്ങളുടെ നഷ്ടങ്ങള്‍ക്ക് പുറമെ വെള്ളകെട്ടില്‍ നിര്‍ത്തിയ പാടങ്ങളും പ്രളയത്തിന് ശേഷം മൂടപെടുകയും ചെയ്തു. പുന്നപ്ര തെക്ക് 4,5,6,8 അമ്പലപ്പുഴ വടക്ക് 4,5 വാര്‍ഡുകളിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കു ഇതൊരു ഇരുട്ടടി ആയി. എന്നാല്‍ പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ആനുകൂല്യം ഇത് വരെ ലഭിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
പാകമായി വിളവെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് മത്സ്യങ്ങളെ പ്രളയം അപഹരിച്ചത്. കരിമീന്‍, കൊഞ്ച് ,വാള, ആഫ്രിക്കന്‍ മുശി തുടങ്ങിയ മത്സ്യങ്ങളെയെല്ലാം പ്രളയം വിഴുങ്ങുകയായിരുന്നു. ഇതോടെ മത്സ്യകൃഷിക്കാരായ തൊഴിലാളികള്‍ക്കു വന്‍ നഷ്ടം സംഭവിച്ചു.
കരിമീന്‍ കിലോ 1 ന് 500 മുതല്‍ 600 രൂപ വരെയാണ് മാര്‍ക്കറ്റ് വില ,കൊഞ്ച് 500 മുതല്‍ 700 വരെയുമാണ്. വീണ്ടും കൃഷി ആരംഭിക്കാന്‍ കുളംകുഴിക്കാനൊ പാടത്ത് വെള്ളകെട്ട് രൂപപെടുത്തണമെങ്കിലൊ ആയിരങ്ങളാണ് വേണ്ടി വരുന്നത്. ഒരു രൂപ പോലും എടുക്കാന്‍ നിര്‍വാഹമില്ലാതെ ഇവര്‍ പട്ടിണിയിലായിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല.
പല കര്‍ഷകരും കെട്ടുതാലി പണയം വെച്ചും പലിശക്ക് പണം കടം വാങ്ങിയുമാണ് കൃഷി ആരംഭിച്ചത്. മത്സ്യം പാകമാകുന്നതിന് അനുസരിച്ച് വില്‍പന നടത്തി വന്നാണ് ഇവര്‍ വായ്പ എടുത്ത പണം തിരിച്ച് നല്‍കിയും വീട്ടിലെ പട്ടിണി മാറ്റുന്നതും.
എന്നാല്‍ പ്രളയത്തോടെ എല്ലാം നഷ്ടമായിട്ടും അധികാരികള്‍ ഇവരെ സഹായിക്കാന്‍ വരാത്ത നടപടി മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടികാണിക്കപെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."