ഫസല്‍ കേസ് അന്വേഷിച്ചത് നാല് ഏജന്‍സികള്‍
തലശ്ശേരി: വിവാദമായ തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ ലോക്കല്‍ പൊലിസും സി. ബി. ഐയും അടക്കമുള്ള നാല് ഏജന്‍സികള്‍ അന്വേഷണം നടത്തിയിട്ടും എത്തിച്ചേര്‍ന്നത് പ്രതിസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകര്‍ ആണെന്ന നിഗമനത്തില്‍. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. കൊടിസുനി അടക്കമുള്ള മൂന്ന് പ്രതികളെ സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ രണ്ട് വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കൊടിസുനിയെക്കൂടാതെ കൊയ്യേരി സജിത്ത്, ജിത്തു എന്ന എം.കെ ജിതേഷ്, കേലേഷ് എന്ന ബാബു, അരൂട്ടി എന്ന അരുള്‍ദാസ് എന്നിവര്‍ അറസ്റ്റിലായി.
കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയു നല്‍കിയ ഹരജിയിലാണു ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെ ഇടതുസര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ 2010 ജൂലൈ ആറിനു കേസ് സി.ബി.ഐക്കു തന്നെ കൈമാറാന്‍ സുപ്രിംകോടതി അന്തിമവിധി പറയുകയുമായിരുന്നു.
ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികളെ തന്നെയാണ് സി.ബി.ഐയും കേസില്‍ അറസ്റ്റുചെയ്തത്. സംഭവസമയം സി.പി.എം തലശ്ശേരി ഏരിയാസെക്രട്ടറിയായിരുന്ന കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഗൂഢാലോചനാ കുറ്റം ചുമത്തി സി.ബി.ഐ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവര്‍ക്ക് അനുമതിയില്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശനവും നിഷേധിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച കാരായിരാജന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും കാരായിചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമായിരുന്നു. എന്നാല്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന സി.ബി.ഐ കോടതി ഉത്തരവ് ഉള്ളതിനാല്‍ ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു.
സി. പി. എം പ്രവര്‍ത്തകന്‍ പാതിരിയാട് മോഹനന്‍ വധക്കേസിന്റെ ചോദ്യംചെയ്യലിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയെ തുടര്‍ന്നാണ് കേസ് വഴിത്തിരിവിലെത്തുന്നത്. ഫസല്‍ വധവും ചിറ്റാരിപ്പറമ്പിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗണപതിയാടന്‍ പവിത്രന്‍ വധവും താനുള്‍പ്പെട്ട സംഘമാണ് നടത്തിയതെന്നായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍.
പവിത്രന്‍ വധക്കേസില്‍ പിടിയിലായത് യഥാര്‍ഥ പ്രതികളല്ലെന്നും സുബീഷ് വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് പവിത്രന്‍ വധക്കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടക്കുകയാണ്. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് വ്യത്യസ്തമായാണ് സുബീഷ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത്. തന്നെ പൊലിസ് മര്‍ദിച്ചാണ് ഇത്തരമൊരു മൊഴിയുണ്ടാക്കിയതെന്നായിരുന്നു സുബീഷ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത്.
ഫസല്‍ വധക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിനാല്‍ സുബീഷിന്റെ മൊഴിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി മൂന്നുമാസം മുന്‍പ് സംസ്ഥാന പൊലിസ് സി.ബി.ഐക്കു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ ഇതു മുഖവിലക്കെടുത്തില്ല. ഫസലിനോടുള്ള രാഷ്ട്രീയവിരോധം കാരണം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ കൊലനടത്തിയെന്നാണു കോടതിയില്‍ സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്.
സുബീഷിന്റെ മൊഴി ചാനലിലൂടെ പുറത്തുവന്നതോടെ ഇതില്‍ നിന്നു വ്യതിചലിക്കാന്‍ സി.ബി.ഐ ഇനി തയാറാവുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സി.ബി.ഐ കേസ് അതിന്റെ വഴിക്കു നീങ്ങുമെന്നും ഫസല്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനോടു പ്രതികരിച്ചു. 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ നാലര മണിക്കാണ് ഫസലിനെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."