കോഴിയിറച്ചി വില കുതിയ്ക്കുന്നു
നെയ്യാറ്റിന്‍കര: പ്രളയാനന്തര കേരളത്തില്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ ദിനംപ്രതി കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ഇറച്ചി കോഴിയുടെ കഴിഞ്ഞദിവസത്തെ വില കിലോയ്ക്ക് 128 മുതല്‍ 138 രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കുന്നത്.
വ്യാപാരികള്‍ തോന്നും വിധം ഏകീകൃതമല്ലാത്ത തരത്തില്‍ ഉപഭോക്താക്കളില്‍ നിന്നും വിലയീടാക്കുന്നതായും ആക്ഷേപം ഉയരുന്നു. വിപണികളില്‍ കിലോ 138 രൂപയ്ക്ക് നല്‍കുന്ന കോഴിയിറച്ചിയ്ക്ക് ഫാമുകളില്‍ കിലോയ്ക്ക് 110 മുതല്‍ 115 രൂപയ്ക്ക് ലഭിക്കുന്നു. എന്നാല്‍ ഇറച്ചി കോഴി കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന വില പലപ്പോഴും ലഭിക്കുന്നില്ല. ലാഭം കൊയ്യുന്നത് ഇടനിലക്കാരും.
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഫാമുകളില്‍ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് കോഴികളാണ് ചത്തൊടുങ്ങിയത്. ആയിരക്കണക്കിന് കോഴികള്‍ ഒഴുകി പോയി. നിരവധി ഫാമുകള്‍ വെള്ളം കയറി തകര്‍ന്നടിയുകയായിരുന്നു. ഇതോടെ കര്‍ഷകര്‍ സജ്ജമാക്കിയിരുന്ന നിരവധി ഷെഡുകള്‍ നശിയ്ക്കുകയും തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാതായതും ആഭ്യന്തര വിപണിയില്‍ വില കുതിച്ച് ഉയരാന്‍ കാരണമായി.
പൊതുവേ വിവാഹങ്ങളും ആഘോഷങ്ങളും കുറഞ്ഞ കന്നിമാസത്തിലെ വിലക്കുറവ് കണക്കിലെടുത്ത് ഇറച്ചി കോഴി കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്‍മാറിയതും ആഭ്യന്തര വിപണിയില്‍ വിലക്കുതിപ്പിന് ഇടയായി മാറി. കേരളത്തില്‍ കൂടുതലായും ഇറച്ചി കോഴിയും കുഞ്ഞുങ്ങളും എത്തിച്ചേരുന്നത് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണ്.
ആഭ്യന്തര വിപണിയില്‍ സ്റ്റോക്കി നെക്കാള്‍ ഉപരി ഉപഭോഗത്തിലുണ്ടായ വര്‍ധനവില്‍ നേട്ടം കൊയ്തത് തമിഴ്‌നാടും കര്‍ണാടകയുമാണ്. തമിഴ്‌നാട്ടിലെ നാമകല്ലില്‍ നിന്നുമാണ് താലൂക്കിലും ജില്ലയിലുടനീളവും കോഴികുഞ്ഞുങ്ങളും കോഴികളും തീറ്റയും എത്തുന്നത്.
ആഭ്യന്തര വിണിയില്‍ എത്തുന്ന ഇറച്ചി കോഴികളില്‍ 60 ശതമാനവും പുറം നാടുകളില്‍ നിന്നു തന്നെയാണ്. നാല്‍പ്പത് ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞത്. ഇതും വില വര്‍ധനവിന് ഒരു പരിധിവരെ കാരണമായി. കോഴി കര്‍ഷകര്‍ക്കു വേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയ കെപ്‌കോ, എം.പി.ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ വേണ്ട തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തും ഇറച്ചി കോഴി വിപണിയിലെ വില നിയന്ത്രിക്കാന്‍ കഴിയാത്തതിന് കാരണമായതായി കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
ദീപാവലി കഴിഞ്ഞ് വൃശ്ചികമാസത്തോടെ കുതിച്ചുയര്‍ന്ന വില സാധാരണ നിലയിലേയ്ക്ക് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."