ആ യാത്രയ്ക്ക് 500 വയസ്
ആദ്യ കാലം
പെഡ്രോ ഡെ മെഗലാസ് - ആല്‍ഡ ഡെ മേസ്‌ക്വിറ്റ ദമ്പതികളുടെ പുത്രനായി 1480 ഫെബ്രുവരി മൂന്നിന് പോര്‍ച്ചുഗല്ലിലെ സബ്രോസയിലെ പ്രഭു കുടുംബത്തിലാണ് മഗല്ലന്റെ ജനനം. ബാല്യകാലത്തു തന്നെ മാതാപിതാക്കളെ നഷ്ടമായ മെഗല്ലന്‍ തന്റെ പന്ത്രണ്ടാം വയസില്‍ പോര്‍ച്ചുഗല്‍ രാജാവായ ജോണ്‍ രണ്ടാമന്റെ പത്‌നി എലിനോര്‍ വൈസുവിന്റെ സ്വകാര്യ സന്ദേശ വാഹകനായി സേവനമനുഷ്ഠിച്ചു തുടങ്ങി.
കൊട്ടാരത്തിലുള്ള ജീവിതം മഗല്ലന്റെ ചിന്തകളെ മാറ്റി മറിച്ചു. ഇന്നത്തെ ഇന്തോനേഷ്യയുടെ ഭാഗമായ സ്‌പൈസ് ഐലന്റിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തെച്ചൊല്ലി പോര്‍ച്ചുഗല്ലും സ്‌പെയിനും തമ്മില്‍ കിട മല്‍സരം നടക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. കൊട്ടാരത്തില്‍വച്ച് ജ്യോതിശാസ്ത്രം,ഭൂപട നിര്‍മാണം, നാവികപരിശീലനം എന്നിവയില്‍ ലഭിച്ച അറിവ് അനന്തമായ കടലുകള്‍ കീഴടക്കുക എന്ന സ്വപ്നം മഗല്ലനില്‍ വളര്‍ത്തി. തന്റെ മുന്‍ ഗാമികളെ പോലെ സമുദ്ര പര്യവേഷണങ്ങളെ അളവറ്റ് സ്‌നേഹിച്ച ജോണ്‍ രണ്ടാമന്റെ കാലത്താണ് ബര്‍ത്തലോമ ഡയസ് എന്ന പ്രമുഖ പോര്‍ച്ചുഗീസ് നാവികന്‍ ആഫ്രിക്കയുടെ തെക്കേ മുനമ്പ് ചുറ്റി സഞ്ചരിച്ച് സഞ്ചാര ചരിത്രത്തില്‍ സ്വന്തമായൊരിടം നേടിയത്. ജോണ്‍ രാജാവിന്റെ പര്യവേഷണ സംഘത്തിലെ അംഗമാകാന്‍ കൊതിച്ച മഗല്ലന്റെ ജീവിതത്തിലേക്ക് ജോണ്‍ രാജാവിന്റെ മരണം കനത്ത ആഘാതമേല്‍പ്പിച്ച് കടന്നു വന്നു. (ഫെര്‍ണാണ്ടോ ഡെ മാഗല്ലാനസ് എന്ന് സ്പാനിഷിലും ഫെര്‍നയോഡോ മാഗല്ലസ് എന്ന് പോര്‍ച്ചുഗീസിലും മഗല്ലന്റെ പേര് ഉച്ചരിക്കപ്പെടുന്നു)
ഇന്ത്യയിലേക്ക്
1495 ല്‍ തന്റെ പതിനഞ്ചാമത്തെ വയസിലായിരുന്നു ജോണ്‍ രാജാവിന്റെ മരണം. ഇതിനു ശേഷം പോര്‍ച്ചുഗല്ലിന്റെ ഭരണ ചക്രം തിരിച്ച മാനുവല്‍ ഒന്നാമനാകട്ടെ മഗല്ലനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്നു. ലോകം ചുറ്റി സഞ്ചരിക്കാന്‍ കൊതിച്ച മഗല്ലന് യുദ്ധസൈന്യത്തില്‍ അണി നിരക്കാനായിരുന്നു മാനുവല്‍ രാജാവ് ഉത്തരവിട്ടത്. അങ്ങനെ ഫ്രാന്‍സിസ്‌കോ അല്‍മെയ്ഡയെന്ന പോര്‍ച്ചുഗീസ് വൈസ്രോയിയുടെ പിന്നില്‍ അണിനിരന്ന് 1505 ല്‍ മഗല്ലന്‍ ഇന്ത്യയിലെത്തി. തുടര്‍ന്നുവന്ന എട്ടു വര്‍ഷക്കാലം അദ്ദേഹം ഇന്ത്യയില്‍ താമസിക്കുകയും കേരളമുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ പോര്‍ച്ചുഗല്ലിനു വേണ്ടി പടപൊരുതുകയും ചെയ്തു.
മലാക്കയും ദുഷ്‌പ്പേരും
പോര്‍ച്ചുഗല്ലിന് നികുതി നല്‍കാന്‍ വിസമ്മതിച്ച ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയുമായി നടന്ന യുദ്ധത്തില്‍ മഗല്ലന്‍ പങ്കാളിയായി. യുദ്ധത്തിനിടെ കാലിനു പരുക്കേല്‍ക്കുകയും ജീവിതകാലം മുഴുവന്‍ പേറിയ ഒരു മുടന്തായി ആ പരുക്ക് മാറുകയും ചെയ്തു. യുദ്ധത്തിലേറ്റ പരുക്കുമായി ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിനു നേരെ മോഷണ ആരോപണം ഉയര്‍ന്നു. പോര്‍ച്ചുഗല്‍ സൈന്യം മൊറോക്കയില്‍നിന്നു പിടിച്ചെടുത്ത സമ്പത്ത് അപഹരിച്ചു എന്നതായിരുന്നു മഗല്ലന്റെ മേല്‍ ചുമത്തിയ കുറ്റം. മൂര്‍ വംശജരുമായി ചേര്‍ന്ന് മഗല്ലന്‍ നടത്തിയെന്നു പറയപ്പെടുന്ന സാമ്പത്തിക അപഹരണത്തില്‍ കഴമ്പില്ലെന്ന് മനസിലാക്കി മഗല്ലനെ വെറുതെവിട്ടെങ്കിലും രാജാവിന് മഗല്ലനോടുണ്ടായിരുന്ന ബന്ധം അതോടെ നഷ്ടമായി.
ആശങ്കകളോടെ
ഒരു യാത്ര
യാത്രയ്ക്കായി മഗല്ലനും സംഘവും കപ്പലുകളില്‍ കയറിയെങ്കിലും ഇതിനകം കടലിലും തീരത്തും കാണാത്ത കൊടുങ്കാറ്റ് കപ്പലിനുള്ളില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ വിട്ട് സ്‌പെയിന്‍ പൗരത്വം സ്വീകരിച്ച മഗല്ലനെ അദ്ദേഹത്തിന്റെ കൂടെ യാത്രയ്‌ക്കൊരുങ്ങിയ സ്‌പെയിന്‍കാരായ സഹനാവികരില്‍ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. അഞ്ചു കപ്പലുകളിലെ മൂന്ന് കപ്പിത്താന്മാര്‍ അദ്ദേഹത്തെ കൊല്ലാന്‍ ഇതിനകം പദ്ധതി തയാറാക്കിയിരുന്നു. മഗല്ലന്‍ ദീര്‍ഘയാത്രയ്ക്ക് സ്വരൂപിച്ച ഭക്ഷ്യവിഭവങ്ങളില്‍ പാതിയും പോര്‍ച്ചുഗല്‍ ചാരന്മാര്‍ നീക്കം ചെയ്ത് യാത്രക്കാരെ പട്ടിണിയിലേക്കു തള്ളിവിടാനുള്ള പദ്ധതി കപ്പല്‍ പുറപ്പെടും മുമ്പേ പൂര്‍ത്തിയായിരുന്നു.
ആദ്യം ദുഷ്‌പ്പേര്
പിന്നെ ഹീറോ
വിക്‌റ്റോറിയ കപ്പല്‍ തിരികെയെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്വീകരണമൊന്നും സംഘാംഗങ്ങള്‍ക്ക് ലഭിച്ചില്ല. മാത്രമല്ല നേരത്തെ മടങ്ങി വന്ന സാന്‍ അന്റോണിയയിലെ യാത്രക്കാര്‍ മഗല്ലനെക്കുറിച്ച് പ്രചരിപ്പിച്ച ദുഷ്പ്രചാരണങ്ങള്‍ സ്‌പെയിന്‍ രാജാവിന്റെ കാതിലെത്തിയതോടെ പ്രജകളില്‍ പലരും മഗല്ലനെ കൊന്നു കളയാന്‍ ആവശ്യപ്പെട്ടു.
മഗല്ലന്‍ മാക്റ്റനില്‍ കൊല്ലപ്പെട്ടില്ലെങ്കില്‍ സ്‌പെയിന്‍ രാജാവ് അദ്ദേഹത്തെ വധിക്കുമായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നീട് മഗല്ലന്റെ മഹത്വം തിരിച്ചറിഞ്ഞ് ലോകം അദ്ദേഹത്തെ ആദരിച്ചു. രണ്ടു ധ്രുവ നക്ഷത്രങ്ങള്‍ക്ക് മഗല്ലന്റെ പേരിട്ട് ജ്യോതിശാസ്ത്രം അദ്ദേഹത്തെ ആദരിക്കുന്നു(മഗല്ലനിക് മേഘങ്ങള്‍). നാസയുടെ 1989 ലെ ശുക്രപര്യവേക്ഷണ പേടകത്തിന് മഗല്ലന്റെ പേരാണുള്ളത്. പ്രൊജക്റ്റ് മഗല്ലനിലൂടെ ലോകം അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു.
ദിശയറിയാത്ത കപ്പല്‍
വേവുന്ന കടല്‍
സ്‌പൈസ് ഐലന്റിനെ (ഇന്നത്തെ മാലുകു ദ്വീപ്) ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്ന മഗല്ലന്റെ കപ്പലുകള്‍ കാനറിദ്വീപുകളിലേക്കാണ് ആദ്യം സഞ്ചരിച്ചത്. ഇതിന്റെ ഭാഗമായി ആറാം ദിവസം കപ്പലുകള്‍ ടെനിറിഫില്‍ ദ്വീപിലടുത്തു. അവിടെനിന്നു വിശ്രമിച്ച് ഭൂമധ്യരേഖയെ ലക്ഷ്യമിട്ട് കപ്പല്‍ യാത്ര തുടര്‍ന്നപ്പോഴേക്കും നിരവധി പ്രതിസന്ധികളെ അവര്‍ക്ക് അതിജീവിക്കേണ്ടി വന്നു. കപ്പലിനുള്ളിലെ നിരന്തര കലാപം, കൊടുങ്കാറ്റ്, പേമാരി, സ്‌കര്‍വി പോലെയുള്ള രോഗം..
മഗല്ലന്‍ ഒന്നിലും അടി പതറിയില്ല. കലാപങ്ങളെ അടിച്ചമര്‍ത്തിയും രോഗങ്ങളെ ചികിത്സിച്ചും കപ്പല്‍ യാത്ര തുടര്‍ന്നു. എണ്‍പത്തഞ്ചാം ദിവസം ബ്രസീലിലെ റിയോഡി ജനിറോയിലെത്തി. അറ്റ്‌ലാന്റിക്കില്‍നിന്നു പസഫിക്കിലേക്ക് തുറക്കുന്ന എല്‍പാസോ എന്ന കടല്‍പ്പാതയെ ലക്ഷ്യമിട്ടായിരുന്നു മഗല്ലന്റെ പിന്നീടുള്ള യാത്ര. ലക്ഷ്യമെത്തിയെന്ന ധാരണയില്‍ മതി മറന്ന മഗല്ലന്‍ എല്‍പാസോയാണെന്ന് തെറ്റിദ്ധരിച്ച് സാന്റിയാഗോ എന്ന കപ്പലിനെ അവിടേക്കയച്ചു. എന്നാല്‍ നിരാശജനകമായ വാര്‍ത്തയായിരുന്നു മഗല്ലനെ എതിരേറ്റത്. എല്‍പാസോ എന്ന ആ സ്വപ്ന കടല്‍പ്പാത കണ്ടെത്താന്‍ അവര്‍ക്കായില്ല. മാത്രമല്ല ടെറാ ഓസ്‌ട്രേലിയസ് എന്ന യൂറോപ്യന്‍ നാവികരുടെ സ്വപ്ന ഭൂമിയും മഗല്ലന് കണ്ടെത്താനായില്ല. (യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരിടം ഇല്ലായിരുന്നു). കപ്പല്‍ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്ന് സഹനാവികര്‍ അഭിപ്രായപ്പെട്ടു തുടങ്ങി. ചിലരാകട്ടെ പാരമ്പര്യമായി നാവികര്‍ പിന്തുടരുന്ന വഴിയിലൂടെ സഞ്ചരിച്ച് സ്‌പൈസ് ഐലന്റിലേക്ക് പോകാമെന്ന തീരുമാനത്തിലേക്കെത്തി. എന്തൊക്കെയായാലും എടുത്ത തീരുമാനത്തില്‍നിന്നു മഗല്ലന്‍ പിന്മാറിയില്ല. തെക്ക് ദിശയില്‍ വളരെ ദൂരം സഞ്ചരിച്ച കപ്പല്‍സംഘത്തിന് മുന്നിലേക്ക് പ്രതീക്ഷിക്കാവുന്നതൊന്നും കടന്നു വന്നില്ല. മാസങ്ങളോളം കടലില്‍ അലഞ്ഞ സംഘം യാത്ര തുടങ്ങി ആറു മാസം പിന്നിട്ടപ്പോള്‍ അര്‍ജന്റീനയുടെ തെക്കുവശത്തുള്ള പോര്‍ട്ട് സാന്‍ ജൂലിയയില്‍ നങ്കൂരമിട്ടു. പിന്നീടു വന്ന ശൈത്യകാലത്തിലെ അനേകം മാസങ്ങള്‍ അവിടെ ചെലവഴിച്ചു.
1520 ജൂലായ് മാസാവസാനം എല്‍പാസോ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെ മഗല്ലന്റെ സംഘത്തിലെ സാന്റിയാഗോ എന്ന കപ്പല്‍ സാന്താക്രൂസ് അഴിമുഖത്തുവച്ച് തകര്‍ന്നു. ശേഷിക്കുന്ന കപ്പലുകളുമായി സാന്താക്രൂസില്‍ മഗല്ലനും സംഘവും വിശ്രമിച്ചു. ശൈത്യകാലാവസാനത്തോടെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി കപ്പലുകള്‍ സഞ്ചരിച്ചു. പിന്നീട് കടലിടുക്കിലൂടെ മഗല്ലനും സംഘവും രണ്ടു മാസങ്ങള്‍ക്ക് ശേഷം പസഫിക്ക് സമുദ്രത്തിലെത്തി. (പസഫിക് സമുദ്രത്തിന് ആ പേര് നല്‍കിയത് മഗല്ലനായിരുന്നു). പസഫിക് സമുദ്രം വഴി സ്‌പൈസ് ഐലന്റിലേക്കെത്താമെന്നും അതിനടുത്തായുള്ള ഫിലിപ്പൈന്‍സ് സ്‌പെയിനിന്റെ ഭാഗമാക്കാമെന്നും മഗല്ലന്‍ വിശ്വസിച്ചു. യാത്ര തുടര്‍ന്നു കൊണ്ടിരിക്കേ കപ്പലില്‍ വീണ്ടും കലാപം ഉയര്‍ന്നു. സംഘത്തിലെ ഏറ്റവും വലിയ കപ്പലായ സാന്‍ അന്റോണിയയിലെ അംഗങ്ങള്‍ സ്‌പെയിനിലേക്കു തിരികെ പോകാന്‍ മുറവിളി കൂട്ടി. മഗല്ലന്റെ ആജ്ഞ അവഗണിച്ച് അവര്‍ കപ്പലിനെ സ്‌പെയിനിലേക്ക് തിരിച്ചുവിട്ടു. അവശേഷിച്ച കപ്പലുകളെ മഗല്ലന്‍ മുന്നോട്ടു നയിച്ചു.യാത്ര തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടപ്പോഴേക്കും കപ്പലുകള്‍ ഫിലിപ്പൈന്‍സ് ദ്വീപ സമൂഹത്തിലെത്തി.
മഗല്ലന്‍ എന്ന സാഹസികന്‍
ദിശയറിയാന്‍ പഴഞ്ചന്‍ സാങ്കേതിക വിദ്യകള്‍, കൃത്യതയില്ലാത്ത ഭൂപടങ്ങള്‍, പഴഞ്ചനായ കപ്പലുകള്‍, നിരന്തരം കലാപത്തിലേര്‍പ്പെടുകയും നേതാവിനെ കൊല്ലാന്‍ പദ്ധതി തയാറാക്കുകയും ചെയ്ത സഹ യാത്രികര്‍, ഭക്ഷണം ദൗര്‍ലഭ്യം, രോഗങ്ങള്‍, കടല്‍ ക്ഷോഭങ്ങള്‍ ഇതൊക്കെയായിരുന്നു മഗല്ലന്റെ യാത്രയിലുടനീളം അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്ന കാര്യങ്ങള്‍. മഗല്ലന്‍ യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന കപ്പലുകള്‍ ഒരു ദിനം പോലും സഞ്ചാരയോഗ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ കപ്പലുകള്‍ വിലയിരുത്തിയ പോര്‍ച്ചുഗല്‍ രാജാവിന്റെ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്. യാത്ര യോഗ്യമല്ലെന്നു പറഞ്ഞ് മഗല്ലന്റെ നാവികര്‍ നശിപ്പിച്ച കപ്പലില്‍ മഗല്ലന്റെ യാത്രവിവരണങ്ങളും ഡയറിക്കുറിപ്പുകളുമുണ്ടായിരുന്നു. ഇത് ലോക ചരിത്രത്തിനുണ്ടായ തീരാനഷ്ടമാണെന്ന് പറയാം. മഗല്ലന്റെ സംഘാംഗവും ഇറ്റാലിയന്‍ സഞ്ചാരസാഹിത്യകാരനുമായ അന്റോണിയൊ പിഗാഫെറ്റയുടെ യാത്രാവിവരണത്തില്‍ നിന്നാണ് മഗല്ലന്റെ യാത്രാവിവരണം ലോകത്തിനു ലഭിക്കുന്നത്.
സ്‌പെയിന്‍ പൗരത്വം
സ്വീകരിക്കുന്നു
സുഗന്ധവ്യാപാരത്തിന് പുതിയ ഇടങ്ങള്‍ ലഭിക്കാനുള്ള നാവിക പര്യവേഷണവുമായി ബന്ധപ്പെട്ട് മഗല്ലന്‍ നിരവധി അഭ്യര്‍ഥനകള്‍ സമര്‍പ്പിച്ചെങ്കിലും മാനുവല്‍ രാജാവ് എല്ലാം തള്ളിക്കളഞ്ഞു. രാജ്യദ്രോഹിയെന്ന ചീത്തപ്പേരിന്റെ പേരില്‍ പലവട്ടം അദ്ദേഹം അപഹാസ്യനായി. ഒടുവില്‍ പോര്‍ച്ചുഗല്‍ വിട്ട് സ്‌പെയിനിലേക്ക് കുടിയേറാന്‍ മഗല്ലന്‍ തീരുമാനിച്ചു. ശത്രു രാജ്യത്തേക്കാണെങ്കിലും രാജാവ് മഗല്ലന് അതിനുള്ള സമ്മതം നല്‍കി. ഇതോടെ 1517 ഒക്ടോബറില്‍ സ്‌പെയിനിലേക്ക് മഗല്ലന്‍ കുടിയേറിപ്പാര്‍ത്തു. വൈകാതെ സെവില്ലെ നഗരത്തിലെ സുഹൃത്ത് ഡിയോഗോ ബാര്‍ബോസയുടെ മകളായ മരിയ കല്‍ഡേറ ബിയാട്രീസ് ബാര്‍ബോസയെ വൈകാതെ വിവാഹം ചെയ്തു. സ്‌പെയിന്‍ രാജ കൊട്ടാരത്തിലെത്തി സുഗന്ധദ്രവ്യങ്ങള്‍ക്കായുള്ള യാത്രാപദ്ധതി അവതരിപ്പിച്ചു. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലുള്ള ആഫ്രിക്കന്‍ മുനമ്പ് ചുറ്റാതെ പടിഞ്ഞാറ് മാര്‍ഗം സഞ്ചരിച്ച് സ്‌പൈസ് ഐലന്റിലേക്കെത്താമെന്നും ഈ യാത്രയിലൂടെ സ്‌പെയിനിന് സാമ്പത്തികമായി നേട്ടം കൊയ്യാനുള്ള വഴികള്‍ തെളിഞ്ഞു വരുമെന്നും രാജാവിനോട് മഗല്ലന്‍ വിശദീകരിച്ചു.
ലോകപ്രശസ്ത സഞ്ചാരിയായ കൊളംബസിന്റെ സഞ്ചാരത്തിന് സാമ്പത്തിക സഹായം നല്‍കിയ സ്‌പെയിന്‍ രാജാവ് ഫെര്‍ഡിനന്റിന്റെ ചെറുമകനായ ചാള്‍സ് ഒന്നാമനായിരുന്നു ആ സമയം സ്‌പെയിന്‍ ഭരിച്ചിരുന്നത്. ആദ്യം അവിശ്വസിച്ചെങ്കിലും മഗല്ലന്റെ യാത്രാപദ്ധതിയെ രാജാവ് പിന്നെ സ്വാഗതം ചെയ്തു. കാരണം ആ കാലഘട്ടത്തില്‍ ഇന്ത്യയിലും സ്‌പൈസസ് ഐലന്‍ഡിലും മാത്രമായിരുന്നു സുഗന്ധദ്രവ്യങ്ങളുണ്ടായിരുന്നത്. ഇന്ത്യയിലെ കച്ചവട കുത്തക പോര്‍ച്ചുഗല്‍ കൈയടക്കിയത് സ്‌പെയിനിനെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു. മഗല്ലന്റെ പദ്ധതിക്ക് കൗമാരക്കാരനായ ചാള്‍സ് രാജാവ് അനുമതി നല്‍കിയതോടെ വര്‍ഷങ്ങളായി കണ്ടിരുന്ന സ്വപ്നം പൂവണിയാന്‍ പോകുന്നുവെന്ന് മഗല്ലന്‍ മനസിലാക്കി. അങ്ങനെ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍നിന്നു പസഫിക്കിലേക്ക് തുറക്കുന്ന ഒരു രഹസ്യകടല്‍പ്പാതയുണ്ടെന്ന വിശ്വാസത്തില്‍ അദ്ദേഹം സുദീര്‍ഘമായൊരു യാത്രയ്ക്ക് കോപ്പു കൂട്ടി. മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളോടെ അഞ്ചു കപ്പലുകളും ഇരുന്നൂറ്റി എഴുപത് തൊഴിലാളികളുമായി 1519 സെപ്റ്റംബര്‍ 20ന് സ്‌പെയിനിലെ സാന്‍ലൂക്കര്‍ തുറമുഖത്തുനിന്നു മഗല്ലന്‍ യാത്ര തിരിച്ചു.
ചരിത്രത്തില്‍
പിന്നീട് നടന്നത്
മഗല്ലന്‍ കൊല്ലപ്പെട്ടതോടെ സംഘം പതറി. ഇതിനിടെ സെബു രാജാവ് രാജാ ഹുമബന്‍ സംഘാംഗങ്ങള്‍ക്ക് നല്ലൊരു വിരുന്നൊരുക്കി. മറ്റൊരു ചതിയായിരുന്നു അവിടെ നടന്നത്. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ത്തിയതിനാല്‍ ശേഷിക്കുന്ന സംഘാംഗങ്ങളില്‍ പലരും കൊല്ലപ്പെട്ടു. രക്ഷപ്പെട്ടവര്‍ കപ്പലില്‍ കയറി അവിടെനിന്നു രക്ഷപ്പെട്ടു. 1521 നവംബറില്‍ സ്‌പൈസ് ഐലന്റിലെത്തിയ അവര്‍ അവിടെനിന്നു സുഗന്ധ ദ്രവ്യങ്ങള്‍ ശേഖരിച്ചു. ഇതിനിടെ ശേഷിക്കുന്ന കപ്പലുകളിലൊന്ന് യാത്രയ്ക്ക് യോഗ്യമല്ലെന്ന കാരണത്താല്‍ സംഘം നശിപ്പിക്കുകയും വിക്ടോറിയ എന്ന കപ്പലില്‍ 1522 സെപ്റ്റംബര്‍ ആറിന് സ്‌പെയിനിലെത്തുകയും ചെയ്തു. യുവാന്‍ എല്‍കാനോയായിരുന്നു കപ്പലിനെ നയിച്ചിരുന്നത്. അഞ്ചു കപ്പലുകളും 270 യാത്രക്കാരുമടങ്ങുന്ന കപ്പലില്‍ ആ സമയം അവശേഷിച്ചിരുന്നത് കേവലം പതിനെട്ടോ പത്തൊമ്പതോ പേര്‍ മാത്രമായിരുന്നു.
കൊടുംവഞ്ചനയും
മഗല്ലന്റെ മരണവും
ഫിലിപ്പൈന്‍സിലെത്തിയ മഗല്ലന്‍ ക്രിസ്തുമത പ്രചാരണത്തിനായി അവിടെയുളള സെബു ദ്വീപില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ചു. സെബു രാജാവായ ഹുമബന്‍, ഡോണ്‍ കാര്‍ലോസ് എന്ന പേരു സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിച്ചു. സെബുവിനെ സ്‌പെയിനിന്റെ കോളനിയാക്കാനുള്ള ശ്രമം ആ രാജ്യത്തെ രാജാവ് സമ്മതിക്കുകയും മഗല്ലനാവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിനിടെ അയല്‍ ദ്വീപായ മാക്റ്റനിലെ രാജാവിന്റെ മതവിശ്വാസ വിസമ്മതവും സ്‌പെയിന്‍ വിരോധവും മഗല്ലന്റെ ചെവിയില്‍ സെബുവിലെ രാജാവെത്തിച്ചു. (സെബുവിലെ രാജാവായ രാജ ഹുമബന് അയല്‍ ദ്വീപായ മാക്റ്റനിലെ ലാപുലാപ് രാജാവിനോടുള്ള പകയായിരുന്നു ആ കെട്ടുകഥയ്ക്ക് പിന്നിലെന്നാണ് പല രേഖകളും പറയുന്നത്.) മത പരിവര്‍ത്തനത്തിന് വിസമ്മതിച്ചതിനാലാണ് മാക്റ്റന്‍ ആക്രമിക്കാന്‍ മഗല്ലനും സംഘവും തീരുമാനിച്ചതെന്നും അതല്ല മാക്റ്റന്‍ രാജാവിന്റെ സ്‌പെയിന്‍ വിരോധമാണെന്നും രണ്ടു പക്ഷം ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. മഗല്ലന്റെ സൈന്യം മാക്റ്റനിലെത്തി അനേകം ഭടന്മാരെ കൊലചെയ്യുകയും ഗ്രാമങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പിന്നീടു നടന്ന പോരാട്ടത്തില്‍ ലാപുലാപുവിന്റെ സൈന്യം മഗല്ലന്റെ സൈന്യത്തെ വളഞ്ഞു. പ്രാണരക്ഷാര്‍ഥം സ്‌പെയിന്‍ ഭടന്മാര്‍ പിന്തിരിഞ്ഞോടി. എന്നാല്‍ മഗല്ലനും ചെറുസംഘവും അവരുമായി ഏറ്റുമുട്ടി. ലോകപ്രസിദ്ധനായ ആ നാവികന്‍ താമസിയാതെ കൊല്ലപ്പെട്ടു. തോല്‍ക്കുമെന്നുറപ്പായിട്ടും ലാപു ലാപുവിന്റെ വന്‍ സൈന്യത്തെ നേരിട്ട് മരണം വരിച്ച ആ നാവികന്റെ മൃതശരീരം മാക്റ്റന്‍ ദ്വീപില്‍ അടക്കം അന്ത്യ വിശ്രമം കൊള്ളുന്നു.
ആ ഒരു കപ്പല്‍
എവിടെ?
പുറപ്പെട്ട അഞ്ചു കപ്പലുകളില്‍ ഒന്ന് സാന്താക്രൂസില്‍ തകര്‍ന്നു.(സാന്റിയാഗോ) ഒരു കപ്പലാകട്ടെ മഗല്ലന്റെ വാക്കു കേള്‍ക്കാതെ സ്‌പെയനിലേക്ക് തിരിച്ചു (സാന്‍ അന്റോണിയോ). ശേഷിക്കുന്ന മൂന്നു കപ്പലുകളിലൊന്ന് യാത്രായോഗ്യമല്ലെന്നു പറഞ്ഞ് നാവികനായ കാര്‍വാലോയുടെ ആജ്ഞപ്രകാരം നശിപ്പിക്കപ്പെട്ടു (കോണ്‍സെപ്‌സിയോണ്‍). പിന്നീട് അവശേഷിച്ചത് രണ്ടു കപ്പലുകളായിരുന്നു. ട്രിനിഡാഡും വിക്‌റ്റോറിയയും. അമിതമായി ചരക്കു കയറ്റിയതിനാല്‍ ട്രിനിഡാഡില്‍ വെള്ളം കയറുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് വിക്‌റ്റോറിയ ആദ്യം സ്‌പൈസ് ദ്വീപില്‍നിന്നു പുറപ്പെടാന്‍ പിന്നീട് നാവിക സ്ഥാനം ഏറ്റെടുത്ത എസ്പിനോസ ആജ്ഞാപിച്ചു. ട്രിനിഡാഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു മടങ്ങുന്ന വഴിയില്‍, പസഫിക്ക് സമുദ്രത്തില്‍ വച്ച് പോര്‍ച്ചുഗീസ് കപ്പല്‍പ്പടയുടെ മുന്നില്‍പ്പെടുകയും ട്രിനിഡാഡും ചരക്കുകളും പിടിച്ചെടുത്ത് യാത്രക്കാരെയെല്ലാം കടല്‍ക്കൊള്ളക്കാരാണെന്ന് ആരോപിച്ച് തൂക്കിലേറ്റുകയുമുണ്ടായി. ഇതിനാല്‍ തന്നെ വിക്‌റ്റോറിയ കപ്പല്‍ മാത്രമാണ് വിജയകരമായി യാത്രകഴിഞ്ഞ് തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."