ഇരുതലമൂരിയെ നല്‍കാമെന്നു പറഞ്ഞ് പണം കവര്‍ന്നു; മൂന്നു പേര്‍ അറസ്റ്റില്‍
കായംകുളം: ഇരുതലമൂരിയെ നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ യുവാവിനെ കബളിപ്പിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്നു പേരെ വള്ളികുന്നം പൊലിസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ചക്കരകിഴക്കതില്‍ ദീപു (26), കായംകുളം പുള്ളികണക്ക് കൊച്ചയ്യത്ത് പടീറ്റതില്‍ അനൂപ് (ജോയി 25), പെരിങ്ങാല കൊക്കാട്ടുകിഴക്കതില്‍ സുല്‍ഫിക്കര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ആലുവ വാഴക്കുളം ആലുങ്കലില്‍ ഷൈജുവാണ് (33) തട്ടിപ്പിനിരയായത്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ഇലിപ്പക്കുളം മങ്ങാരം ജങ്ഷനു പടിഞ്ഞാറ് കട്ടച്ചിറ വയലിലെ കലുങ്കിന് സമീപമായിരുന്നു സംഭവം.
ഇരുതലമൂരിയെ സ്വന്തമാക്കണമെന്ന ഷൈജുവിന്റെ മോഹം മുതലെടുത്ത് പ്രതികള്‍ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ കായംകുളം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഷൈജുവിനെയും സുഹൃത്തിനെയും ബൈക്കില്‍ കയറ്റി കറ്റാനത്തുള്ള ഹോട്ടലിലാണ് ആദ്യം എത്തിയത്. ഇവിടെനിന്നു ഭക്ഷണം കഴിച്ചു. സുഹൃത്തിനെ തന്ത്രപൂര്‍വം ഒഴിവാക്കിയശേഷം ഷൈജുവിനെ ബൈക്കില്‍ കയറ്റി സംഭവ സ്ഥലത്ത് എത്തിച്ചു. ഇതിനിടെ ഇരുതലമൂരിയുടെ ഉടമസ്ഥനെയാണെന്ന വ്യാജേനെ ആരുമായോ പ്രതികള്‍ വീഡിയോകോള്‍ ചെയ്തു. പണം ഉറപ്പുവരുത്താനായി ഫോണിലൂടെ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ പോക്കറ്റില്‍നിന്ന് എടുത്തതോടെ മുഖത്ത് കുരുമുളക് സ്‌പ്രേ തളിച്ച ശേഷം അടിച്ചുവീഴ്ത്തി പണവുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
കറ്റാനത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതികളെ തിരിച്ചറിഞ്ഞ പൊലിസ് നടത്തിയ നീക്കങ്ങളിലൂടെ പ്രതികള്‍ വലയിലായി.86,000 രൂപയും ഇവരില്‍ നിന്നും പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."