കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് രണ്ട് മരണം മരിച്ചത് രണ്ട് പാപ്പാന്‍മാര്‍ രണ്ടുപേര്‍ക്ക് പരുക്ക്
പരവൂര്‍(കൊല്ലം): പുത്തന്‍കുളത്ത് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് പാപ്പാന്‍മാരായ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കല്ലുവാതുക്കല്‍ ഇളംകുളം മുല്ലിച്ചിരഴികം വീട്ടില്‍ (മണിദീപം) രഞ്ജിത്ത്ചന്ദ്രന്‍ (34), തിരുവനന്തപുരം പാങ്ങോട് കുന്നംപാറയില്‍ അമ്പു ഭവനത്തില്‍ മോഹനന്‍പിള്ളയുടെ മകന്‍ അരുണ്‍ലാല്‍ (ചന്തു -32) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഭരതന്നൂര്‍ ചാന്നാങ്കുളത്ത് പുത്തന്‍വീട്ടില്‍ സുധി (23), കിളിമാന്നൂര്‍ പുളിമാത്ത് പുല്ലേല്‍ വീട്ടില്‍ വിഷ്ണു (18) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ബീനാഭവനില്‍ വിനേഷ് (20) അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പുത്തന്‍കുളം ജോയിഭവനില്‍ ഷാജിയുടെ ആനത്താവളത്തില്‍ ജോലി ചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതിരുന്ന ഉണ്ണിനിലയം എന്ന ഓഡിറ്റോറിയത്തിലാണ് പാപ്പാന്‍മാര്‍ താമസിച്ചിരുന്നത്. ഓഡിറ്റോറിയത്തോട് ചേര്‍ന്ന് ഉയരമേറിയ പറമ്പില്‍ ചെങ്കല്ലുകള്‍ അടുക്കിവച്ചിരുന്ന ഭാഗത്തെ ഭിത്തിയാണ് തകര്‍ന്നുവീണത്. മഴയില്‍ മണ്ണ് കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞതോടെ മുകളില്‍ അട്ടിയാക്കി വച്ചിരുന്ന ചെങ്കല്ല് ഭിത്തിയിലേക്ക് പതിക്കുകയും ഭിത്തി തകരുകയുമായിരുന്നു.
രണ്ടുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും കല്ലിനും മണ്ണിനും അടിയില്‍പ്പെട്ട രഞ്ജിത്ത്ചന്ദ്രനെയും അരുണ്‍ലാലിനെയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാവിലെ ഏഴോടെയാണ് പുറത്തെടുക്കാനായത്. ഇടുങ്ങിയ മുറിയും ചെളിക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ദേഹത്തേക്ക് പതിക്കുന്നതായി തോന്നിയ സുധിയും വിനേഷും പെട്ടെന്ന് മാറിയെങ്കിലും സുധിക്ക് പരുക്കേറ്റു. വിഷ്ണുവിന്റെ ദേഹത്തേക്ക് മണ്ണും കല്ലും പതിച്ചെങ്കിലും ഓടിക്കൂടിയവര്‍ രക്ഷപ്പെടുത്തി. പരവൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലിസും കൊല്ലം, പരവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ചാത്തന്നൂര്‍ എ.സി.പി എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."