വിസ്മയമായി ഊരുഭാഷ വായനാ കാര്‍ഡുകള്‍
കല്‍പ്പറ്റ: ആദിവാസി ഭാഷകളില്‍ മേപ്പാടി ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി ഗോത്ര ഭാഷയില്‍ തയാറാക്കിയ വായനാകാര്‍ഡുകള്‍ വിസ്മയമായി.
പണിയഭാഷയിലും കുറുമഭാഷയിലും കാട്ടുനായ്ക്കര്‍ ഭാഷയിലും തച്ചനാടന്‍ മൂപ്പന്‍ ഭാഷയിലും കുറിച്യഭാഷയിലുമുള്ള വായനാകാര്‍ഡുകളാണ് മേപ്പാടി ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രാവീന്ദ്രനാഥ് പ്രകാശനം ചെയ്തത്.
ചെറിയ ക്ലാസുകളില്‍ മാനകഭാഷയിലെഴുതിയ പാഠങ്ങളും പുസ്തകങ്ങളുമാണ് നിലവിലുള്ളത്. ഗോത്രവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് ഭാഷയുടെ പടവുകള്‍ കേറാന്‍ ഇത് തടസ്സമാകുന്നുണ്ട്. ചെറിയ ക്ലാസുകളില്‍ വച്ചുതന്നെ കുട്ടികള്‍ ഇതുകാരണം പിന്നാക്കമാകുന്നവസ്ഥയുണ്ട്. സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തില്‍ നടത്തുന്ന സംസ്ഥാനതല ശില്‍പശാലയിലാണ് ആദിവാസി ഭാഷയില്‍ നൂറോളം വായനാകാര്‍ഡുകള്‍ തയാറായത്. ഭാഷാവൈവിധ്യം ഏറെയുള്ള മേപ്പാടി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഇത് നടപ്പിലാക്കുകയും ക്രമേണ ഇടുക്കി, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി വ്യാപിപ്പിക്കുയും ചെയാനാണ് ലക്ഷ്യം.മേപ്പാടി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ഡോ. ടി.പി കലാധരന്‍, എ.കെ സുരേഷ്‌കുമാര്‍, കെ.പി കൃഷ്ണദാസ്, പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമിതി സി. സീനത്ത്, വിദ്യാഭ്യാസ കര്‍മ സമിതി അംഗം പി.കെ മുഹമ്മദ് ബഷീര്‍, ഡയറ്റ് ഫാക്കല്‍റ്റി സന്തോഷ്, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.എസ് ജയകുമാര്‍ പ്രഥമ അധ്യാപിക പി ലിസ്സി ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."